Sorry, you need to enable JavaScript to visit this website.
Wednesday , September   30, 2020
Wednesday , September   30, 2020

എങ്ങനെയാണ് മലയാളികൾ പ്രബുദ്ധരാകുന്നത്?

മലയാളികളുടെ കൊട്ടിഘോഷിക്കുന്ന പ്രബുദ്ധതയുടെ യാഥാർത്ഥ്യമെന്താണെന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ നാം കണ്ടുകൊണ്ടിരിക്കുന്നത്. സ്വർണ്ണകള്ളക്കടത്തും ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളെ തുടർന്നുണ്ടായ സംഭവങ്ങളാണ് സൂചിപ്പിക്കുന്നത്.  മാധ്യമങ്ങൾക്കെതിരെ നടക്കുന്ന ആക്രമണങ്ങൾക്കും  സാമൂഹ്യമാധ്യമങ്ങളിലൂടെ നടക്കുന്ന ഹീനമായ വ്യക്തിഹത്യകൾക്കുമാണ് ഈ പ്രബുദ്ധ കേരളം സാക്ഷ്യം വഹിക്കുന്നത്. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഈ വ്യക്തിഹത്യകളുടെ ലിസ്റ്റ് അവതരിപ്പിക്കുന്നതുവരെയെത്തി കാര്യങ്ങൾ. കോവിഡ് കാലത്ത് സർക്കാരിന്റെ തെറ്റെന്നു തോന്നുന്ന നടപടികളെ വിമർശിക്കാമോ എന്ന ലോകമെങ്ങുമുയരുന്ന കാതലായ ചോദ്യത്തിൽനിന്നാണ് ഈ സംഭവവികാസങ്ങളുടെ ആരംഭം. ദുരന്തങ്ങളുടെ കാലം ഏതു ഭരണാധികാരികളും തങ്ങളുടെ താൽപ്പര്യങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുമെന്നതിൽ സംശയമില്ല. ആഗോളതലത്തിലും ദേശീയതലത്തിലും കേരളത്തിലും അതിനൊരുപാട് ഉദാഹരണങ്ങളുണ്ട്. അതിനാൽ തന്നെ ചോദ്യങ്ങൾ ഉന്നയിക്കാനും സുരക്ഷാനടപടികൾക്കുള്ളിൽ നിന്ന് പ്രതിഷേധിക്കാനും ഏതൊരു പൗരനും അവകാശമുണ്ട്. ചോദ്യങ്ങൾ ഉന്നയിക്കാനും വസ്തുതകൾ പുറത്തുകൊണ്ടുവരാനും മാധ്യമങ്ങൾക്കും ഉത്തരവാദിത്തമുണ്ട്. കേരളത്തിൽ തന്നെ അത്തരം പ്രതിഷേധത്തിലൂടെ പല നടപടികളും സർക്കാർ തിരുത്തിയിട്ടുമുണ്ട്. കോവിഡ് പ്രതിരോധത്തിൽ പോലീസിന് അമിതാധികാരം നൽകിയ ഉത്തരവ് തിരുത്തിയത് അവസാന ഉദാഹരണം. 


മാധ്യമപ്രവർത്തകർ സ്വർണ്ണക്കടത്തും ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിച്ചതോടെയാണ് ഈ സംഭവങ്ങൾ രൂക്ഷമായത്. അതു ചോദിക്കൽ മാധ്യമങ്ങളുടെ ഉത്തരവാദിത്തമല്ലേ? സ്വർണ്ണക്കടത്ത് കുറെ ചർച്ച ചെയ്തല്ലോ. കേസിൽ പ്രതിസ്ഥാനത്തു നിൽക്കുന്ന സ്വപ്‌ന സുരേഷിനു അധികാര ഇടനാഴിയിലുള്ള ബന്ധം ചൂണ്ടിക്കാട്ടിയാണ് കോടതി അവർക്ക് ജാമ്യം നിഷേധിച്ചിരിക്കുന്നത്. അവർ തന്നെയാണ് സർക്കാരിന്റെ സ്വപ്‌നപദ്ധതിയെന്നു പറയപ്പെടുന്ന ലൈഫിൽനിന്ന് ഒരു കോടി കമ്മീഷൻ പറ്റിയിരിക്കുന്നത്.  സ്വപ്‌നത്തിനു തുല്യമായ തുക. കൊടുത്തവരും വാങ്ങിയവരും അതു സമ്മതിച്ചു. പിച്ചച്ചട്ടിയിൽ കയ്യിട്ടുവാരുക എന്ന ചൊല്ലാണ് ഓർമ്മവരുന്നത്.  എന്നാൽ സാങ്കേതികമായ വാദം ഉന്നയിച്ച്, സർക്കാരിനു ഉത്തരവാദിത്തമില്ല എന്ന വാദമാണ് മുഖ്യമന്ത്രിയടക്കം ഉന്നയിക്കുന്നത്. ഇതേ കുറിച്ചുള്ള ചോദ്യങ്ങൾ ചോദിച്ചതിന്റെ പേരിലാണ് മാധ്യമപ്രവർത്തകർക്കുനേരെ സംഘടിതമായ ആക്രമണം ആരംഭിച്ചത്. ഒരു മാധ്യമപ്രവർത്തകക്ക് സംഭവിച്ച നാക്കുപിഴ അതിനു നിമിത്തമാകുകയായിരുന്നു. 
ജനാധിപത്യ സംവിധാനത്തിൽ ഭരണകൂടത്തിന്റെ നടപടികൾ നിരന്തരമായി നിരീക്ഷിക്കുകയും ആവശ്യമെങ്കിൽ ഇടപെടുകയും ചെയ്യുക എന്നത് ഏതൊരു പൗരന്റേയും കടമയാണ്. പ്രതിപക്ഷത്തിനും മാധ്യമങ്ങൾക്കും അതിൽ കൂടുതൽ ഉത്തരവാദിത്തമുണ്ട്. സർക്കാരിന് കയ്യടിക്കലല്ല


