Sorry, you need to enable JavaScript to visit this website.

ഇസ്രായിൽ-യു.എ.ഇ കരാർ തള്ളി ഫലസ്തീൻ അതോറിറ്റി, എല്ലാ കണ്ണുകളും സൗദി അറേബ്യയിൽ


റിയാദ്/അബുദാബി- ഇസ്രായിലുമായി പൂർണതോതിൽ ബന്ധം സ്ഥാപിക്കാനുള്ള യു.എ.ഇയുടെ തീരുമാനത്തിൽ സമ്മിശ്രപ്രതികരണം. അമേരിക്കയും യൂറോപ്യൻ യൂനിയനും നീക്കത്തെ ഹാർദമായി സ്വാഗതം ചെയ്തപ്പോൾ ഗൾഫ് മേഖലയിലെ ഏറ്റവും ശക്തമായ രാഷ്ട്രമായ സൗദി അറേബ്യ പ്രതികരിച്ചിട്ടില്ല. കരാർ ഫലസ്തീൻ അതോറിറ്റി തള്ളി. തുർക്കി, ഇറാൻ തുടങ്ങിയ രാജ്യങ്ങളും കരാറിനെ ശക്തമായി വിമർശിച്ചു.
ഫലസ്തീൻ അതോറിറ്റി യു.എ.ഇയിൽനിന്ന് അംബാസഡറെ പിൻവലിക്കുമെന്ന് അറിയിച്ചിരിക്കുകയാണ്. തുർക്കിയും സമാനമായ നീക്കത്തിലാണ്. അതേസമയം, ഒമാൻ, ബഹ്‌റൈൻ തുടങ്ങിയ ജി.സി.സി രാജ്യങ്ങൾ യു.എ.ഇയുടെ നീക്കത്തെ ശക്തമായി പിന്തുണച്ചു. കരാറിനെ പിന്തുണക്കുന്നതായി ഇന്ത്യയും അറിയിച്ചു.


ചരിത്രപരമായ കരാർ എന്ന് വിശേഷിപ്പിക്കപ്പെട്ട ഇസ്രായിൽ-യു.എ.ഇ കരാർ പ്രഖ്യാപിക്കപ്പെട്ട് രണ്ടാം ദിവസം തന്നെ കരാറിലെ ഒരു സുപ്രധാന വ്യവസ്ഥയിൽ വെള്ളം ചേർത്ത് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രസ്താവനയിറക്കിയതും സംശയത്തിനിട നൽകി. വെസ്റ്റ് ബാങ്ക് പ്രദേശങ്ങളിൽ കുടിയേറ്റം നിർത്തിവെക്കുമെന്നല്ല, താൽക്കാലികമായി നിർത്തിവെക്കുമെന്നാണ് പറഞ്ഞതെന്നാണ് നെതന്യാഹുവിന്റെ വിശദീകരണം. തങ്ങളുടെ പ്രദേശങ്ങൾ വിട്ടുനൽകാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. താൽക്കാലികമായി നിർത്തിവെക്കണമെന്ന് മാത്രമാണ് കരാറിന് അടിസ്ഥാനമായി യു.എ.ഇ ആവശ്യപ്പെട്ടതെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും സ്ഥിരീകരിച്ചു. 


ഇസ്രായിൽ-യു.എ.ഇ കരാറിൽ കടുത്ത പ്രതിഷേധമാണ് ഫലസ്തീൻ അതോറിറ്റി പ്രകടിപ്പിച്ചത്. കരാർ ഒരുനിലക്കും സ്വീകാര്യമല്ലെന്നും തങ്ങളെ പ്രതിനിധീകരിച്ച് സംസാരിക്കാൻ യു.എ.ഇക്കെന്നല്ല, ലോകത്ത് ഒരു രാജ്യത്തിനും നേതാവിനും അവകാശമില്ലെന്നും ഫലസ്തീൻ അതോറിറ്റി പറഞ്ഞു. ഇസ്രായിലുമായി സാധാരണ ബന്ധം സ്ഥാപിക്കാനുള്ള കരാറിൽനിന്ന് പിൻവാങ്ങണമെന്ന് യു.എ.ഇയോട് അവർ ആവശ്യപ്പെട്ടു. യു.എ.ഇയിലെ തങ്ങളുടെ അംബാസഡറെ തിരിച്ചുവിളിച്ചതായി ഫലസ്തീൻ വിദേശ മന്ത്രാലയവും അറിയിച്ചു. 


