Sorry, you need to enable JavaScript to visit this website.

മറഞ്ഞത് മലയാളത്തിന്റെ സിന്ദൂരത്തിലകം 

ചുനക്കര രാമൻ കുട്ടി

എൺപതുകളിലെ മലയാള സിനിമയിൽ പാട്ടിലെ വരികളുടെ പകിട്ടു കൊണ്ട് ശ്രദ്ധേയനായ ഗാനരചയിതാവായിരുന്നു ചുനക്കര രാമൻ കുട്ടി. അക്കാലത്ത് ചുനക്കര-ശ്യാം കൂട്ടുകെട്ട് മലയാള ചലച്ചിത്ര പ്രേമികളുടെ മനസ്സിൽ ഹിറ്റ് ഗാനങ്ങളുടെ ഒരു പരമ്പര തന്നെ സൃഷ്ടിച്ചു. ദേവീ നിൻ രൂപം (ഒരു തിര പിന്നെയും തിര), സിന്ദൂരത്തിലകവുമായ്, പാതിരാ താരമെ (കുയിലിനെ തേടി), ദേവദാരു പൂത്തു, ശരത്കാല സന്ധ്യ കുളിർ തൂകി നിന്നു (എങ്ങനെ നീ മറക്കും), ഹൃദയവനിയിലെ ഗായികയോ, ഈ നീലരാവിൽ സ്‌നേഹാർദ്രനായ് ഞാൻ (കോട്ടയം കുഞ്ഞച്ചൻ), ശ്യാമമേഘമേ നീ (അധിപൻ) ചന്ദനക്കുറിയുമായ് വാ സുകൃതവനിയിൽ (ഒരു നോക്കു കാണാൻ), അംബരപ്പൂ വിഥിയിൽ കുങ്കുമച്ചെപ്പുടഞ്ഞു (ഇരുപതാം നൂറ്റാണ്ട്), നീ അറിഞ്ഞോ മേലെ മാനത്ത് ആയിരം ഷാപ്പുകൾ തുറക്കുന്നുണ്ട് (കണ്ടു കണ്ടറിഞ്ഞു) തുടങ്ങി ചുനക്കര രാമ ൻ കുട്ടി എന്ന ഗാനരചയിതാവ് മലയാള സിനിമയിൽ തൊട്ടു പൊന്നാക്കിയ പാട്ടുകൾ ഒട്ടനവധിയാണ്. 


പഠിക്കുന്ന കാലത്ത് കവിതകൾ രചിച്ചുകൊണ്ടായിരുന്നു ചുനക്കരയുടെ തുടക്കം. ജനയുഗം, മലയാള രാജ്യം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ അദ്ദേഹം നിരന്തരമെഴുതി. വ്യവസായ വകുപ്പിൽ ജോലി കിട്ടി തിരുവനന്തപുരത്ത് വരുന്നതോടെയാണ് ആകാശവാണിയുമായി ബന്ധപ്പെടുന്നതും അവർക്കായി ലളിതഗാനങ്ങൾ എഴുതുന്നതും. അദ്ദേഹത്തിന്റെ ലളിതഗാനങ്ങൾ ശ്രോതാക്കളെ ഏറെ ആകർഷിച്ചു. ആകാശവാണിയിലെ ലളിതഗാനങ്ങളും ശ്രോതാക്കൾ അവയ്ക്ക് നൽകിയ സ്വീകരണവും ചുനക്കരയിലെ ഗാനരചയിതാവിന് വലിയ ആത്മവിശ്വാസം നൽകി. അതിന്റെ ബലത്തിലാണ് അദ്ദേഹം നാടകങ്ങൾക്ക് പാട്ടുകൾ എഴുതാൻ തുടങ്ങിയത്. അവിടെയും അദ്ദേഹത്തിന്റെ പാട്ടുകൾ മോശമായില്ല. കൊല്ലം അസീസി, മലങ്കര തിയേറ്റേഴ്‌സ്, കേരള തിയേറ്റേഴ്‌സ്, നാഷണൽ തിയേറ്റേഴ്‌സ്, കൊല്ലം ഗായത്രി തുടങ്ങി പത്തിലേറെ നാടക സമിതികൾക്കായി നൂറിലേറെ നാടക ഗാനങ്ങളും അദ്ദേഹം രചിക്കുകയുണ്ടായി. മലയാള വേദി എന്ന പേരിൽ സ്വന്തമായി ഒരു നാടക സമിതി അദ്ദേഹം ആരംഭിച്ചെങ്കിലും അത് വേണ്ടവിധം പച്ചപിടിച്ചില്ല.


