ന്യൂദൽഹി- കോടതിയലക്ഷ്യ നിയമത്തെ ചോദ്യം ചെയ്ത് അരുൺ ഷൂറി, എൻ റാം, പ്രശാന്ത് ഭൂഷൺ എന്നിവർ സുപ്രീം കോടതിയിൽ നൽകിയ ഹർജി പിൻവലിച്ചു. ഹർജിക്കാരുടെ അഭിഭാഷകൻ രാജീവ് ധവാനാണ്, ഹർജി പിൻവലിക്കുകയാണെന്ന് ജസ്റ്റിസ് അരുൺ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചിനെ അറിയിച്ചത്. കോടതിക്കു മുന്നിൽ സമാനമായ ഒട്ടേറെ ഹർജികൾ നിലനിൽക്കുന്നതു കണക്കിലെടുത്ത് പിൻവലിക്കുകയാണെന്ന് രാജീവ് ധവാൻ അറിയിച്ചു. വീണ്ടും ഇതേ ആവശ്യവുമായി സുപ്രീം കോടതിയെ സമീപിക്കരുതെന്ന നിബന്ധനയോടെ ഹർജി പിൻവലിക്കാൻ ബെഞ്ച് അനുവദിച്ചു. വേണ്ടി വന്നാൽ ഇതേ ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കുമെന്ന് രാജീവ് ധവാൻ അറിയിച്ചു. കോടതിയലക്ഷ്യ നിയമത്തിലെ ക്രിമിനൽ നടപടി ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ് എന്നാണ് ഹർജിയിൽ ഉന്നയിച്ചിരുന്നത്.






