ഫേസ്ബുക്ക് നീക്കം ചെയ്തത് 70 ലക്ഷം കോവിഡ് പോസ്റ്റുകൾ 

മൂന്നു മാസത്തിനിടെ കോവിഡുമായി ബന്ധപ്പെട്ട 70 ലക്ഷം വ്യാജ പോസ്റ്റുകൾ നീക്കം ചെയ്തുവെന്ന് ഫേസ് ബുക്ക്. അതിശയോക്തി കലർന്ന ചികിത്സാ രീതികളും വ്യാജ പ്രതിരോധ മരുന്നുകളും പ്രചരിപ്പിക്കുന്ന പോസ്റ്റുകളായിരുന്നു ഇവയിൽ ഭൂരിഭാഗവുമെന്ന് ഫേസ് ബുക്ക് വെളിപ്പെടുത്തി. ആറാമത് കമ്മ്യൂണിറ്റി സ്റ്റാൻഡേഡ്‌സ് എൻഫോഴ്‌സ്‌മെന്റ് റിപ്പോർട്ടിന്റെ ഭാഗമായാണ് കോവിഡ് വ്യാജ വാർത്തകളുടെ കണക്കുകൾ കമ്പനി പുറത്തുവിട്ടത്. ഉള്ളടക്കം പരിശോധിക്കുന്നതിൽ വീഴ്ച വരുത്തുന്നുവെന്നും വ്യാജ വാർത്തകൾക്കും പ്രചാരണങ്ങൾക്കും ഇടം അനുവദിക്കുന്നുവെന്നുമുള്ള ആക്ഷേപങ്ങൾ നേരിട്ട ശേഷം 2018 ലാണ് ഫേസ് ബുക്ക് ഇത്തരം റിപ്പോർട്ടുകൾ തയാറാക്കാനും പുറത്തുവിടാനും തുടങ്ങിയത്. പുതിയ റിപ്പോർട്ട് വിശദമായി പരിശോധിക്കുന്നതിനും ഓഡിറ്റ് ചെയ്യുന്നതിനുമുള്ള നിർദേശങ്ങൾ ഉടൻ ക്ഷണിക്കുമെന്നും ലോകത്തെ ഏറ്റവും വലിയ സോഷ്യൽ മീഡിയാ നെറ്റ് വർക്കായ ഫേസ് ബുക്ക് വെളിപ്പെടുത്തി. വിദ്വേഷ പ്രചാരണങ്ങൾ തടയുന്നില്ലെന്ന് ആരോപിച്ച് കഴിഞ്ഞ മാസം ഫേസ് ബുക്കിനെതിരെ പരസ്യ ബഹിഷ്‌കരണ കാമ്പയിൻ ആരംഭിച്ചപ്പോഴാണ് ഒന്നും മറച്ചുവെക്കില്ലെന്നു റിപ്പോർട്ട് പരിശോധിക്കാനും ഓഡിറ്റ് ചെയ്യാനും സംവിധാനമുണ്ടാക്കുമെന്ന് കമ്പനി അറിയിച്ചത്. 


ഈ വർഷം രണ്ടാം പാദത്തിൽ വിദ്വേഷ പ്രചാരണവുമായി ബന്ധപ്പെട്ട 22.5 ദശലക്ഷം പോസ്റ്റുകൾ നീക്കം ചെയ്തുവെന്നാണ് ഫേസ് ബുക്ക് വ്യക്തമാക്കിയിരിക്കുന്നത്. ആദ്യപാദത്തിൽ ഇത് 9.6 ദശലക്ഷമായിരുന്നു. പരസ്യങ്ങൾ നിഷേധിച്ചുകൊണ്ടുള്ള പ്രചാരണവും വിദ്വേഷ പോസ്റ്റുകൾ കണ്ടെത്തുന്നതിനുള്ള ടെക്‌നോളജിയുടെ സഹായവുമാകാം വലിയ വർധനക്ക് കാരണം. 
ഭീകര സംഘടനകളുമായി ബന്ധപ്പെട്ട 87 ലക്ഷം പോസ്റ്റുകൾ നീക്കം ചെയ്തതായും കമ്പനി വെളിപ്പെടുത്തി. ആദ്യ മൂന്ന് മാസത്തെ 67 ലക്ഷം വെച്ചു നോക്കുമ്പോൾ ഇക്കാര്യത്തിലും ഗണ്യമായ വർധനയുണ്ട്. എന്നാൽ സംഘടിത വിദ്വേഷവുമായി ബന്ധപ്പെട്ട പോസ്റ്റുകളിൽ കുറവുണ്ട്. ആദ്യ പാദത്തിൽ ഇത്തരത്തിലുള്ള 47 ലക്ഷം പോസ്റ്റുകൾ നീക്കം ചെയ്തപ്പോൾ രണ്ടാം പാദത്തിൽ 40 ലക്ഷം പോസ്റ്റുകളേ നീക്കം ചെയ്യേണ്ടി വന്നുള്ളൂ. അതേസമയം, ഫേസ് ബുക്ക് പുറത്തുവിടുന്ന കണക്കുകളിൽ പൗരാവകാശ ഗ്രൂപ്പുകൾ തൃപ്തരല്ല. സ്വന്തം പ്ലാറ്റ് ഫോമിലെ വിദ്വേഷ പ്രചാരണ വ്യാപ്തിയിലുള്ള മാറ്റം വെളിപ്പെടുത്താതെ ഈ കണക്കുകൡ അർഥമില്ലെന്നാണ് അവരുടെ വാദം. 
ഏപ്രിൽ മുതൽ ഉള്ളടക്കം വിലയിരുത്താൻ നിർമിത ബുദ്ധിയടക്കമുള്ള യന്ത്ര സംവിധാനങ്ങളാണ് കൂടുതലായി ഉപയോഗിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ പരിമിത തോതിലുള്ള ജീവനക്കാർ മാത്രമാണ് ഓഫീസുകളിലെത്തി ഉള്ളടക്കം പരിശോധിക്കുന്നത്. 


ആത്മഹത്യാ പ്രവണത, ലൈംഗിക ചൂഷണം തുടങ്ങിയ കാര്യങ്ങളിൽ നടപടികൾ കുറയാൻ കാരണം ഇതാണെന്ന് ഫേസ് ബുക്ക് ഉദ്യോഗസ്ഥർ വീഡിയോ കോൺഫറൻസിൽ പറഞ്ഞു. 
വീടുകളിലിരുന്ന് ജോലി ചെയ്യുന്നവർക്ക് ഉള്ളടക്കം പരിശോധിക്കുകയും സെൻസർ ചെയ്യുകയും പ്രയാസമാണെന്ന് ഫേസ് ബുക്ക് വൈസ് പ്രസിഡന്റുമാരിൽ ഒരാളായ ഗയ് റോസെൻ പറഞ്ഞു. വിദ്വേഷ പ്രചാരണവുമായി ബന്ധപ്പെട്ട പോളിസി വിപുലമാക്കാൻ ഒരുങ്ങുകയാണ് ഫേസ് ബുക്ക്.

 

Latest News