Sorry, you need to enable JavaScript to visit this website.
Saturday , October   31, 2020
Saturday , October   31, 2020

കഷ്ടകാലവും പാരമ്പര്യവും

'വൈരാഗി' എന്നു വടക്കേ ഇന്ത്യയിൽ കേട്ടാൽ 'വിരയുക്തിവൻ' എന്നു മാത്രം ധരിച്ചാൽ മതി. നമുക്ക് വൈരാഗ്യമോ വിദ്വേഷമോ ഒക്കെ തോന്നാം. രാഹുൽ ഗാന്ധി ഒരു വൈരാഗി (കൃത്യമായി പറഞ്ഞാൽ ബൈരാഗി) യാണ്  ജന്മനാ എന്നും കരുതാം. അമ്പതു വയസ്സായിട്ടും കല്യാണം വേണ്ട. കോൺഗ്രസിന്റെ പ്രസിഡന്റ് സ്ഥാനവും വേണ്ട. ആദ്യത്തേതിനേക്കാൾ അപകടകാരിയാണ് പ്രസിഡന്റ് സ്ഥാനം. അനുഭവം ഗുരു 'തീക്കൊള്ളികൊണ്ട് അടികൊണ്ട പൂച്ചക്ക് മിന്നാമിനുങ്ങിനെ കണ്ടാലും പേടി' എന്നു പറഞ്ഞതുപോലെ, നമ്മുടെ ക്രോണിക് ബാച്ചിലർക്കു മറ്റൊരു തല്ലു മാനസികമായി ഏൽക്കേണ്ടിവന്നു. 'യുവരക്ത' വാഹിനിയായ കോൺഗ്രസിനെ മാറ്റാൻ ശ്രമിച്ചു. 2018 മുതൽ ഫലം കണ്ടു തുടങ്ങി. എവിടെ യുവരക്തമുണ്ടോ അവിടെ പരാജയമുണ്ടെന്ന് ഉറപ്പായി. മേമ്പൊടിയായി അവരുടെ കാലുമാറ്റവും. ജ്യോതിരാദിത്യ സിന്ധ്യ പോയി. പല 'സ്‌പെയ്ഡ് ഏഴാംകൂലി'കളും പോയി. സച്ചിൻ പൈലറ്റ് കൂടി പുറത്തു ചാടിയപ്പോൾ രാഹുലിന് വൈരാഗ്യം ഇരട്ടിച്ചു. ഇനി സ്ഥാനമേ വേണ്ട. വനവാസം അല്ലെങ്കിൽ 'കാനഡ' വാസം അതുമല്ലെങ്കിൽ 'ഇറ്റലി' വാസം. തന്റെ പയ്യൻ ഇമേജ് മാറ്റാൻ നരച്ച താടി വളർത്തി. തലമുടി മുറിക്കാതെ രണ്ടു മാസം വ്രതം നോക്കി. ങേ ഹേ, പാർട്ടിക്കു മാറ്റമില്ല.
പൈലറ്റു പോലും മുഖ്യമന്ത്രിയായേ അത്താഴം കഴിക്കൂ എന്നു വാശിപിടിച്ചു കണ്ടപ്പോൾ രാഹുലിനു കണ്ഠം ഇടറി. അന്തർദേശീയപദ പ്രശ്‌ന പണ്ഡിതനായ ശശി തരൂർ കൂടി മമ്മിയുടെ ആരോഗ്യ നിലയെ ചൂണ്ടിക്കാട്ടിയപ്പോൾ വൈരാഗ്യം ഒന്നു തണുത്തു. വീണ്ടും അഖിലേന്ത്യാ പ്രസിഡന്റിന്റെ കസേരയിലേക്കു കയാറാനുള്ള ഏണിയുമായി കശ്മലന്മാർ പിന്നാലെയുണ്ട്. പൈലറ്റ് കയറി ഇരുന്നാലും തനിക്കു വേണ്ടെന്നു പറയാമായിരുന്നു. ഇതിനിടെ പലരും 'ഫാമിലി ആൽബം' എടുത്തു കാട്ടിക്കൊടുത്തു. 1959 ൽ യു.എൻ. ധേബാർ എന്നൊരാൾ ആ കസേരയിലിരുന്നപ്പോഴാണ് മുത്തശ്ശി ഇന്ദിരാജി കേരള മന്ത്രിസഭയെ മറിച്ചിടാനുള്ള കരുക്കൾ നീക്കിയത്.
പിന്നീട് പാർട്ടി മൊത്തമായും ചില്ലറയായും കുടുംബത്തിന്റെ അധീനതയിലായി. ഇന്നത്തെ ന്യൂജെൻ പിള്ളേരെ വിശ്വസിക്കാൻ കൊള്ളില്ല. അതുകൊണ്ട് കസേര കൈയേൽക്കണം. കഷ്ടകാലം പിടിപെട്ടാൽ പെട്ടെന്നു പോകുകയില്ല. മറ്റാരെങ്കിലും പ്രസിഡന്റായാൽ പാർട്ടിയെത്തന്നെ പിളർന്നു പകുതി അപ്പക്കഷ്ണം കടിച്ചു പിടിച്ചു കൊണ്ട് കാടുപുഴക്കിയാലോ? ചപല സ്വഭാവവും പണ്ട് മുത്തശ്ശി തന്നെ കോൺഗ്രസുകാർക്കു കാട്ടിക്കൊടുത്തിട്ടുണ്ട്. അതിനാൽ കഷ്ടകാലത്തിന്റെ കിരീട ധാരണം തന്നെയാകട്ടെ എന്ന കടവിലേക്കു വഞ്ചി അടുക്കുകയാണ്. ഇതിലും ഭേദം കല്യാണം കഴിച്ച് നാടുവിടുകയായിരുന്നു എന്നു രാഹുൽജിയുടെ മനസ്സു മന്ത്രിക്കുന്നുണ്ടാവും. ഒടുവിൽ മണിപ്പൂരിലും സംഘടന ഓന്തിനെപ്പോലെ നിറവും കാലും മാറിയിരിക്കുന്നു. എന്തു ചെയ്യാം!

