Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കാബൂളില്‍ കൊല്ലപ്പെട്ട ചാവേര്‍ തൃക്കരിപ്പൂര്‍ സ്വദേശിയെന്ന് സ്ഥിരീകരണം

ന്യൂദല്‍ഹി- അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ മാര്‍ച്ച് 25 ന് ചാവേര്‍ സ്‌ഫോടനം നടത്തിയവരില്‍ ഒരാള്‍ മലയാളിയാണെന്ന് ദല്‍ഹിയിലെ ദേശീയ ഫോറന്‍സിക് സയന്‍സസ് ലബോറട്ടറിയില്‍ നടത്തിയ പരിശോധനകളില്‍ സ്ഥിരീകരിച്ചു.
കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂര്‍ സ്വദേശി മുഹമ്മദ് മുഹ്‌സിന്‍ ഉള്‍പ്പെട്ടതായി സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ട് ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറിയതായും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
മുഹ്‌സിന്റെ മാതാവ് മൈമൂന അബ്ദുല്ലയുടെ രക്തസാമ്പിളുകള്‍ അഫ്ഗാന്‍ അധികൃതര്‍ ചാവേര്‍ സ്‌ഫോടനം നടന്ന സ്ഥലത്തുനിന്ന് ശേഖരിച്ച അവശിഷ്ടങ്ങളില്‍ നിന്നുള്ള ടിഷ്യുവുമായി പൊരുത്തപ്പെടുന്നതാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്‍.ഐ.എയാണ് മൈമൂനയുടെ രക്തസാമ്പിള്‍ ശേഖരിച്ചിരുന്നത്. അന്വേഷണം നടക്കുന്നതിനാല്‍ എന്‍.ഐ.എ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
1991 ല്‍ തൃക്കരിപ്പൂരില്‍ ജനിച്ച മുഹ്‌സിന്‍ കശ്മീരി നേതാവ് കമാന്‍ഡര്‍ ഐജാസ് അഹാംഗര്‍ അഫ്ഗാനിസ്ഥാനില്‍ സജ്ജമാക്കിയ ഇന്ത്യന്‍ തീവ്രവാദി സംഘത്തിന്റെ ഭാഗമായിരുന്നുവെന്നാണ് കരുതുന്നത്.  27 പേര്‍ കൊല്ലപ്പെട്ട ഗുരുദ്വാര ആക്രമണവുമായി ബന്ധപ്പെട്ട് ഐ.എസ് സോഷ്യല്‍ മീഡിയ ചാനലുകളില്‍ പുറത്തുവിട്ട ഫോട്ടോകളില്‍ മുഹ്്‌സിനും ഉള്‍പ്പെട്ടതായി വ്യക്തമായിരുന്നു.
സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം മലേഷ്യയിലെ ക്വാലാലംപൂരില്‍ ബന്ധുക്കള്‍ നടത്തുന്ന  റെസ്റ്റോറന്റില്‍ ജോലി ചെയ്യാനായി കേരളം വിട്ട മുഹ്്‌സിന്‍ പിന്നീട് ദുബായില്‍ ജോലി കരസ്ഥമാക്കിയിരുന്നു. 2018 ലാണ് അഫ്ഗാനിസ്ഥാനില്‍ പോയി ഭീകര സംഘത്തില്‍ ചേര്‍ന്നത്. ഇയാള്‍ അഫ്ഗാനില്‍ പോയതിനെ കുറിച്ചും ഐജാസിന്റെ  ഗ്രൂപ്പില്‍ ചേര്‍ന്നതിനെ കുറിച്ചും കൂടുതല്‍  വിശദാംശങ്ങള്‍ ലഭിച്ചിരുന്നില്ല. ഏപ്രിലിലാണ് കാബൂള്‍ ഗുരുദ്വാര ആക്രമണവുമായി എന്‍.ഐ.എ കേസ് രജിസ്റ്റര്‍ ചെയ്തത്. രാജ്യത്തിനു പുറത്തു നടക്കുന്ന കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാനും എന്‍.ഐ.എ നിയമത്തില്‍ വരുത്തിയ ഭേദഗതിക്കുശേഷം ആദ്യമായാണ് ഇത്തരമൊരു കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.
അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ ഭീകര ഗ്രൂപ്പില്‍ ചേരുന്നതിന് 2016 ലാണ് കുട്ടികള്‍ ഉള്‍പ്പെടെ 26 മലയാളികള്‍ രാജ്യം വിട്ടത്. അബ്ദുല്‍ റാഷിദ് അബ്ദുല്ലയാണ് ഇവര്‍ക്ക് നേതൃത്വം നല്‍കിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിരുന്നു.  
ഈ മാസം ആദ്യം അഫ്ഗാനിസ്ഥാനിലെ ജലാലാബാദിലെ ജയിലില്‍ നടത്തിയ ഭീകരാക്രമണത്തില്‍  കാസര്‍കോട് ജില്ലയില്‍നിന്നുപോയ ദന്തരോഗവിദഗ്ധന്‍ കല്ലുകെട്ടിയ പുരയില്‍ ഇജാസും കൊല്ലപ്പെട്ടതായി കരുതുന്നു. ജയിലില്‍ നടന്ന ആക്രമണത്തില്‍ 29 പേരാണ് കൊല്ലപ്പെട്ടത്. ഇജാസിന്റെ ഭാര്യ റാഫിലയും  അഞ്ചു വയസ്സായ മകന്‍ അയാനും  കാബൂളിലെ ബദാം ബാഗ് ജയിലില്‍ കഴിയുന്ന എട്ട് ഇന്ത്യന്‍ സ്ത്രീകളോടൊപ്പമുണ്ടെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. കേരളത്തില്‍നിന്നു പോയ തീവ്രവാദികളുടെ ഭാര്യമാരും വിധവകളുമാണ് ഇവര്‍.  
ഇജാസിന്റെ ഇളയ സഹോദരന്‍ ഷിയാസും ഭാര്യ അജ്മലയും  നംഗര്‍ഹാറില്‍ നടന്ന അമേരിക്കന്‍ സൈനിക ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. മുംബൈയില്‍ ഹോട്ടല്‍ നടത്തിയിരുന്നയാളും ഇജാസിന്റെ ബന്ധുവുമായ  അശ്ഫാഖ് പുരയിലിന്   ബോംബ് ആക്രമണത്തില്‍ രക്ഷപ്പെടാന്‍ സാധിച്ചിരുന്നു. ബദാംബാഗ് ജയിലില്‍ കഴിയുന്നവരില്‍ ഇയാളുടെ ഭാര്യ ഷംസിയയും നാലു വയസ്സായ മകള്‍ ആയിഷയും ഉള്‍പ്പെടുന്നു.
അഫ്ഗാനിസ്ഥാന്‍ രഹസ്യാന്വേഷണ വിഭാഗമായ നാഷണല്‍ ഡയറക്ടറേറ്റ് ഫോര്‍ സെക്യൂരിറ്റി (എന്‍.ഡി.എസ്) ഈ വര്‍ഷാദ്യം കാണ്ഡഹാറില്‍ നടത്തിയ റെയ്ഡുകളില്‍ ഭീകര സംഘത്തിന്റെ കമാന്‍ഡര്‍ ഐജാസ് അഹാംഗറിനെ അറസ്റ്റ് ചെയ്തിരുന്നു. ഐ.എസുമായാണ് ബന്ധമെന്നാണ് അഹാംഗറിന്റെ സംഘം അവകാശപ്പെട്ടിരുന്നതെങ്കിലും  യഥാര്‍ഥത്തില്‍ ഇവരെ നിയന്ത്രിച്ചിരുന്നത് താലിബാന്‍ ഘടകമായ ഹഖാനി നെറ്റ്‌വര്‍ക്കാണെന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു.  
ഐജാസ് അഹാംഗറിന്റെ കശ്മീര്‍ സ്വദേശിനിയായ ഭാര്യ റഖ്‌സാന ദര്‍ മക്കളായ സാബിറ, തൂബ എന്നിവരോടൊപ്പം  ബദാംബാഗ് ജയിലിലുണ്ട്.  

 

Latest News