Sorry, you need to enable JavaScript to visit this website.

മന്ത്രി കെ.ടി.ജലീലിനെ ഉടൻ ചോദ്യം ചെയ്യും;  പ്രോട്ടോകോൾ ലംഘിച്ചത് നിരവധി തവണ 

തിരുവനന്തപുരം- മന്ത്രി കെ.ടി.ജലീൽ പ്രോട്ടോകോൾ ലംഘിച്ച് യു.എ.ഇ കോൺസുലേറ്റിൽ നിരവധി തവണ സ്വകാര്യ സന്ദർശനം നടത്തിയതും കേന്ദ്ര ഏജൻസികൾ അന്വേഷിക്കും. 
ഇത് സംബന്ധിച്ച് എൻ.ഐ.എ, കസ്റ്റംസ് അന്വേഷണ ഏജൻസികൾ വിദേശകാര്യ മന്ത്രാലയത്തിന് വീണ്ടും റിപ്പോർട്ട് നൽകി. 2018 മുതൽ യു.എ.ഇ കോൺസുലേറ്റിലേക്കെന്ന പേരിൽ മതഗ്രന്ഥങ്ങൾ വന്നിരുന്നതായി കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ മറവിൽ സ്വർണം കടത്തിയെന്നാണ് അന്വേഷണ ഏജൻസികൾ കരുതുന്നത്.  മന്ത്രി ജലീൽ യു.എ.ഇ കോൺസുലേറ്റ് ജനറലുമായി സംസാരിച്ചത് ചട്ടം ലംഘിച്ചാണെന്ന് അന്വേഷണ ഏജൻസികൾ നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു.


2018 നു ശേഷം ജലീൽ നിരവധി തവണ സ്വകാര്യ സന്ദർശനങ്ങൾ യു.എ.ഇ കോൺസുലേറ്റിൽ നടത്തിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സംസ്ഥാന പ്രോട്ടോകോൾ ഓഫീസറെ ഒഴിവാക്കിയാണ് ജലീൽ യു.എ.ഇ കോൺസുലേറ്റുമായി ബന്ധം സ്ഥാപിച്ചത്. നയതന്ത്ര ബാഗേജിലൂടെ മതഗ്രന്ഥങ്ങൾ കൊണ്ടുവരരുതെന്ന നിയമം ലംഘിച്ചതിന് പുറമെ സർക്കാർ വാഹനത്തിൽ അതു വിതരണം ചെയ്തത് ഗുരുതരമായ വീഴ്ചയാണെന്നു റിപ്പോർട്ടിൽ പറയുന്നു. സ്വകാര്യ സന്ദർശനവും മതഗ്രന്ഥത്തിന്റെ മറവിൽ വന്ന പാഴ്‌സലുകൾ സർക്കാർ വാഹനത്തിൽ കടത്തിയതും സി-ആപ്ടിലെ വാഹനം ബംഗളൂരുവിലേക്ക് പോയതും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത വരുത്താൻ കൂടിയാണ് അന്വേഷണ ഏജൻസികൾ മന്ത്രി ജലീലിനെ ചോദ്യം ചെയ്യുന്നത്. 


2018 മുതൽ നയതന്ത്ര ബാഗേജുകളിലൂടെ മതഗ്രന്ഥങ്ങളുടെ പേരിൽ പാഴ്‌സലുകൾ വന്നതായി അന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്. വിമാനത്താവളത്തിൽ നിന്ന് ലോറിയിലെത്തിക്കുന്ന പാഴ്സലുകൾ തിരുവനന്തപുരം, കൊല്ലം ജില്ലകളിലും മലപ്പുറത്തും വിതരണം ചെയ്യുകയായിരുന്നു പതിവെന്നാണ് കണ്ടെത്തിയത്. ഇതിന്റെ മറവിൽ സ്വർണം കടത്തിയെന്നാണ് അന്വേഷണ ഏജൻസികൾ കരുതുന്നത്. 
മതഗ്രന്ഥം ഉൾപ്പെടെയുള്ള പാഴ്സലുകൾ കോൺസുലേറ്റിലെത്തിയ തീയതികളിലെ സി.സി.ടി.വി ദൃശ്യങ്ങൾ നൽകണമെന്ന് യു.എ.ഇ കോൺസുലേറ്റിനേട് കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ കോൺസുലേറ്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല.


23 തവണ നയതന്ത്ര ബാഗേജിലൂടെ സ്വർണം കടത്തിയെന്നാണ് കസ്റ്റംസിന്റെ അന്വേഷണത്തിൽ വെളിവായ മറ്റൊരു കാര്യം. എന്നാൽ 23 തവണ ബാഗേജുകൾ വന്നതായോ അതിനുള്ള അനുമതി നൽകിയതുമായി ബന്ധപ്പെട്ടുള്ള യാതൊരു രേഖകളും ഇല്ലെന്നാണ് പ്രോട്ടോകോൾ ഓഫീസർ എൻ.ഐ.എയോടും കസ്റ്റംസിനോടും മൊഴി നൽകിയത്.  
മതഗ്രന്ഥങ്ങളുടെ പേരിൽ വന്ന 250 പാഴ്‌സലുകൾ സ്വീകരിച്ചതിനു പുറമേ മറ്റെന്തെങ്കിലും ഇടപാടുകൾ ഉണ്ടായോ എന്നറിയുന്നതിനായി അന്വേഷണ ഏജൻസികൾ പ്രോട്ടോകോൾ ഓഫീസറോട് കാര്യങ്ങൾ ചോദിച്ചിരുന്നു. ഈ സമയത്താണ് കഴിഞ്ഞ രണ്ട് വർഷമായി കോൺസുലേറ്റിലേക്ക് ബാഗേജുകൾ വന്നതായി അറിയില്ലെന്ന് പ്രോട്ടോകോൾ ഓഫീസർ അറിയിച്ചത്. പ്രോട്ടോകോൾ ഓഫീസറുടെ അനുമതിയില്ലാതെ കസ്റ്റംസ് ബാഗേജ് വിട്ടുനൽകില്ല. ഇതോട പാഴ്‌സലുകൾ എങ്ങനെ പുറത്തേക്ക് എത്തി എന്നതും അന്വേഷിക്കും.

 

Latest News