സംഘം നടത്തിയത് 11 പിടിച്ചുപറി
ഹായില്‍- ഉത്തര ഹായിലില്‍ വിദേശികളെ ആക്രമിച്ച് പണവും മറ്റും പിടിച്ചുപറിക്കുകയും വ്യാപാര സ്ഥാപനങ്ങളില്‍ കവര്‍ച്ച നടത്തുകയും ചെയ്ത നാലംഗ സൗദി സംഘത്തെ ബഖ്ആ പോലീസ് അറസ്റ്റ് ചെയ്തു. പ്രദേശത്തെ ഇസ്തിറാഹയില്‍ അതിക്രമിച്ചു കയറിയ സംഘം വാച്ച്മാനെ ആക്രമിച്ച് പണവും ഇസ്തിറാഹയിലെ ഉപകരണങ്ങളും കവര്‍ന്നിരുന്നു. വിദേശികളെ ആക്രമിച്ച് പതിനൊന്നു പിടിച്ചുപറികള്‍ സംഘം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ പ്രതികളുടെ പക്കല്‍ തൊണ്ടിമുതലുകള്‍ കണ്ടെത്തി. കവര്‍ച്ച നടത്തുന്നതിന് പ്രതികള്‍ സഞ്ചരിച്ച കാറുകളും കസ്റ്റഡിയിലെടുത്തതായി ഹായില്‍ പോലീസ് വക്താവ് മേജര്‍ സാമി അല്‍ശമ്മരി അറിയിച്ചു.
മറ്റൊരു സംഭവത്തില്‍, ഇരുപതു ലക്ഷം റിയാല്‍ വില വരുന്ന ചെമ്പ് ലോഡ് കവര്‍ന്ന നാലു ഏഷ്യന്‍ വംശജരെ ജിദ്ദ പോലീസ് അറസ്റ്റ് ചെയ്തു. ലോഡ് മോഷണം പോയതായി പോലീസില്‍ പരാതി ലഭിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. പ്രതികള്‍ക്കെതിരായ കേസ് ഫയല്‍ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മക്ക പ്രവിശ്യ പോലീസ് വക്താവ് കേണല്‍ ആത്തി അല്‍ഖുറശി അറിയിച്ചു.