Sorry, you need to enable JavaScript to visit this website.
Sunday , September   27, 2020
Sunday , September   27, 2020

ചോദ്യോത്തരങ്ങളുടെ ജനാധിപത്യം 

തലസ്ഥാനത്തെ മാധ്യമ പ്രവർത്തകരും മുഖ്യമന്ത്രിയും മുഖത്തോടുമുഖം ഏറ്റുമുട്ടൽ ഭാവത്തിൽ നിൽക്കുമ്പോൾ, അലോസരപ്പെടുന്നത് ജനാധിപത്യത്തിലെ സഹിഷ്ണുതാ ഭാവമാണ്. മൗനമായിരിക്കാൻ മാധ്യമങ്ങൾക്കാവില്ല എന്നതു പോലെ ഭരണാധികാരികൾക്കുമാവില്ല. ചോദ്യങ്ങളും മറുപടികളുമാണ് ഒരു ജനാധിപത്യ സമൂഹത്തെ സമ്പന്നമാക്കുന്നത്.

ശബ്ദവും മൗനവും ചിലപ്പോൾ വ്യാഖ്യാനാതീതമായ അർഥതലങ്ങളിലേക്ക് പടർന്നുകയറാറുണ്ട്. ശബ്ദം സത്യമാണെന്നോ, മൗനം ഭീതിയാണെന്നോ നമുക്ക് മുൻകൂട്ടി പറയാനാവില്ല. ബഹളമായി മാറുന്ന ശബ്ദവും ഒളിച്ചോട്ടമായിത്തീരുന്ന മൗനവും വിനിമയത്തെ ശിഥിലമാക്കുന്നു എന്ന് കെ.ഇ.എൻ ഒരിക്കൽ നിരീക്ഷിച്ചു. സന്ദർഭങ്ങൾ തന്നെയാണ് ശബ്ദമൗനങ്ങളുടെ അർഥനിർണയത്തിൽ സുപ്രധാന പങ്കുവഹിക്കുന്നതെന്നും മൗനം വിദ്വാന് ഭൂഷണം, അതിമൗനം ഭ്രാന്തിന്റെ ലക്ഷണം എന്ന ചൊല്ല് മൗനമിതത്വത്തോടുള്ള ആദരവും മൗന തീവ്രവാദത്തോടുള്ള അനാദരവുമാണെന്നാണ് പൊതുവിൽ അടയാളപ്പെടുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.


ഈ നിമിഷത്തിന്റെ ചരിത്രകാരൻ   (historian of the moment)  എന്ന് അൽബേർ കമ്യു വിളിച്ച പത്രപ്രവർത്തകൻ, വെറും ഉപജാപക സംഘത്തിന്റെ വിഴുപ്പേറ്റുന്നവൻ മാത്രമാണെന്ന് ഒരു രാഷ്ട്രീയ നേതാവ് പറയുമ്പോൾ ശബ്ദത്തേയും മൗനത്തേയും കുറിച്ച നാനാർഥങ്ങളെക്കുറിച്ച് അറിയാതെ ചിന്തിച്ചുപോകുന്നു. കാലങ്ങളായി വേട്ടക്കാരെപ്പോലെ തന്റെ പിന്നാലെ കൂടിയ മാധ്യമ പ്രവർത്തകനെ, ഒരു തരത്തിലും സ്വസ്ഥത തരാത്ത ഗൂഢസംഘങ്ങളോട് ഉപമിക്കുന്നത് ഇപ്പോൾ കേരള മുഖ്യമന്ത്രിയാണ്, ചരിത്രത്തിന്റെ പല സന്ദർഭങ്ങളിലും മറ്റു പലരും അപ്രകാരം കരുതുകയോ പ്രവർത്തിക്കുകയോ ചെയ്തിട്ടുണ്ടെങ്കിലും. എങ്കിലും കേരള മുഖ്യമന്ത്രി പിണറായി വിജയനും തലസ്ഥാനത്തെ മാധ്യമ പ്രവർത്തകരും ദിവസങ്ങളായി തുടരുന്ന ഏറ്റുമുട്ടലുകൾ, ചോദ്യോത്തരങ്ങൾ, തുടർന്ന് പുറത്തേക്ക് പരക്കുന്ന ഗ്വാഗ്വാ വിളികൾ എന്നിവ സാംസ്‌കാരിക കേരളത്തിന് അപരിചിതമായ പരിസരങ്ങളിലേക്ക് പ്രവേശിക്കുമ്പോൾ തീർച്ചയായും അസ്വസ്ഥപ്പെടണം. 