, വിരൽ ചൂണ്ടലാണ് മാധ്യമങ്ങളുടെ പ്രാഥമിക കടമ. അതവർ ചെയ്യുന്നുണ്ടോ എന്നത് പരിശോധിക്കേണ്ടതുതന്നെയാണ്. ഏതൊരു മേഖലയിലുമുള്ള ജീർണ്ണത, ഒരുപക്ഷെ വളരെ കൂടുതലായി മാധ്യമമേഖലയിലും ഉണ്ട്. എന്നാൽ എപ്പോഴെല്ലാം മാധ്യമങ്ങൾ ജനാധിപത്യത്തിന്റെ നാലാംതൂണെന്ന സങ്കൽപ്പത്തെ അന്വർത്ഥമാക്കി സർക്കാരിനെതിരെ വിരൽ ചൂണ്ടിയിട്ടുണ്ടോ, അപ്പോഴെല്ലാം അവർ ആക്രമിക്കപ്പെട്ടിട്ടുമുണ്ട്. ചൈനയിലെ ഏകാധിപത്യ ഭരണകൂടത്തിന്റെ  വിമർശകനായ മാധ്യമപ്രമുഖൻ  ജിമ്മി ലായിയെ ഹോങ്കോങ്ങിന്റെ ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റുചെയ്തതും പോയ വാരത്തിലായിരുന്നല്ലോ. അടിയന്തരാവസ്ഥ കാലത്ത് ഇന്ത്യയിൽ നടന്ന മാധ്യമവേട്ടയും മറക്കാറായിട്ടില്ല. ഒരു ഭരണകൂടത്തിന്റെ ജനാധിപത്യ സങ്കൽപ്പം തന്നെയാണ് മാധ്യമങ്ങളോടുള്ള സമീപനത്തിൽനിന്നു പ്രകടമാകുക. തനിക്കിഷ്ടമില്ലാത്ത ചോദ്യങ്ങൾ ചോദിക്കുന്നവരോട് മുഖ്യമന്ത്രിയുടെ പ്രതികരണം എല്ലാ മലയാളികളും കണ്ടല്ലോ. അതിന്റെ സന്ദേശം മനസ്സിലാക്കിയായിരുന്നു അണികൾ സൈബർ ആക്രമണം ശക്തമാക്കിയത്. തുടർന്നായിരുന്നു സമീപകാലത്തൊന്നും കേരളം കാണാത്ത രീതിയിൽ അപമാനകരമായ മുഖ്യമന്ത്രിയുടേയും പ്രതിപക്ഷ നേതാവിന്റേയും പത്രസമ്മേളനങ്ങൾ കേരളം കണ്ടത്. ഇരുവരും മറുപക്ഷം നടത്തിയ വ്യക്തിഹത്യകളുടെ ലിസ്റ്റ് അവതരിപ്പിക്കുകയായിരുന്നു. അതിഭയാനകമായി ഉന്മൂലനം ചെയ്യപ്പെട്ട ടി.പി ചന്ദ്രശേഖരന്റെ ജീവിതപങ്കാളിയും രാഷ്ട്രീയനേതാവുമായ കെ. കെ രമ മുഖ്യമന്ത്രിയുടെ ലിസ്റ്റിൽ വന്നില്ല. ജീവിതത്തോട് പടവെട്ടുന്ന ഹനാൻ എന്ന പെൺകുട്ടി പ്രതിപക്ഷ നേതാവിന്റെ ലിസ്റ്റിലും വന്നില്ല. ഇക്കാര്യത്തിൽ ഇവരെയെല്ലാം കടത്തിവെട്ടുന്നവരുടെ നേതാവായ കെ. സുരേന്ദ്രനും പത്രസമ്മേളനം നടത്തുന്നതു കണ്ടു. അതിനിടെ ഇടക്കിടെ പ്രയോഗിക്കുന്ന വിമോചനസമരമെന്ന തുറുപ്പുചീട്ടും പ്രയോഗിക്കുന്നതു കേട്ടു.


