Sorry, you need to enable JavaScript to visit this website.

കരിപ്പൂരിൽ ഇമാസ് സംവിധാനം സ്ഥാപിക്കണം -പ്രവാസി സാംസ്‌കാരിക വേദി

ജിദ്ദ- വിമാനത്താവളങ്ങളിൽ റൺവേയിൽ നിന്ന് വിമാനങ്ങൾ തെന്നിമാറി അപകടങ്ങളുണ്ടാകുന്നത് തടയുന്ന ഇമാസ് (എഞ്ചിനീയേർഡ് മെറ്റീരിയൽ അറസ്റ്റിംഗ് സിസ്റ്റം) സംവിധാനം അടിയന്തരമായി സ്ഥാപിക്കണമെന്ന് പ്രവാസി സാംസ്‌കാരിക വേദി വെസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി ആവശ്യപ്പെട്ടു. ഇമാസ് സംവിധാനമുണ്ടായിരുന്നുവെങ്കിൽ ഇപ്പോഴുണ്ടായതുപോലൊരു അപകടം തടയാമായിരുന്നു. രാജ്യാന്തര രംഗത്ത് മിക്ക വിമാനത്താവളങ്ങളിലും ഈ സംവിധാനമുണ്ട്. കരിപ്പൂരിൽ അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ നിശ്ചയിച്ച മാനദണ്ഡ പ്രകാരം റൺവേ എൻഡ് സേഫ്റ്റി ഏരിയ ഇപ്പോൾ തന്നെ പര്യാപ്തമായ അളവിലുണ്ട്. കൂടുതൽ ആവശ്യമെങ്കിൽ കിഴക്കു ഭാഗത്ത് നിർമിക്കാൻ സാധിക്കുന്നതാണ്. 


2010 ലെ മംഗലാപുരം ദുരന്തത്തിന് ശേഷം സിവിൽ ഏവിയേഷൻ മന്ത്രാലയം രൂപീകരിച്ച സുരക്ഷാ ഉപദേശക സമിതി നൽകിയ ശുപാർശയിൽ എയർപോർട്ടുകളിൽ ഇമാസ് സംവിധാനം സ്ഥാപിക്കണമെന്ന് നിർദ്ദേശമുണ്ടായിരുന്നു. 10 വർഷത്തിനിടയിൽ മംഗാലപുരം അപകടത്തിന് സമാനമായ മറ്റൊരു അപകടം സംഭവിച്ചതിന് രാജ്യത്തെ വ്യോമയാന സംവിധാനത്തിന്റെ സുരക്ഷാ മാനദണ്ഡങ്ങളോട് വിമാനത്താവള അതോറിറ്റി പുലർത്തിയ നിസ്സംഗതയും കാരണമാണ്. അഞ്ചുവർഷം മുൻപ് കരിപ്പൂർ എയർപോർട്ട് സംബന്ധിച്ച് വെൽഫെയർ പാർട്ടി നടത്തിയ വസ്തുതാന്വേഷണ റിപ്പോർട്ടിൽ ഇക്കാര്യം സൂചിപ്പിച്ചിരുന്നുവെന്നും പ്രസ്തുത റിപ്പോർട്ട് വിമാനത്താവള അതോറിറ്റിക്കും വ്യോമയാന മന്ത്രാലയത്തിനും സമർപ്പിച്ചിരുന്നതാണെന്നും പ്രവാസി പ്രസിഡന്റ് റഹീം ഒതുക്കുങ്ങലും ജനറൽ സെക്രട്ടറി അഷ്‌റഫ് പാപ്പിനിശ്ശേരിയും പ്രസ്താവനയിൽ പറഞ്ഞു. 

Latest News