അപ്പോഴെല്ലാം ഒരു മോഹം അദ്ദേഹം മനസ്സിൽ ആരുമറിയാതെ കൊണ്ടു നടന്നു-സിനിമയിൽ ഒരു പാട്ടെഴുതുക. 1978 ൽ ആശ്രമം എന്ന ചിത്രത്തിൽ പാട്ടെഴുതാൻ അവസരം കിട്ടിയതോടെ ആ മോഹം പൂവണിഞ്ഞു. ചുനക്കരയുടെ സിനിമയിലെ തുടക്കം അതായിരുന്നു. 1982 ൽ ഇറങ്ങിയ ഒരു തിര പിന്നെയും തിര എന്ന  സിനിമയിൽ എം.ജി.രാധാകൃഷ്ണൻ സംഗീതം നൽകിയ ദേവീ നിൻരൂപം ശിശിരമാസ കുളിർരാവിൽ എന്ന ഗാനം ഹിറ്റായതോ ടെ ചുനക്കര മലയാളികളുടെ മനസ്സിൽ ദേവതാരുവായി പൂത്തുലഞ്ഞു. തുടർന്ന് ആസ്വാദകരുടെ ഹൃദയവനിയിൽ പാട്ടിന്റെ ചന്ദനക്കുറിയുമായി ശ്യാമമേഘം പോലെ അദ്ദേഹം നിറഞ്ഞാടി. മലയാള സിനിമയിൽ അത് ചുനക്കരയുടെ യുഗപ്പിറവിയായിത്തീർന്നു. വയലാറും ഒ.എൻ.വിയും ശ്രീകുമാരൻ തമ്പിയും ബിച്ചു തിരുമലയും യൂസഫലി കേച്ചേരിയും തുടർന്നു പോന്ന അർഥസമ്പുഷ്ടമായ വാക്കുകളിലൂടെ മലയാള മണ്ണിന്റെ മണവും ഗുണവുമുള്ള പാട്ടുകൾ സൃഷ്ടിക്കുക എന്ന പാരമ്പര്യത്തിലെ ഇങ്ങേത്തലക്കലായി അദ്ദേഹവും കണ്ണികോർത്തു. 


1979 ലാണ് കൗമാരപ്രായം എന്ന സിനിമയിലൂടെ ചുനക്കരയും സംഗീത സംവിധായകൻ ശ്യാമും ഒന്നിക്കുന്നത്. തുടർന്ന് എം.കെ.അർജുൻ, ജി.ദേവരാജൻ, എം.ജി.രാധാകൃഷ്ണൻ, കണ്ണൂർ രാജൻ, രവീന്ദ്രൻ, രഘുകുമാർ, വിദ്യാധരൻ, ദർശൻ രാമൻ, മോഹൻ സിത്താര തുടങ്ങി നിരവധി സംഗീത സം വിധായകർക്കൊപ്പം പ്രവർത്തിച്ച പാരമ്പര്യമുണ്ട്, ചുനക്കരയ്ക്ക്. എങ്കിലും മലയാളികൾ മനസ്സിൽ താലോലിച്ചു നടന്നത് ചുനക്കര-ശ്യാം കൂട്ടുകെട്ടിനെയാണ്. അവർ ഒന്നിക്കുമ്പോൾ മലയാള സിനിമയിൽ ഹിറ്റുഗാനങ്ങൾ പിറക്കുമെന്നായി വിശ്വാസം. 1981 ൽ ആയിരുന്നു അതിന്റെ തുടക്കം. ആരോമ മണി യുടെ കുയിലിനെ തേടി എന്ന സിനിമ റിലീസാകുന്നത് ആ വർഷമാണ്. അതിൽ ചുനക്കര-ശ്യാം ചെയ്ത ആറു പാട്ടുകളും സൂപ്പർ ഹിറ്റുകളായി. ആ ചിത്രം നേടിയ തകർപ്പൻ വിജയത്തിൽ അവയിലെ ഗാനങ്ങൾ നിർവഹിച്ച പങ്ക് ചെറുതല്ലായിരുന്നു.  