ചോദ്യങ്ങളോടുള്ള അസഹിഷ്ണുതയാണ് പ്രശ്‌നത്തിന്റെ കാതലെന്ന് ലഘൂകരിക്കുന്നത് സത്യസന്ധതയില്ലായ്മയാകും. അതേസമയം, തീവ്രമായ മുൻവിധിയോടെ പ്രശ്‌നങ്ങളെ സമീപിക്കുന്നതും അബദ്ധമാണ്. ഇതിന് രണ്ടിനുമിടയിൽ, ഒരു ജനാധിപത്യ ഭരണ സംവിധാനത്തിൽ ഭരണാധികാരിക്കും മാധ്യമ പ്രവർത്തകനുമുള്ള സൃഷ്ടിപരമായ പങ്ക് എന്താണ് എന്നതിനെക്കുറിച്ച സാർഥകമായ ചർച്ചയാണ് ആവശ്യം. കേരളത്തെ ഞെട്ടിച്ച സ്വർണക്കള്ളക്കടത്ത് സംഭവവുമായി കേരള മുഖ്യമന്ത്രിയുടെ ഓഫീസിനെ ബന്ധിപ്പിക്കാനുള്ള തീവ്രശ്രമം ഒരു വിഭാഗം മാധ്യമപ്രവർത്തകർ നടത്തുന്നു എന്നാണ് മുഖ്യമന്ത്രിയുടെ പരാതി. അതേക്കുറിച്ച് കേരളീയ പൊതുമനസ്സിനുള്ള സംശയങ്ങൾ മുഖ്യമന്ത്രിയോടല്ലാതെ മറ്റാരോടാണ് ചോദിക്കേണ്ടത് എന്നാണ് മാധ്യമപ്രവർത്തകരുടെ ന്യായം. ഈ തർക്കം മുഖ്യമന്ത്രിയുടെ പ്രസ് ഹാൾ വിട്ട്, അനുയായികളുടെയും അനുചരവൃന്ദത്തിന്റെയും സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ, ഒരു സൈബർ യുദ്ധമായി മാറുന്നു. അവിടെ വനിതാ ജേണലിസ്റ്റുകളടക്കം ഹീനമായ രീതിയിൽ സ്വഭാവഹത്യ ചെയ്യപ്പെടുന്നു.


മുമ്പൊരിക്കൽ പത്രപ്രവർത്തകരെ കേരളത്തിന്റെ തെരുവുകളിൽ അഭിഭാഷകർ ഓടിച്ചിട്ടു തല്ലിയപ്പോൾ കൈകൊട്ടി ചിരിക്കുകയാണ് പൊതുജനം ചെയ്തത്.  കോടതി വളപ്പുകളിൽ പേനയും കടലാസുമായി പ്രവേശിക്കാൻ മാധ്യമ പ്രവർത്തകർക്ക് അനുമതി നിഷേധിക്കപ്പെട്ടു. ന്യായാധിപന്മാരും ഭരണകൂടവും നിസ്സംഗമായ മൗനം കൊണ്ടും നിർജീവമായ പ്രതികരണങ്ങളാലും ഈ ജനാധിപത്യ വിരുദ്ധതയെ പരോക്ഷമായി പിന്താങ്ങി. മാധ്യമ പ്രവർത്തകർക്ക് കോടതിയിൽ പ്രവേശനം അനുവദിക്കണോ എന്ന വിഷയം രാജ്യത്തെ പരമോന്നത കോടതിയുടെ പരിഗണനയിലെത്തി. എല്ലാ പൊതുമണ്ഡലങ്ങളിൽനിന്നും മാധ്യമ പ്രവർത്തകർ അകറ്റിനിർത്തപ്പെടുന്ന ഒരു കാലത്തെക്കുറിച്ച ആശങ്ക ജനാധിപത്യവാദികളും പൗരാവകാശ പ്രവർത്തകരും പങ്കുവെച്ചു.


