പ്രസംഗത്തില്‍ സാനിറ്ററി പാഡ്; മോഡിക്ക് പ്രശംസയുമായി നവമാധ്യമങ്ങള്‍

ന്യൂദല്‍ഹി- പൊതുവെ പുരുഷന്മാര്‍ ചര്‍ച്ചകളിലും സംഭാഷണങ്ങളിലും ഒഴിവാക്കാറുളള ആര്‍ത്തവം, സാനിറ്ററി പാഡ് തുടങ്ങിയ പദങ്ങള്‍ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് സമൂഹ മാധ്യമങ്ങളുടെ പ്രശംസ.
74ാം സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി മോഡി ചെങ്കോട്ടയില്‍നിന്ന് തുടര്‍ച്ചയായി നടത്തിയ ഏഴാമത്തെ പ്രസംഗത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന് സ്ത്രീ ശാക്തീകരണമായിരുന്നു.
പെണ്‍മക്കളുടെയും സഹോദരിമാരുടെയും ആരോഗ്യത്തെക്കുറിച്ച് സര്‍ക്കാര്‍ എല്ലായ്‌പ്പോഴും ശ്രദ്ധിക്കുന്നുണ്ടെന്നും 6,000 ജനൗഷധി കേന്ദ്രങ്ങളിലൂടെ അഞ്ച് കോടി സ്ത്രീകള്‍ക്ക് ഒരു രൂപയ്ക്ക് സാനിറ്ററി പാഡുകള്‍ ലഭ്യമാക്കിയെന്നും പെണ്‍കുട്ടികളുടെ വിവാഹത്തിനായി പ്രത്യേക  കമ്മിറ്റികള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും പണം യഥാസമയം ഉപയോഗിക്കാന്‍ കഴിയുമെന്നുമാണ് മോഡി പറഞ്ഞത്. സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ സാനിറ്ററി നാപ്കിനുകളെക്കുറിച്ച് പരാമര്‍ശിച്ച ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയാണ് മോഡിയെന്ന് സമൂഹ മാധ്യമങ്ങളിലെ പ്രശംസാ പോസ്റ്റുകളില്‍ പറയുന്നു.
ആര്‍ത്തവ, സാനിറ്ററി നാപ്കിനുകള്‍ സാധാരണയായി പുരുഷന്മാരുടെ പദാവലിയില്‍ ഇല്ലാത്തതാണെന്നും സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി മോഡി അതേക്കുറിച്ച് സംസാരിച്ചത്  ഇത്തരം വിലക്കുകള്‍ തകര്‍ക്കാന്‍ സഹായകമാകുമെന്നുമാണ് സമൂഹ മാധ്യമങ്ങളിലൂടെ ധാരാളം പേര്‍ അഭിപ്രായപ്പെട്ടത്.
പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗം വേറിട്ടതാണെന്നും  വനിതകളുടേയും യുവജനങ്ങളുടെയും ശാക്തീകരണത്തിനായി പ്രവര്‍ത്തിക്കുന്നവരുടെ വിജയമാണിതെന്നും  പൊതുജനാരോഗ്യ വിദഗ്ധയും പോപ്പുലേഷന്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ പൂനം മുത്രെജ പറഞ്ഞു.
ആര്‍ത്തവ ശുചിത്വ ഉല്‍പന്നങ്ങള്‍ ലഭ്യമാക്കുക, നേരത്തെയുള്ള വിവാഹങ്ങള്‍ തടയുക തുടങ്ങി പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും ശാക്തീകരണത്തില്‍ നിര്‍ണായകമായ വിഷയങ്ങളില്‍ മോഡിയുടെ പ്രസംഗം പ്രോത്സാഹനജനകമാണെന്നും  ഇത് ഇന്ത്യയുടെ ഭാവിയെക്കുറിച്ചുള്ള ഏത് ചര്‍ച്ചയിലും നിര്‍ണായകമാണെന്നും അവര്‍ പറഞ്ഞു.

 

Latest News