മിഡില്‍ ഈസ്റ്റില്‍ വഴിത്തിരിവായി ഇസ്രായേല്‍-യു.എ.ഇ കരാര്‍

വാഷിംഗ്ടണ്‍- നയതന്ത്രബന്ധം പൂര്‍ണമായും സാധാരണ നിലയിലാക്കാന്‍ ഇസ്രായേലും യു.എ.ഇയും ധാരണയിലെത്തി.  യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയിലാണ് ചരിത്രപരമായ കരാര്‍. അധിനിവേശ വെസ്റ്റ് ബാങ്കിലെ കൂടുതല്‍ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ക്കാനുള്ള പദ്ധതി ഇസ്രായേല്‍ ഉപേക്ഷിക്കുമെന്ന് കരാറില്‍ വ്യക്തമാക്കുന്നു.

കൂടുതല്‍ ഫലസ്തീന്‍ പ്രദേശങ്ങള്‍ പിടിച്ചെടുക്കുന്നതും പരമാധികാരം സ്ഥാപിക്കുന്നതും താല്‍ക്കാലികമായി നിര്‍ത്താന്‍ ഇസ്രായേല്‍ സമ്മതിച്ചിട്ടുണ്ടെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങളും യു.എ.ഇയും അറിയിച്ചു. യു.എ.ഇയും ഇസ്രായേലും തമ്മില്‍ ഉഭയകക്ഷി സഹകരണത്തിനും ധാരണയായിട്ടുണ്ട്.
മിഡില്‍ ഈസ്റ്റ് മേഖലയില്‍ സമാധാന മുന്നേറ്റത്തിനുള്ള ചരിത്രപ്രധാന നയതന്ത്ര വഴിത്തിരിവാണിതെന്ന് യു.എ.ഇയും ഇസ്രായേലും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. മൂന്ന് നേതാക്കളുടെ ഉള്‍ക്കാഴ്ചയും കരുത്തുറ്റ  നയതന്ത്ര ഇടപെടലും തെളിയിക്കുന്നതാണ് ഈ കരാര്‍. യു.എ.ഇയുടേയും ഇസ്രായേലിന്റേയും ധീരമായ നടപടി മേഖലയിലെ ശേഷി ഉപയോഗപ്പെടുത്തുന്നതിനുള്ള പുതിയ പാത തുറക്കുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.
ഏറെ നാള്‍ നീണ്ട ചര്‍ച്ചക്കൊടുവിലാണ് സുപ്രധാന കരാര്‍ യാഥാര്‍ഥ്യമായത്. പ്രസിഡന്റ് ട്രംപും അബുദാബി കിരീടാവകാശി മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമാണ് ചര്‍ച്ചയിലേര്‍പ്പെട്ടത്. ഫോണിലൂടെയാണ് കരാര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്.
ഇത് വലിയ മുന്നേറ്റമാണെന്നും ഞങ്ങളുടെ രണ്ട് മഹത്തായ സുഹൃത്തുക്കളായ ഇസ്രായേലും യു.എ.ഇയും തമ്മില്‍ ചരിത്രപരമായ സമാധാന കരാറിലേര്‍പ്പെട്ടുവെന്നും ട്രംപ് ട്വീറ്റ് ചെയ്തു. പ്രസിഡന്റ് ട്രംപും പ്രധാനമന്ത്രി നെതന്യാഹുവുമായുള്ള ചര്‍ച്ചയില്‍ കൂടുതല്‍ ഫലസ്തീന്‍ പ്രദേശങ്ങള്‍  പിടിച്ചെടുക്കുന്നത് നിര്‍ത്തിവെക്കാന്‍ ധാരണയിലെത്തി. സഹകരണത്തിനും ഉഭയകക്ഷി ബന്ധം സ്ഥാപിക്കുന്നതിനുമുള്ള റോഡ് മാപ്പ് തയാറാക്കാന്‍ യു.എ.ഇയും ഇസ്രായേലും സമ്മതിച്ചതായി മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ട്വിറ്ററില്‍ അറിയിച്ചു. മിഡില്‍ ഈസ്റ്റിലെ  മറ്റു ചില രാജ്യങ്ങളുമായും അടുത്തയാഴ്ച ഇത്തരത്തില്‍ കരാറുണ്ടാക്കുമെന്നും ട്രംപ് അറിയിച്ചിട്ടുണ്ട്.
എല്ലാവരും അസാധ്യമാണെന്ന് പറഞ്ഞ കാര്യമാണിതെന്നും 49 വര്‍ഷത്തിനുശേഷം ഇസ്രായേലും യു.എ.ഇയും തങ്ങളുടെ നയതന്ത്ര ബന്ധം പൂര്‍ണമായും സാധാരണ നിലയിലാക്കുകയാണെന്നും  ട്രംപ് കൂട്ടിച്ചേര്‍ത്തു.

 

Latest News