കേരളത്തിലെ കോടതി വളപ്പുകളിൽ മാധ്യമ പ്രവർത്തകർ അനുഭവിച്ച അന്യായത്തെ പൊതു സമൂഹം, വിശേഷിച്ചും സാധാരണക്കാരായ പൗരജനങ്ങൾ കണ്ടത് എങ്ങനെയെന്ന് വിലയിരുത്തുന്നത്, സമൂഹത്തിൽനിന്ന് മാധ്യമ പ്രവർത്തകർ എത്രയേറെ അകന്നുപോയി എന്നതിന്റെ തെളിവാണ്. അവർക്ക് രണ്ട് കിട്ടണം എന്ന ഗൂഢസന്തോഷം പൊതുജനങ്ങളും പങ്കുവെക്കുന്നുണ്ടെങ്കിൽ നമ്മുടെ മാധ്യമ പ്രവർത്തന രീതിക്ക് എന്തോ കാര്യമായ കുഴപ്പം ബാധിച്ചുവെന്ന് തന്നെ വേണം കരുതാൻ. സമാനമായ ഒരു വിചാരത്തിലേക്ക് പൊതുജനങ്ങളെ വീണ്ടും എത്തിക്കാനുള്ള നീക്കമാണ് മുഖ്യമന്ത്രിക്ക് വേണ്ടി നടത്തപ്പെടുന്നത്. 


മാധ്യമങ്ങളോട് പണ്ടേ അത്ര രസത്തിലായിരുന്നില്ല പിണറായി വിജയൻ. പാർട്ടിയിലെ അദ്ദേഹത്തിന്റെ അധീശത്വവും മേധാവിത്വവും തകർക്കാൻ മാധ്യമ പ്രവർത്തകർ ശ്രമിക്കുന്നതായി അദ്ദേഹം കരുതി. മാധ്യമ സിണ്ടിക്കേറ്റ് എന്ന പ്രയോഗം തന്നെ അദ്ദേഹത്തിന്റെ സംഭാവനയാണ്. വി.എസുമായുള്ള പോരിന്റെ കാലത്ത് ഒരു വിഭാഗം മാധ്യമ പ്രവർത്തകർ തനിക്കെതിരെ സംഘടിതമായി വാർത്തകൾ മെനയുകയും അത് വിവിധ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് അദ്ദേഹം വിശ്വസിച്ചത്. 


ഇന്ന്, തന്റെ നേതൃത്വത്തിലുള്ള സർക്കാർ കാലാവധി പൂർത്തിയാക്കി തെരഞ്ഞെടുപ്പിലേക്ക് നീങ്ങാൻ ഏതാനും മാസം മാത്രമുള്ളപ്പോൾ, അതിന്റെ തനിയാവർത്തനം നടക്കുന്നതായി അദ്ദേഹത്തിന് തോന്നലുണ്ടാകുന്നു. പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ കോടികൾ മുടക്കി, ഇതിനായുള്ള ശ്രമങ്ങൾ നടക്കുന്നതായി പാർട്ടി പത്രവും ആക്ഷേപിക്കുന്നു.
മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തനായ പ്രിൻസിപ്പൽ സെക്രട്ടറിക്ക് സ്വർണക്കടത്തിലെ പ്രധാന പ്രതിയുമായുള്ള ഉറ്റ ബന്ധം അദ്ദേഹം പോലും സമ്മതിച്ചിരിക്കേ, മുഖ്യമന്ത്രിക്കോ അദ്ദേഹത്തിന്റെ ഓഫീസിനോ ഇതുമായി ബന്ധമുണ്ടോ എന്ന കാര്യത്തിൽ, മാധ്യമങ്ങൾ പറഞ്ഞാലും ഇല്ലെങ്കിലും ജനങ്ങൾക്ക് സംശയമുണ്ടാകുക സ്വാഭാവികമാണ്. ആ സംശയത്തെ നിവർത്തിച്ചുകൊടുക്കാൻ മാധ്യമങ്ങളുടെ സഹായം തേടുകയായിരുന്നു മുഖ്യമന്ത്രി യഥാർഥത്തിൽ വേണ്ടിയിരുന്നത്. അതിന് മാധ്യമങ്ങളെ മറയില്ലാതെ സമീപിക്കുന്ന ഒരു മനസ്സ് ആവശ്യമാണ്. 