സോഷ്യൽ മീഡിയയിലൂടെയുള്ള വ്യക്തിഹത്യ കേരളത്തിൽ നിരന്തരമായി ആവർത്തിക്കുന്നു. മിക്കവാറും എല്ലാ വിഭാഗങ്ങളും അതിൽ പങ്കാളികളുമാണ്. രാഷ്ട്രീയക്കാരും മാധ്യമപ്രവർത്തകരും മാത്രമല്ല, എല്ലാ മേഖലകളിലുള്ളവരും ആക്രമിക്കപ്പെടുന്നു. സ്ത്രീകൾക്കെതിരാണെങ്കിൽ അതിനു മൂർച്ചകൂടും. ഈ ആക്രമണങ്ങളിൽ ലിംഗ, ജാതി, വർണ്ണ വിവേചനങ്ങളെല്ലാം ശക്തമാണ്. 
ഭരണകൂടത്തിന്റെ തെറ്റായ നയങ്ങൾക്കെതിരെ മാത്രമല്ല, സമൂഹത്തിലെ ഏത് അനീതിക്കെതിരേയും വിരൽതുമ്പുകൊണ്ട് പ്രതികരിക്കാൻ ആർക്കും കഴിയുന്ന ഒന്നാണല്ലോ സോഷ്യൽ മീഡിയ. അതാകട്ടെ ജനാധിപത്യത്തിന്റെ വികാസവുമാണ്. പലർക്കും ഇത് ഇന്ന് പേടിസ്വപ്‌നമാണ്. മുഖ്യധാരാ മാധ്യമങ്ങളുടെ അജണ്ടപോലും സോഷ്യൽ മീഡിയ നിശ്ചയിക്കുന്ന കാലമാണ്. എന്നാൽ ഇത്തരം അനാരോഗ്യകരമായ പ്രവണതകൾ നശിപ്പിക്കുന്നത് ഈ മീഡിയയുടെ കരുത്താണ്. സോഷ്യൽ മീഡിയയെ കൈപിടിയിലൊതുക്കാൻ ശ്രമിക്കുന്ന ഫാസിസ്റ്റ് ശക്തികൾക്ക് ഫലത്തിൽ ഒത്താശയാണ് ഇതുവഴി ചെയ്യുന്നത്. 


തുടക്കത്തിൽ പറഞ്ഞപോലെ എല്ലാ മേഖലയിലുമുള്ള ജീർണ്ണതകൾ മാധ്യമരംഗത്തുമുണ്ട്. ഈ ചർച്ചകളിൽ പഴയ ചാരക്കേസ് കുത്തിപ്പൊക്കുന്നതു കണ്ടു. ചാരക്കേസ് ഊതിയുണ്ടാക്കിയതിൽ കേരളത്തിലെ മിക്കവാറും മാധ്യമങ്ങൾ ഉത്തരവാദികളാണെന്നതാണ് യാഥാർത്ഥ്യം. മനോരമയും ദേശാഭിമാനിയും അക്കാര്യത്തിൽ മത്സരിക്കുകയായിരുന്നു. തങ്ങളാണ് കുത്തിപ്പൊക്കിയതെന്ന് ഇരുകൂട്ടരും അഭിമാനിച്ചിട്ടുണ്ട്. ഐസ്‌ക്രീം പെൺവാണിഭകാലത്തും സോളാർ കാലത്തുമൊക്കെ വളരെ മോശമായ രീതിയിലായിരുന്നു പല മാധ്യമങ്ങളും ഇടപെട്ടത്. ഈ സംഭവങ്ങളിലെ ലൈംഗികതയായിരുന്നു ഊതിവീർപ്പിക്കപ്പെട്ടത്. തീർച്ചയായും ജനങ്ങൾ ആഗ്രഹിക്കുന്നതാണ് അവർ നൽകിയതെന്നതിൽ സംശയമില്ല. പക്ഷെ അങ്ങനെയെങ്കിൽ നാലാം തൂണെന്ന പ്രയോഗത്തിൽ അർത്ഥമില്ലെന്നുമാത്രം. അതേസമയം മാധ്യമമേഖലയിലെ ജീർണതകളെ നേരിടേണ്ടത് ഇത്തരത്തിലുള്ള സംഘടിതമായ ആക്രമണത്തിലൂടെയല്ല. ആവശ്യമെങ്കിൽ നിയമനടപടികളാണ് സ്വീകരിക്കേണ്ടത്. അല്ലാത്തപക്ഷം എല്ലാ മാധ്യമങ്ങളുടേയും വായടക്കാൻ കാത്തിരിക്കുന്ന ഫാസിസ്റ്റ് ശക്തികൾക്ക് കുടപിടിച്ചുകൊടുക്കുകയായിരിക്കും നാം ചെയ്യുന്നത്. അതല്ല ഒരു പ്രബുദ്ധസമൂഹത്തിൽനിന്ന് ആരും പ്രതീക്ഷിക്കുക.