Sorry, you need to enable JavaScript to visit this website.

ദേശീയ മുസ്‌ലിമുമായി എ.പി.അബ്ദുല്ലക്കുട്ടി

കണ്ണൂർ- കേരള രാഷ്ട്രീയത്തിലെ വിവാദപുരുഷൻ എ.പി.അബ്ദുല്ലക്കുട്ടിയുടെ പുതിയ പുസ്തകം തയ്യാറായി. ദേശീയ മുസ് ലിം എന്നാണ് പുസ്തകത്തിന്റെ പേര്.
 ജില്ലാ പഞ്ചായത്ത് അംഗം, എം.പി, എം.എൽ എ തുടങ്ങിയ നിലകളിൽ മൂന്നു പതിറ്റാണ്ടുകളായി കേരള രാഷ്ട്രീയത്തിൽ സജീവമാണ്. എസ്.എഫ്.ഐ യിലൂടെ പൊതു പ്രവർത്തന രംഗത്തെത്തി ഡി.വൈ.എഫ്.ഐ യിലൂടെ സി.പി.എമ്മിലും പിന്നീട് കോൺഗ്രസിലും ബി.ജെ.പിയിലെത്തിയ അബ്ദുല്ലക്കുട്ടി നിലവിൽ ബി.ജെ.പിയുടെ സംസ്ഥാന വൈസ് പ്രസിഡണ്ടാണ്. ഓരോ ഘട്ടത്തിലും ഇദ്ദേഹത്തിന്റെ നിലപാടുകൾ രാഷ്ട്രീയ കേരളം ചർച്ച ചെയ്തതാണ്. സി.പി.എം വിട്ട് കോൺഗ്രസിലെത്തിയപ്പോൾ പ്രസിദ്ധീകരിച്ച 'നിങ്ങളെന്നെ കോൺഗ്രസ്സാക്കി' യാണ് അബ്ദുല്ലക്കുട്ടിയുടെ ആദ്യ രാഷ്ട്രീയ പുസ്തകം.  ഇത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. പിന്നീട്  കുടുംബസമേതം നടത്തിയ മക്കാവോ യാത്രയെക്കുറിച്ചുള്ള പുസ്തകവും ഏറെ ശ്രദ്ധിക്കപ്പെട്ടു.
          പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വികസന സങ്കൽപ്പങ്ങളെ പരസ്യമായി പ്രകീർത്തിച്ചതിനാണ് അബ്ദുല്ലക്കുട്ടി സി.പി.എമ്മിൽ നിന്ന് പുറത്താക്കപ്പെടുന്നത്. പിന്നീട് കോൺഗ്രസിലെത്തി എം.എൽ.എയായി ആ പാർട്ടിയിൽ നിന്നും പുറത്തു പോയതും ഇതേ നിലപാട് ഉയർത്തിയതിനായിരുന്നു. ഇപ്പോൾ നരേന്ദ്ര മോഡി നേതൃത്വം നൽകുന്ന പാർട്ടിയുടെ സംസ്ഥാന ഉപാധ്യക്ഷ പദവിയിലാണ് അബ്ദുല്ലക്കുട്ടി. ബി.ജെ.പിയിൽ അംഗത്വം സ്വീകരിച്ച അബ്ദുല്ലക്കുട്ടി നടത്തിയ പ്രസ്താവനയാണ് ഞാനിപ്പോൾ ദേശീയ മുസ്ലിമായി എന്നത്. ഇതിനെ രാഷ്ട്രീയ എതിരാളികളും ട്രോളർമാരും തുടർച്ചയായി പരിഹസിച്ചിരുന്നു. ഈ പേരാണ് തന്റെ പുതിയ പുസ്തകത്തിനായി അബ്ദുല്ലക്കുട്ടി കരുതിവെച്ചത്. ഉള്ളടക്കത്തെക്കുറിച്ച് പതിവുപോലെ വെളിപ്പെടുത്തലുകൾ അധികമില്ല. എല്ലാം കാത്തിരുന്നു കാണുക എന്ന നിലപാട്.
ദേശീയ മുസ് ലിമിന്റെ പ്രകാശനം ഈ മാസം 20 ന് കോഴിക്കോട്ട് നടക്കും. എഴുത്തുകാരനും മിസോറാം ഗവർണറുമായ അഡ്വ.പി.എസ്.ശ്രീധരൻ പിള്ളയാണ് പ്രകാശനം നിർവഹിക്കുക. ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ അധ്യക്ഷത വഹിക്കും. സംവിധായകനും നടനുമായ ജോയ് മാത്യു, സംഘ പരിവാർ നേതാവ് ഗോപാലൻകുട്ടി മാസ്റ്റർ, സംവിധായകൻ അലി അക്ബർ, പ്രൊഫ. സുമതി ഹരികുമാർ, ഡോ.ശ്രീശൈലം ഉണ്ണികൃഷ്ണൻ എന്നിവർ ആശംസ നേരും. അബ്ദുല്ലക്കുട്ടി നന്ദി പറയും. കോഴിക്കോട്ടെ ഇന്ത്യ ബുക്‌സാണ് പ്രസാധകർ.

 

 

Latest News