*** *** ***

പന്നിയോടു കളിക്കാൻ പോകരുത്. അതിനു രസം തോന്നുമായിരിക്കും. പക്ഷേ, നമുക്കു ദുർഗന്ധമാകും. എന്നോ മറ്റോ ശശി തരൂർ ഒരിക്കൽ അബദ്ധവശാൽ പറഞ്ഞിട്ടുണ്ട്. ആംഗലത്തിൽ കളരി തുടങ്ങിയ തരൂരിന് കാര്യം മനസ്സിലായില്ലെങ്കിലോ എന്നു ശങ്കിച്ച് മുരളീധർജി രണ്ടാമത്തെ ഉപദേശം നൽകി:-- കരുണാകരന്റെ കുടുംബ പാരമ്പര്യത്തിനു മാർക്കിടാൻ തരൂർ വളർന്നിട്ടില്ല -ഇത്തവണ ലേശം കടുപ്പിച്ചുവെന്നു മാത്രം.
പണ്ട്- തട്ടിൽ എസ്റ്റേറ്റ് സംഭവത്തിൽ കരുണാകരൻ തലയൂരിയത്. പിന്നെ ഐ.എൻ.ടി.യു.സി രൂപീകരണം, അഴീക്കോടൻ കേസ്, രാജൻ കേസ്, ഇസ്‌റോ ചാരക്കേസ് തുടങ്ങി കേസുകളുടെ പേരു കേട്ടാൽ തന്നെ തരൂർജി ബോധംകെട്ടു വീണുപോകും. കുട്ടിക്കാലത്തേ മലയാള പത്രങ്ങൾ വായിച്ചിരുന്നെങ്കിലോ? കഷ്ടിച്ച് എട്ടു വർഷം മുമ്പു മാത്രമാണ് മുരളീധരൻ സംഘടനയിൽ തിരിച്ചെത്തിയതെന്ന കണ്ടുപിടിത്തം തന്നെ അസാധുവാകുമായിരുന്നു. കൈയിൽ ത്രിവർണ പതാകയുമായി അദ്ദേഹം മുറ്റത്ത് ഓടിക്കളിച്ചിരുന്ന വിവരം അറിയാമോ? പിള്ളേരുടെ സംഘടനകളിൽ ചേർന്ന് വഴിതെറ്റാതെ, സെന്റ് ജോസഫ്‌സ് സ്‌കൂളിൽ ചേർന്നു പഠിക്കുന്ന കാലത്തും പോക്കറ്റിൽ മൂവർണക്കൊടി ചുരുട്ടിവെച്ചിരുന്ന വിവരം അറിയാമോ? ഇല്ല. മലയാള പത്രം വായിക്കണം- അതാണ് ഉപദേശ സാരം. ഇതിനു ബദലായി അന്റാർട്ടിക്കയിലോ, ആർട്ടിക്കയിലോ ഉപയോഗത്തിലിരുന്ന ഏതെങ്കിലും പദവുമായി തരൂർ ചാടിയിറങ്ങുമെന്ന ഭയവുമായി കരുണാകര സുതൻ സ്വയം ക്വാറന്റൈനിൽ പ്രവേശിച്ച് പതുങ്ങിക്കഴിയുകയാണെന്നാണ് കരുതപ്പെടുന്നത്.

