Sorry, you need to enable JavaScript to visit this website.

ചീഫ് ജസ്റ്റിസിനെ കുറിച്ച് ട്വീറ്റ് ചെയ്ത പ്രശാന്ത് ഭൂഷണ്‍ കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി 20ന്

ന്യൂദല്‍ഹി- സുപ്രീം കോടതിയെയും ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയേയും കുറിച്ച്  ട്വീറ്റുകള്‍ പോസ്റ്റ് ചെയ്ത മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ കുറ്റക്കാരനെന്ന് സുപ്രീം കോടതി. ശിക്ഷ ഓഗസ്റ്റ് 20ന് കോടതി തീരുമാനിക്കും. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, ബി ആര്‍ ഗവായ്, കൃഷ്ണ മുരാരി എന്നിവരടങ്ങുന്ന ബെഞ്ചാണ് കോടതിയലക്ഷ്യ കേസില്‍ വിധി പറഞ്ഞത്. കേസില്‍ ട്വീറ്റ് പബ്ലിഷ് ചെയ്ത ട്വിറ്ററിനെ കോടതി കുറ്റവിമുക്തരാക്കി.

വളച്ചൊടിച്ച വസ്തുതകളെ അടിസ്ഥാനമാക്കിയിരുന്നു ഭൂഷണിന്റെ ട്വീറ്റുകളെന്നും ഇത് കുറ്റകരമായ കോടതിയലക്ഷ്യത്തിന് തുല്യമാണെന്നും കോടതി വ്യക്തമാക്കി. ട്വീറ്റുകള്‍  കോടതിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള പൊതുതാല്‍പര്യപ്രകാരമുള്ള ന്യായമായ വിമര്‍ശനം ആയിരുന്നില്ല. ട്വീറ്റുകള്‍ വിദ്വേഷ സ്വഭാവത്തിലുള്ള  നിന്ദാപരമായ ആരോപണങ്ങളും കോടതിയെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രവണ പ്രകടമാക്കുന്നതുമായിരുന്നു. 30 വര്‍ഷമായി അഭിഭാഷകനായിരിക്കുന്ന ഒരു വ്യക്തിയില്‍ നിന്ന് പ്രതീക്ഷിക്കുന്നതല്ലെന്നും കോടതി പറഞ്ഞു.  

ട്വീറ്റുകളുടെ ഒരു ഭാഗത്തിന്റെ പേരില്‍ ഖേദം പ്രകടിപ്പിച്ചു കൊണ്ട് ഓഗസ്റ്റ് മൂന്നിന് പ്രശാന്ത് ഭൂഷണ്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. അതേസമയം ഉന്നത ജഡ്ജിമാരെ വിമര്‍ശിക്കുന്നത് കോടതിയെ അപകീര്‍ത്തിപ്പെടുത്തലോ അധികാരത്തെ വിലകുറച്ചു കാണലോ അല്ലെന്നും അദ്ദേഹം മറുപടി നല്‍കിയിരുന്നു. 

ചീഫ് ജസ്റ്റിസ് ബോബ്‌ഡെ ഒരു സൂപ്പര്‍ ബൈക്കില്‍ ഇരിക്കുന്ന ഫോട്ടോ ആയിരുന്നു ഭൂഷണിന്റെ ട്വീറ്റ്. ബൈക്ക് നിര്‍ത്തിയിട്ടതായിരുന്നതിനാല്‍, ചീഫ് ജസ്റ്റിസ് എന്തുകൊണ്ട് ഹെല്‍മെറ്റ് ധരിച്ചില്ല എന്ന ചോദ്യം ഉന്നയിച്ചതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് ഭൂഷണ്‍ കോടതിയെ ബോധിപ്പിച്ചിരുന്നു. അതേസമയം ട്വീറ്റില്‍ പറഞ്ഞ മറ്റുകാര്യങ്ങളില്‍ നിലപാട് മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 

Latest News