വിവരങ്ങൾ കൃത്യമായി പങ്കുവെക്കാനും അത് ജനങ്ങളോട് പങ്കുവെക്കാനും അദ്ദേഹത്തിന് കഴിയണമായിരുന്നു. എന്നാൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട ചോദ്യങ്ങളേയും വാർത്തകളേയും തികഞ്ഞ സംശയത്തോടെയാണ് അദ്ദേഹം സമീപിച്ചത്. തെരഞ്ഞെടുപ്പ് വർഷത്തിൽ താൻ നേതൃത്വം കൊടുക്കുന്ന മുന്നണിയുടെ പരാജയം ഉറപ്പുവരുത്താനുള്ള ശ്രമമായാണ് അദ്ദേഹം ഇതിനെ കണ്ടത്. തീർച്ചയായും അത്തരം ലക്ഷ്യമുള്ളവർ മാധ്യമ പ്രവർത്തകർക്കിടയിലുണ്ടാകാം. നിരവധി പാർട്ടി പത്രങ്ങളുടേയും ചാനലുകളുടേയും രാഷ്ട്രീയ പ്രതിബദ്ധതയുള്ള പ്രവർത്തകർ കൂടി ചേർന്നതാണല്ലോ മാധ്യമ സമൂഹം. എന്നാൽ മാധ്യമ പ്രവർത്തകരെ മുഴുവൻ മുൾമുനയിൽ നിർത്തുംവിധം ശകാരത്തോളമെത്തുന്ന ഭാഷയിൽ അവരോട് സംവദിക്കേണ്ടിയിരുന്നില്ല.


മുഖ്യമന്ത്രിയുടെ അണികൾക്ക് ഇതൊരു ലൈസൻസ് ആയി തോന്നുകയും അവർ സൈബർ ഇടങ്ങളിലൂടെ മാധ്യമ പ്രവർത്തകരെ അധിക്ഷേപിക്കാൻ ഇറങ്ങിപ്പുറപ്പെടുകയും ചെയ്തത് നമ്മുടെ സാമൂഹികാന്താരീക്ഷത്തെ കൂടുതൽ മലിനപ്പെടുത്തുകയാണ് ചെയ്തത്. തുടർന്നുള്ള ദിവസങ്ങളിൽ ഇത്തരം ഹീനപ്രവൃത്തികളെ തുറന്ന് അപലപിക്കാൻ അദ്ദേഹം തയാറായില്ല. തന്റെ പ്രസ് സെക്രട്ടറി തന്നെ അത്തരം അധിക്ഷേപങ്ങളുമായി രംഗത്തു വന്നപ്പോൾ പോലും അദ്ദേഹം നിശ്ശബ്ദത പാലിക്കുകയായിരുന്നു. അതിനെ സംവാദമായി മഹത്വവത്കരിക്കാൻ ശ്രമിക്കുകയും ചെയ്തു.
ഭരണത്തിന്റെ ആദ്യനാളുകൾ മുതലേ മാധ്യമങ്ങളുമായി വലിയ അടുപ്പം മുഖ്യമന്ത്രി പുലർത്തിയിരുന്നില്ല. പതിവു വാർത്താസമ്മേളനങ്ങൾ റദ്ദാക്കി. പലപ്പോഴും അവരുമായി വാക്കുകളിലൂടെ ഏറ്റുമുട്ടി. അസുഖകരമായ ആ ബന്ധം തട്ടിയും മുട്ടിയും മുന്നോട്ടു പോകുന്നതിനിടെയാണ്, പുതിയ സംഭവങ്ങൾ. ഇനിയൊന്നും നോക്കാനില്ലെന്ന മട്ടിൽ മുഖ്യമന്ത്രിയും വിട്ടുതരില്ലെന്ന മട്ടിൽ മാധ്യമ പ്രവർത്തകരും മുഖത്തോട് മുഖം നിൽക്കുകയാണ്.