*** *** ***
കഴിഞ്ഞ എൽ.ഡി.എഫ് യോഗം സംഭവ ബഹുലമാകാതെ പോയതിനു കാരണം 'സായിപ്പിനെ കാണുമ്പോൾ കവാത്തു മറക്കു'മെന്ന പതിവു രീതി തന്നെയെന്നു പറയാൻ കഴിയില്ല. ഓൺലൈൻ യോഗങ്ങളിൽ കവാത്തും സല്യൂട്ടും ലഞ്ചും ഡിന്നറുമൊന്നും ബാധകമല്ല. മുഖ്യമന്ത്രിക്ക് കരിപ്പൂരിൽ പോകേണ്ടിയിരുന്നതിനാൽ പങ്കെടുത്തുമില്ല. ഇതു തന്നെ തക്കം എന്നു കരുതി ഗണേഷ് കുമാർ ഭവ്യതയോടെ പരാതി ഉന്നയിച്ചു. ആർ. ബാലകൃഷ്ണപിള്ളയുടെ പരാതിയായിരുന്നു. നേരവകാശിയല്ലാതെ മറ്റാരെ അവതരിപ്പിക്കാനാണ്? പരാതിപ്പെട്ടി തുറന്ന് സംഗതി പുറത്തെടുത്തു കണ്ടപ്പോൾ മല എലിയെ പ്രസവിച്ചതു പോലെയായി. മുന്നോക്ക സമുദായ കോർപറേഷന് പണവുമില്ല, പ്രവർത്തനവുമില്ല, ചെയർമാൻ പിള്ളയദ്ദേഹമാണെങ്കിൽ ശമ്പളം പറ്റുന്നുമില്ല. സ്റ്റേറ്റ് കാറിന്റെ നമ്പർ പ്ലേറ്റും ചെയർമാന്റെ ബോർഡുമാണ് പദവി ചിഹ്നം. 'അപ്പം തിന്നാൽ പോരേ, കുഴിയെണ്ണുന്നതെന്തിനാ?- എന്ന് യോഗത്തിൽ ആരോ ചോദിച്ചുവെങ്കിലും 'പൂവർ വീഡിയോ കണക്ഷൻ എന്നു കാണിച്ചതിനാൽ സംഘർഷം ഒഴിവായി. ഇക്കാലത്ത് ചെയർമാനെ നേരിട്ടു കണ്ടാൽ തന്നെ കോർപറേഷന്റെ അവസ്ഥ അറിയാം- ഉണ്ണിയെ കണ്ടാലറിയാം ഊരിലെ പഞ്ഞം. എന്നു പറഞ്ഞിട്ടുള്ളവർ ആരാണാവോ! പക്ഷേ, കാലത്തിന്റെ രാഷ്ട്രീയ നീരൊഴുക്ക് കാണാതിരിക്കരുത്. എൽ.ഡി.എഫ് യോഗത്തിൽ കാനമുൾപ്പെടെയുളളവർ ഗണേഷിനെ മാനിക്കുന്നു. പകരം ഗണേഷൻ എല്ലാവരെയും മാനിക്കുന്നു. എന്തൊരു വിനയപൂർവമായ അവതരണമായിരുന്നു! ഗണേഷ് കുമാർ സിനിമയിൽ അഭിനയിക്കുന്നതിനേക്കാൾ മികച്ച അഭിനയമാണ് കാഴ്ചവെച്ചത്. ആരെയും ഇറക്കി കളിക്കാനും വലിച്ചു താഴെടിയാനും ശേഷിയുള്ള പ്രതാപികളാണ് കൊട്ടാരക്കര വാളത്തു വീട്ടുകാർ എന്ന ഭാവമേയില്ല. മുനിസിപ്പൽ പഞ്ചായത്ത് നിയമസഭ.... അങ്ങനെ പലതരം കസേരകൾ മുന്നിൽ കാണണമല്ലോ!

