ഒറ്റ ചാര്‍ജില്‍ 1000 കിലോമീറ്റര്‍! റെക്കോര്‍ഡിട്ട് ഹുണ്ടെയ് ഇലക്ട്രിക്‌ കാര്‍ കോന

വാഹന ലോകത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്നത് ഇലക്ട്രിക് വാഹനങ്ങളാണെന്നത് ഇപ്പോള്‍ ഒരു ഭംഗിവാക്കല്ല. കൊറിയന്‍ കാര്‍ നിര്‍മാതാക്കളായ ഹുണ്ടെയ് നിരത്തിലിറക്കിയ കോന എന്ന സബ് കോംപാക്ട് ഇലക്ട്രിക് എസ്‌യുവി പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ഒറ്റ ചാര്‍ജില്‍ 1000 കിലോമീറ്റര്‍ എന്ന ഗംഭീര മൈലേജ് പ്രകടനമാണ് കോന കാഴ്ച വെച്ചത്. വടക്കു കിഴക്കന്‍ ജര്‍മനിയിലെ ലോസിറ്റ്‌സ്‌റിങ് റേസ് ട്രാക്കില്‍ മൂന്ന് കോന കാറുകള്‍ ഉപയോഗിച്ച് മൂന്നു ദിവസം നടത്തിയ മൈലേജ് പരീക്ഷണ ഓട്ടത്തിലാണ് ഒറ്റ ചാര്‍ജില്‍ 1000 കിലോമീറ്റര്‍ എന്ന നേട്ടം. 1,018.7 കി.മി, 1,024.1 കി.മി, 1,026 കി.മി എന്നിങ്ങനെയാണ് മൂന്ന് കാറുകളുടേയും പ്രകടനം.

Hyundai Kona EVs set new range record

മോഡിഫൈ ചെയ്യാത്ത കാറുകളായിരുന്നു ഇവ. പരമാവധി മൈലേജ് കണക്കാക്കുന്നതിന് കാറിലെ എസിയും എന്റര്‍ടെയ്ന്‍മെന്റ് സിസ്റ്റവും ഓഫ് ചെയ്തായിരുന്നു പരീക്ഷണം. ട്രാഫിക് നിയമ പ്രകാരം നിര്‍ബന്ധമായ ഡേ ടൈം റണ്ണിങ് ലൈറ്റ് മാത്രമാണ് പ്രവര്‍ത്തിച്ചിരുന്നത്. 36 ഡ്രവര്‍മാരാണ് മൂന്നു ദിവസങ്ങളിലായി മാറി മാറി കാര്‍ ഓടിച്ചത്. യൂറോപ്പിലെ സാധാരണ നഗര ട്രാഫിക് വേഗതയായ ശരാശരി 30 കി.മി വേഗതയിലാണ് ഇവ ഓടിയത്. ബാറ്ററിയില്‍ ബാക്കിയായ വെറും മൂന്നു ശതമാനം ചാര്‍ജില്‍ കോന 20 കിലോമീറ്ററിലേറെ ദൂരം പിന്നിട്ടു. ചാര്‍ജ് പൂര്‍ണമായി തീര്‍ന്നതിനു ശേഷവും നൂറിലേറെ മീറ്ററുകള്‍ മുന്നോട്ടു പോയ ശേഷമാണ് നിന്നതെന്നും ഹുണ്ടെയ് അവകാശപ്പെടുന്നു. 100 കിലോമീറ്ററിന് 6 കിലോവാട്ട് വൈദ്യുതിയാണ് കോനയ്ക്കു ശരാശരി വേണ്ടിവന്നത്. സ്റ്റാന്‍ഡേര്‍ വാല്യൂ ആയ 14.7 കിലോ വാട്ടിനേക്കാള്‍ മികച്ച ഫലമാണിത്.

35 മണിക്കൂര്‍ നീണ്ട പരീക്ഷണ ഓട്ടം സംഘടിപ്പിച്ചത് ഹുണ്ടെയും ജര്‍മന്‍ ഓട്ടോ മാഗസിന്‍ ആയ ഓട്ടോ ബില്‍ഡും ലോസിറ്റ്‌സ്‌റിങ് റേസ്ട്രാക്ക് ഓപറേറ്ററായ ദെക്‌റയും സംയുക്തമായാണ്.
 

Latest News