തുടർന്ന് ആരോമ മണി തന്റെ ഇരുപതോളം ചിത്രങ്ങളിൽ ചുനക്കര രാമൻ കുട്ടിയെ സ്ഥിരം പാട്ടെഴുത്തുകാരനാക്കി. 1987 ൽ പുറത്തിറങ്ങിയ മോഹൻലാൽ നായകനായ ഇരുപതാം നൂറ്റാണ്ട് എന്ന ത്രില്ലർ ചിത്രത്തിൽ ഗാനങ്ങൾ വേണ്ടെന്നായിരുന്നു സംവിധായകനും മറ്റും ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ ചുനക്കരയുടെ ഒരു ഗാനമെങ്കിലും അതിൽ ഉൾപ്പെടുത്തണമെന്നത് നിർമാതാവ് ആരോമ മണിയുടെ നിർബന്ധമായിരുന്നു. അങ്ങനെയാണ് ശ്യാമിന്റെ സംഗീത സംവിധാനത്തിൻ കീഴിൽ ആ ചിത്രത്തിൽ ചുനക്കര അംബരപ്പൂ വീഥിയിൽ കുങ്കുമചെപ്പുടഞ്ഞു എന്ന പ്രസിദ്ധ ഗാനം എഴുതുന്നത്. ചുനക്കര-ശ്യാം കൂട്ടുകെട്ട് 35 ലേറെ സിനിമകളിൽ പ്രവർത്തിച്ചു എന്നതും ശ്രദ്ധേയമാണ്.


1984 ൽ മാത്രം ചുനക്കര 10 സിനിമകൾക്ക് പാട്ടുകൾ എഴുതിയിട്ടുണ്ട്. അവ മുപ്പതോളം വരും. അവയിൽ മിക്കതിന്റെയും സംഗീത സംവിധാനം നിർവഹിച്ചതും ശ്യാമായിരുന്നു. കേവലം ഒന്നര പതിറ്റാണ്ടു കാലമേ ചുനക്കര രാമൻ കുട്ടി എന്ന മാന്ത്രിക ഗാനരചയിതാവ് മലയാള സിനിമയിൽ സജീവമായി ഉണ്ടായിരുന്നുള്ളൂ. അതിനിടയിൽ പക്ഷേ, 75 ഓളം സിനിമകൾക്കാണ് അദ്ദേഹം തൂലിക ചലിപ്പിച്ചത്. അവയെല്ലാം ചേർന്ന് ഏതാണ്ട് 120 ഓളം പാട്ടുകൾ വരും. മലയാളികൾ എക്കാലവും ഓർമിക്കുകയും നെഞ്ചിലേറ്റി ലാളിക്കുകയും ചെയ്യുന്ന ഗാനങ്ങളായിരുന്നു അവയിൽ മിക്കതും. എന്നിട്ടും മലയാള സിനിമയിൽ നിന്ന് കാര്യമായ അംഗീകാരങ്ങളൊന്നും അദ്ദേഹത്തെ തേടി വന്നില്ല എന്നത് ഖേദകരമാണ്. അതേസമയം 2015 ൽ കേരള സംഗീത നാടക അക്കാദമി ഗുരുശ്രേഷ്ഠ അവാർഡ് നൽകി അദ്ദേഹത്തെ അംഗീകരിക്കുകയും ചെയ്തു.


സിനിമയിൽ നിന്നും അർഹതപ്പെട്ട അംഗീകാരം കിട്ടാത്തതിൽ അമർഷമുണ്ടോ എന്ന് ചുനക്കരയോട് ഒരിക്കൽ ഒരു പത്രവർത്തകൻ ചോദിച്ചക്കുകയുണ്ടായി. അത്തരം അംഗീകാരങ്ങൾ തേടിവരും എന്നു കരുതിയിട്ടല്ല താൻ പാട്ടുകൾ എഴുതുന്നത് എന്നും അതിനപ്പുറം പാട്ടിന്റെ ഗുണമേൻമയിലും അത് ആസ്വാദകർ ആസ്വദിച്ച് ആഹ്ലാദിക്കുന്നതു കാണുമ്പോഴുള്ള നിർവൃതിയിലുമാണ് തനിക്കുള്ള അംഗീകാരമുള്ളത് എന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അർഥമില്ലാത്ത വാക്കുകൾ കൊണ്ട് വരണ്ട വരികളുണ്ടാക്കി ഗാനര ചയിതാക്കളെന്ന് സ്വയം മേനി നടിച്ച് സിനിമാ പാട്ടിന്റെ ദന്തഗോപുരങ്ങളിൽ വാഴുന്നവരുടെ പുതിയ കാലത്ത് ചുനക്കര രാമൻ കുട്ടിയെ പോലുള്ള ഗാന രചയിതാക്കളുടെ വേർപാട് സൃഷ്ടിക്കുന്ന വിടവ് വളരെ വലുതാണ്; ഒരിക്കലും നികത്താനാവാത്തതും!

Latest News