മലപ്പുറം ജില്ലാ കലക്ടര്‍ക്കും പോലീസ് മേധാവിക്കും കോവിഡ്; 21 ഉദ്യോഗസ്ഥര്‍ രോഗബാധിതര്‍

മലപ്പുറം-  ജില്ലാ പോലീസ് മേധാവിക്ക് കഴിഞ്ഞ ദിവസം കോവിഡ് ബാധ സ്ഥിരീകരിച്ചതിനു പിന്നാലെ ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണനും സബ് കലക്ടര്‍ക്കും കോവിഡ് ബാധിച്ചു. എഎസ്പി അടക്കം 21 ഉദ്യോഗസ്ഥരുടെ പരിശോധനാ ഫലം പോസിറ്റീവാണ്. ജില്ലാ പോലീസ് മേധാവി യു അബ്ദുല്‍ കരീമിന് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹം ഇപ്പോള്‍ മഞ്ചേരി മെഡിക്കല്‍ കോളെജ് ആശുപത്രിയിലാണ്. കരിപ്പൂര്‍ വിമാന ദുരന്തത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തിരുന്നതിനാല്‍ കലക്ടറും ഏതാനും ഉദ്യോഗസ്ഥരും ക്വാറന്റീനില്‍ ആയിരുന്നു. 

ജില്ലയില്‍ ഇന്നലെ 202 പേര്‍ക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചിരുന്നു. 158 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയില്‍ ഇതുവരെ 4,216 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 2,327 പേര്‍ വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി. നിരീക്ഷണത്തിലുള്ളത് 33,694 പേര്‍. 1,671 പേരാണ് വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 

Latest News