ആക്രമണോത്സുകമായ ഒരു തരം മാധ്യമ പ്രവർത്തനം നമ്മുടെ മാധ്യമങ്ങൾ ശീലമാക്കുന്നതായുള്ള വിമർശം വ്യാപകമാണ്. ഈ നിമിഷത്തിന്റെ ചരിത്രകാരനാവാനല്ല, ഈ നിമിഷത്തെ റേറ്റിംഗ് ഏറ്റവും ഉയർത്തി നിർത്തുക എന്ന ലക്ഷ്യത്തിലേക്ക് മാധ്യമ പ്രവർത്തനം മാറുന്നതിന്റെ ലക്ഷണങ്ങൾ അവിടെ കാണാം. വാർത്താ അവതരണം എന്നത് വസ്തുതകളുടെ സത്യസന്ധമായ അവതരണമോ സത്യം പുറത്തു കൊണ്ടുവരാനുള്ള വസ്തുനിഷ്ഠമായ അവതരണമോ എന്നതിലുപരി, ഒരു വിഭാഗം ജനങ്ങൾക്ക് ആസ്വദിക്കാൻ കഴിയുന്ന വാദപ്രതിവാദങ്ങളുടേയും വാക്കുതർക്കങ്ങളുടേയും ഷോ ആയി മാറിക്കഴിഞ്ഞിട്ടുണ്ട്. ഈ മേഖലയിലേക്ക് കടന്നുവരുന്ന പുതിയ ആളുകളാകട്ടെ, ഈ പ്രവണതയിൽനിന്ന് മാറി നടക്കാനല്ല, അതിനൊപ്പം ചേർന്നു പോകാനാണ്  ശ്രമിക്കുന്നത്. 


ഇന്ത്യൻ മാധ്യമങ്ങൾ ചില തിരുത്തലുകൾക്ക് സന്നദ്ധമായി ആത്മപരിശോധന നടത്തണമെന്ന് സുപ്രീം കോടതി മുൻ ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു പറയുകയുണ്ടായി. മാധ്യമങ്ങൾ ഉത്തരവാദിത്തരഹിതമായി പെരുമാറുന്നു എന്ന് സാധാരണ പൗരന്മാർ പോലും ചൂണ്ടിക്കാട്ടുന്നത് ശ്രദ്ധയിൽ പെടുത്തിയായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനം. വസ്തുതകൾ വളച്ചൊടിക്കുന്നു എന്നതാണ് ഇന്ത്യൻ മാധ്യമങ്ങൾ സമീപ കാലത്ത് അനുവർത്തിച്ചു വരുന്ന ഏറ്റവും വലിയ പ്രശ്‌നമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി.
ഇന്ത്യൻ മാധ്യമങ്ങളിലെ ഏറ്റവും വലിയ നിലവാരത്തകർച്ചയും മൂല്യസങ്കൽപങ്ങളിലെ ഇടിവും സംഭവിച്ചത് പെയ്ഡ് ന്യൂസ് വ്യാപകമായതോടെയാണ്. സർക്കാരുകൾക്കും രാഷ്ട്രീയ പാർട്ടികൾക്കും വേണ്ടി പരസ്യങ്ങൾ പണം വാങ്ങി വാർത്തയായി അവതരിപ്പിക്കുന്ന രീതി ഇന്ത്യൻ മാധ്യമ ചരിത്രത്തിലെ കറുത്ത പാടായി അവശേഷിക്കുന്നു. തെരഞ്ഞെടുപ്പ് അടുക്കുന്ന സന്ദർഭങ്ങളിലാണ് ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നതെന്നതും ശ്രദ്ധയോടെ വീക്ഷിക്കപ്പെടേണ്ടതാണ്. 


മൗനം പാലിക്കാൻ മാധ്യമ പ്രവർത്തകർക്ക് സാധ്യമാവില്ല. ചോദ്യം ചോദിക്കുന്നതിന് ശമ്പളം വാങ്ങുന്നവരാണ് അവർ. അതിശബ്ദത്തിലൂടെ അവരുടെ ചോദ്യങ്ങളെ ഇല്ലാതാക്കാനുമാവില്ല. അധികാര ശക്തികൾക്ക് മുന്നിൽ 'ഇനിയുമുറക്കെ' എന്നതാണ് ഒരു യഥാർഥ മാധ്യമ പ്രവർത്തകന്റെ മുദ്രാവാക്യം. 
സഹിഷ്ണുതാപൂർണമായ ഒരു ജനാധിപത്യത്തിൽ ആ ശബ്ദങ്ങളെ അതിന്റെ മുഴക്കത്തിൽ തന്നെ ഏറ്റുവാങ്ങുകയാണ് ഭരണാധികാരി ചെയ്യേണ്ടത്. മുഴക്കുന്ന ശബ്ദത്തിനു ജനാധിപത്യത്തിന്റെ ശീതള സ്പർശമുണ്ടായിരിക്കണം എന്നത് മാധ്യമ പ്രവർത്തകന്റെ ഉത്തരവാദിത്തവും.

Latest News