ഫലസ്തീനിലെ അധിനിവേശം കൂടുതൽ ഊട്ടിയുറപ്പിക്കാനും ജറൂസലം നഗരമടക്കമുള്ള ഫലസ്തീൻ പ്രദേശങ്ങൾ ഇസ്രായിലിൽ കൂട്ടിച്ചേർക്കാനുമുള്ള പിടിവാശിയും ഇസ്രായിൽ തുടരുകയാണെന്ന് ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പറഞ്ഞു. മസ്ജിദുൽ അഖ്‌സ അടക്കമുള്ള വിശുദ്ധ കേന്ദ്രങ്ങളുടെ പവിത്രത ഹനിക്കുന്നതും ഇസ്രായിൽ തുടരുകയാണ്. ഫലസ്തീൻ പ്രദേശങ്ങൾ ഇസ്രായിലിൽ കൂട്ടിച്ചേർക്കുന്നത് താൽക്കാലികമായി നിർത്തിവെക്കുമെന്ന ഉറപ്പിന്റെ പേരിൽ യു.എ.ഇയും ഇസ്രായിലും തമ്മിൽ പൂർണ തോതിൽ സാധാരണ ബന്ധം സ്ഥാപിക്കുന്നതിനെക്കുറിച്ച അമേരിക്ക, ഇസ്രായിൽ, യു.എ.ഇ സംയുക്ത പ്രസ്താവന നിരാകരിക്കുന്നതായും ശക്തമായി അപലപിക്കുന്നതായും മഹ്മൂദ് അബ്ബാസിന്റെ അധ്യക്ഷതയിൽ ചേർന്ന ഫലസ്തീൻ അതോറിറ്റിയുടെ അടിയന്തര യോഗത്തിനുശേഷം പുറത്തിറക്കിയ പ്രസ്താവന പറഞ്ഞു. 


സൗദി അറേബ്യയുടെ നേതൃത്വത്തിൽ നടന്ന അറബ് സമാധാന പദ്ധതിക്കും അറബ്, ഒ.ഐ.സി ഉച്ചകോടി തീരുമാനങ്ങൾക്കും അന്താരാഷ്ട്ര നിയമങ്ങൾക്കും തുരങ്കം വെക്കലും ഫലസ്തീനികൾക്കെതിരായ ആക്രമണവുമാണ് യു.എ.ഇയുടെ ഈ നടപടി. 1967 ജൂൺ നാലിലെ അതിർത്തിയിൽ സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കൽ അടക്കം ഫലസ്തീനികളുടെ അവകാശങ്ങൾ അവഗണിക്കലുമാണിത്. 
ജറൂസലമിനും മസ്ജിദുൽ അഖ്‌സക്കും ഫലസ്തീൻ പ്രശ്‌നത്തിനുമെതിരായ വഞ്ചനയും ഇസ്രായിലിന്റെ തലസ്ഥാനമെന്നോണം ജറൂസലം നഗരത്തെ അംഗീകരിക്കലുമാണ് യു.എ.ഇയുടെ ഭാഗത്തു നിന്നുണ്ടായത്. നിന്ദ്യമായ ഈ പ്രഖ്യാപനത്തിൽനിന്ന് യു.എ.ഇ ഉടനടി പിൻവാങ്ങണം. ത്രികക്ഷി പ്രഖ്യാപനം നിരാകരിക്കുന്നതിന് അറബ് ലീഗും ഒ.ഐ.സിയും അടിയന്തര യോഗം ചേരണമെന്നും ഫലസ്തീൻ അതോറിറ്റി ആവശ്യപ്പെട്ടു. ത്രികക്ഷി കരാറിനെ ഹമാസും നിരാകരിച്ചു. 


വെസ്റ്റ് ബാങ്കിലെ കൂടുതൽ പ്രദേശങ്ങൾ ഇസ്രായിലിൽ കൂട്ടിച്ചേർക്കുന്നത് താൽക്കാലികമായി നിർത്തിവെക്കാൻ മാത്രമാണ് ഇസ്രായിൽ സമ്മതിച്ചതെന്നും കരാർ ഒപ്പുവെക്കാൻ യു.എ.ഇ മുന്നോട്ടുവെച്ച ഉപാധി ഇതാണെന്നും വൈറ്റ്ഹൗസിലെ മുതിർന്ന വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. എന്നാൽ, കൂടുതൽ ഫലസ്തീൻ പ്രദേശങ്ങൾ ഇസ്രായിലിൽ കൂട്ടിച്ചേർക്കുന്നത് റദ്ദാക്കുന്നതിന് പകരമാണ് കരാറെന്ന് യു.എ.ഇയുമായി അടുത്ത മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെസ്റ്റ് ബാങ്ക് പ്രദേശങ്ങളിൽ ഇസ്രായിൽ പരമാധികാരം സ്ഥാപിക്കുന്നതിനുള്ള പദ്ധതി നടപ്പാക്കാൻ ഇസ്രായിൽ ഇപ്പോഴും പൂർണമായും പ്രതിജ്ഞാബദ്ധമാണെന്ന് ഉയർന്ന നയതന്ത്ര വൃത്തങ്ങളെ ഉദ്ധരിച്ച് ഇസ്രായിൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

 

Tags

Latest News