Sorry, you need to enable JavaScript to visit this website.

കരിപ്പൂരിൽ വൈഡ് ബോഡി വിമാനങ്ങൾക്കുള്ള വിലക്ക്  പുനഃപരിശോധിക്കണം -കെ.എം.സി.സി 

റിയാദ് - വിമാന അപകടത്തിന്റെ പശ്ചാത്തലത്തിൽ കരിപ്പൂരിൽ വൈഡ് ബോഡി വിമാനങ്ങൾക്ക് താൽകാലിക വിലക്ക് ഏർപെടുത്തിയ ഡി ജി സി എ യുടെ നടപടി പുനഃപരിശോധിക്കണമെന്ന് കെ.എം.സി.സി സൗദി നാഷണൽ കമ്മിറ്റി ആവശ്യപെട്ടു. 
അപകട കാരണം റൺവേയുടെ കുഴപ്പമല്ലെന്ന് അന്വേഷണ ഏജൻസികൾ വ്യക്തമാക്കിയിട്ടും മൺസൂൺ കാലത്തിന്റെ പേരിൽ വലിയ വിമാനങ്ങൾക്കു തടയിടാനുള്ള നീക്കം ദുരൂഹമാണ്. എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ദുബായ് വിമാനം അപകടത്തിൽ പെടുന്ന ദിവസം വരെ നിരവധി വലിയ വിമാനങ്ങൾ കോഴിക്കോട് വിമാനത്താവളത്തിലെത്തിയിട്ടുണ്ട്. കോവിഡ് കാലത്തെ നിയന്ത്രണ ഘട്ടത്തിൽ പോലും നിരവധി രാജ്യങ്ങളിൽനിന്ന് വലിയ വിമാനങ്ങൾ ഈ വിമാനത്താവളത്തിലെത്തിയിട്ടുണ്ട്. 
ഇക്കാലമത്രയുമില്ലാത്ത തീർത്തും ദൗർഭാഗ്യകരമായ അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തും മുമ്പേ വിമാനത്താവളത്തിന്റെ ചിറകരിയാനുള്ള  നീക്കം ദുരൂഹമാണ്.  വലിയ വിമാനങ്ങൾ നിർത്തലാക്കുന്നതോടെ കൂടുതൽ ദുരിതം പേറേണ്ടിവരിക സൗദിയിൽ നിന്നുള്ള പ്രവാസികളാണ്.


കരിപ്പൂർ സന്ദർശിച്ച കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പൂരി ഒരു വിമാനത്താവളത്തിനാവശ്യമായ എല്ലാ സൗകര്യങ്ങളുമുള്ളതാണ് കോഴിക്കോട് എയർപോർട്ട് എന്ന്  വിശേഷിപ്പിച്ചിരുന്നു. പിന്നെ എന്ത് കാരണത്താലാണ്  ഈ വിലക്കെന്ന് ഡി ജി സി എ വ്യക്തമാക്കണം.  അപകടത്തിന് ശേഷവും കരിപ്പൂരിലെ  റൺവേയ്ക്ക് യാതൊരു തകരാറും സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടത്തുകയും ചെയ്തിരുന്നു. അപകടവുമായി ബന്ധപ്പെട്ട് എയർപോർട്ടിനോ റൺവേക്കോ എന്തെങ്കിലും വീഴ്ചകൾ ഉണ്ടായിട്ടില്ലെന്നിരിക്കെ നിലവിലുള്ള സംവിധാനം തടസ്സപ്പെടുത്തുന്നത് പ്രവാസികളെ ദ്രോഹിക്കാൻ മാത്രമേ ഉപകരിക്കുകയുള്ളൂവെന്ന് കെ.എം.സി.സി  ചൂണ്ടിക്കാട്ടി. 


കഴിഞ്ഞ പ്രളയകാലത്ത് കൊച്ചി പോലുള്ള മറ്റ് വിമാനത്താവളങ്ങളിലെ സർവീസ് മുടങ്ങിയപ്പോൾ കരിപ്പൂരിലായിരുന്നു എണ്ണമറ്റ വലിയ വിമാനങ്ങൾ ഇറങ്ങിയത്. പിന്നെ എന്തിനാണ് മൺസൂൺ കാലത്ത് വിലക്കേർപ്പെടുത്തുന്നതെന്ന ചോദ്യമാണ് ഉന്നയിക്കപ്പെടുന്നത്. 
വിലക്കേർപ്പെടുത്തുന്നതിന് രണ്ടാഴ്ച മുമ്പ് എല്ലാവിധ സുരക്ഷാ പരിശോധനകളും പൂർത്തിയാക്കി കരിപ്പൂരിലേക്ക് വലിയ വിമാനങ്ങളുടെ സർവീസ് നടത്താൻ ഖത്തർ എയർവേയ്‌സ് കൂടി അനുമതി നേടിയിരുന്നു. കരിപ്പൂരിനെ അട്ടിമറിക്കാനുള്ള  ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് ഈ താൽക്കാലിക വിലക്കെന്ന്  വേണം കരുതാനെന്നു കെ.എം.സി.സി സൗദി നാഷണൽ കമ്മിറ്റി നേതാക്കളായ കെ.പി മുഹമ്മദ്കുട്ടി, അഷ്‌റഫ് വേങ്ങാട്ട്, ഖാദർ ചെങ്കള, കുഞ്ഞിമോൻ കാക്കിയ എന്നിവർ പറഞ്ഞു.

 

Latest News