റിയാദ് - സാധാരണബന്ധം സ്ഥാപിക്കാനുള്ള യു.എ.ഇ-ഇസ്രായിൽ ധാരണയെ പിന്തുണക്കുന്നതായി ഒമാനും ബഹ്‌റൈനും അറിയിച്ചു. അമേരിക്കയും ഇസ്രായിലും യു.എ.ഇയും തമ്മിലുണ്ടാക്കിയ ധാരണ ചരിത്രപരമാണെന്ന് ഒമാൻ വിശേഷിപ്പിച്ചു.
അമേരിക്കയും ഇസ്രായിലും യു.എ.ഇയും നടത്തിയ സംയുക്ത ചരിത്ര പ്രഖ്യാപനത്തിന്റെ ചട്ടക്കൂടിനുള്ളിൽ ഇസ്രായിലുമായി ബന്ധം സ്ഥാപിക്കുന്ന കാര്യത്തിൽ യു.എ.ഇയുടെ തീരുമാനത്തെ പിന്തുണക്കുന്നതായി ഒമാൻ വിദേശ മന്ത്രാലയ വക്താവ് പറഞ്ഞു. മേഖലയിലെ ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്ന വിധത്തിൽ യു.എ.ഇ, ഇസ്രായിൽ ബന്ധം പശ്ചിമേഷ്യയിൽ ശാശ്വതവും സമഗ്രവും നീതിയുക്തവുമായ സമാധാനം സാക്ഷാൽക്കരിക്കാൻ സഹായകമാകുമെന്നാണ് പ്രത്യാശിക്കുന്നതെന്നും വക്താവ് പറഞ്ഞു.
അമേരിക്കയുടെ മധ്യസ്ഥതയിൽ സാധാരണ ബന്ധം സ്ഥാപിക്കാനുള്ള യു.എ.ഇയുടെയും ഇസ്രായിലിന്റെയും പ്രഖ്യാപനത്തെ ബഹ്‌റൈനും സ്വാഗതം ചെയ്തു. ചരിത്രപരമായ ഈ ചുവടുവെപ്പ് മേഖലയിൽ സ്ഥിരതയും സമാധാനവും ശക്തിപ്പെടുത്താൻ സഹായകമാകും. ഫലസ്തീൻ -ഇസ്രായിൽ സംഘർഷത്തിന് നീതിപൂർവകവും സമഗ്രവും ശാശ്വതവുമായ പരിഹാരത്തിലെത്താനുള്ള നിരന്തര ശ്രമങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ബഹ്‌റൈൻ ഗവൺമെന്റ് പ്രസ്താവനയിൽ പറഞ്ഞു. സാധാരണ ബന്ധം സ്ഥാപിക്കാനുള്ള ഇസ്രായിൽ, യു.എ.ഇ ധാരണയെ ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്തഹ് അൽസീസി സ്വാഗതം ചെയ്തു. കൂടുതൽ ഫലസ്തീൻ പ്രദേശങ്ങൾ ഇസ്രായിലിൽ കൂട്ടിച്ചേർക്കുന്നത് നിർത്തിവെക്കാനും മധ്യപൗരസ്ത്യദേശത്ത് സമാധാനമുണ്ടാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനുമുള്ള ധാരണയെ കുറിച്ച് യു.എ.ഇയും ഇസ്രായിലും അമേരിക്കയും നടത്തിയ സംയുക്ത പ്രസ്താവന വളരെയധികം താൽപര്യത്തോടെയാണ് ശ്രവിച്ചതെന്നും ഇതിനെ താൻ അഭിനന്ദിക്കുന്നതായും ഈജിപ്ഷ്യൻ പ്രസിഡന്റ് ട്വീറ്റ് ചെയ്തു.