*** *** ***
നിഷ്പക്ഷമതിയും സോഷ്യലിസ്റ്റുമായ കോവിഡ്19 ാമന്റെ ഭരണമാണിപ്പോൾ. ഓടിച്ചു കളയാമെന്നു മോഹിച്ച് 'ഭാഭിജി പപ്പടം' കഴിക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്തു. കേന്ദ്ര സഹമന്ത്രി അർജുൻ റാം മേഘ്‌വാളിനും കിട്ടി ഫലം. ഇപ്പോൾ ക്വാറന്റൈനിൽ. 
രാഷ്ട്രീയ ശാസ്ത്രത്തിൽ എം.എ, നിയമ ബിരുദം, എം.ബി.എ തുടങ്ങി പലതരം അലങ്കാരങ്ങളുള്ള മാന്യനാണ് പപ്പട ചികിത്സ നടത്താൻ ജനതയെ ഉപദേശിച്ചത്. ഇരുപത്തിയൊന്നു ദിവസം കഴിഞ്ഞാൽ കൊറോണ പമ്പ, കാവേരി, ഗംഗ തുടങ്ങിയ നദികൾ കടക്കുമെന്നു പ്രവചിച്ച കേമനാണല്ലോ കമാണ്ടർ! ഭരണം നടത്തുവാൻ വിദ്യാഭ്യാസം വേണമെന്നില്ല എന്നു തെളിയിച്ച ഒരു മുഖ്യമന്ത്രിയുണ്ടായിരുന്നു- തമിഴ്‌നാട്ടിലെ കെ. കാമരാജ നാടാർ. വിദ്യാഭ്യാസമുണ്ടായാലും ഒരു ഫലവുമില്ലെന്നു തെളിയിച്ചു മേൽപടി മേഘ്‌വാൾ!

*** *** ***
ടി.പി പീതാംബരൻ, അടുത്ത ഒഴിവു വരുമ്പോൾ എൻ.സി.പിക്കു നൽകണമെന്നാവശ്യപ്പെട്ടതു ന്യായം. പക്ഷേ പല തരം ഒഴിവുകൾ വരുന്നുണ്ട്. ഗണേഷനെപ്പോലെ നീട്ടിയെറിഞ്ഞതാകാം. രാജ്യസഭാ സീറ്റ് ശ്രേയാംസ്‌കുമാറിനു വെറ്റിലയും അടയ്ക്കയും ചേർത്തു നീട്ടിയ മുഹൂർത്തത്തിലാണ് ടി.പിയുടെയും നിവേദനം. (പണ്ട് പീതാംബരൻ മാസ്റ്ററായിരുന്നു; പാർട്ടി മെലിഞ്ഞപ്പോൾ മാസ്റ്റർ ഒഴുകിപ്പോയി). വീരേന്ദ്ര കുമാറിന്റെ സീറ്റ് പുത്രനു തന്നെ വന്നു ചേരണം എന്നതാണ് ജനാധിപത്യ പാരമ്പര്യം. ആ കീഴ്‌വഴക്കമാകാട്ടെ, രാജവംശ ഭരണത്തിന്റെ ഏടുകളിൽ കാണാം. വെറുതെ നെഹ്‌റുവിന്റെ കുടുംബത്തെ സംശയിക്കണ്ട. എൽ.ജെ.ജി എന്ന പാർട്ടിക്ക് ജയം ഉറപ്പായതുകൊണ്ടോ, അതോ ശ്രേയാംസ്‌കുമാർ സീറ്റ് മോഹിച്ചതു കൊണ്ടോ, രാജ്യസഭാ സീറ്റ് അങ്ങോർക്കായി. നഷ്ടപ്പെടാനൊന്നുമില്ല എന്ന ബോധത്തോടെ ഒരു ഗ്ലാമർ താരത്തെയാണ് യു.ഡി.എഫ് രംഗത്തിറക്കിയത്- ലാൽ വർഗീസ് കൽപകവാടിയെ. ഷാപ്പ്, ഹോട്ടൽ, സിനിമ നിർമാണം, കൃഷി എന്നീ മേഖലകളിൽ കൽപകവാടി പാരമ്പര്യമുള്ള വരെ കോൺഗ്രസിൽ ഇന്ത്യ മുഴുവനും തപ്പിയാലും കിട്ടുകയില്ല. ഇനി ഓഗസ്റ്റ് 23 ലെ തെരഞ്ഞെടുപ്പ് ഫലം എന്താകുമെന്ന കാര്യം- ഫലം ഇഛിക്കണ്ട. കർമം ചെയ്താൽ മതി.

Latest News