Sorry, you need to enable JavaScript to visit this website.

കടൽ സസ്തനികളുടെയും കടലാമകളുടെയും പഠനത്തിന് 5.6 കോടിയുടെ ഗവേഷണ പദ്ധതിയുമായി സി.എം.എഫ്.ആർ.ഐ

കൊച്ചി- കടൽ സസ്തനികളുടെയും കടലാമുകളുടെയും പഠനം ലക്ഷ്യമിട്ട് 5.6 കോടി രൂപയുടെ ഗവേഷണ പദ്ധതിക്ക് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) തുടക്കമിട്ടു. സമുദ്രോൽപന്ന കയറ്റുമതി വികസന അതോറിറ്റിയുടെ (എംപിഇഡിഎ) സാന്പത്തിക സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിയിൽ ഇന്ത്യൻ സമുദ്രഭാഗത്തുള്ള 27 കടൽ സസ്തനികളുടെയും അഞ്ച് കടലാമകളുടെയും നിലവിലെ അവസ്ഥയാണ് പഠനവിധേയമാക്കുന്നത്.

ഇന്ത്യയിൽ നിന്നുള്ള സമുദ്രോൽപന്ന വിഭവങ്ങളുടെ കയറ്റുമതിയുമായി ബന്ധപ്പെട്ട് ഇപ്പോൾ നേരിടുന്ന പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഈ ഗവേഷണ പദ്ധതിക്ക് അതീവ പ്രാധാന്യമുണ്ട്. യുഎസിലേക്ക് സമുദ്രോഭക്ഷ്യ വിഭവങ്ങൾ ഇറക്കുമതി ചെയ്യുന്നവർ കടൽസസ്തനികളുടെ വംശസംഖ്യ ബൈകാച്ചായി പിടിക്കപ്പെടുന്ന സസ്തനികളുടെ എണ്ണം എന്നിവയെ അടിസ്ഥാനമാക്കിയുള്ള സംരക്ഷണ നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്ന് യുഎസ് ആവശ്യപ്പെട്ടിരിക്കുകയാണ്. 2017 മുതൽ അഞ്ച് വർഷത്തിനുള്ളിൽ ഇത് നടപ്പിലാക്കുന്നതിന് സമയം അനുവദിച്ചിരിക്കുകയാണ്. സമുദ്രോൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങൾ മത്സ്യബന്ധനം നടത്തുന്‌പോൾ കടൽ സസ്തനികളെ മനപൂർവം കൊല്ലുന്നത് അനുവദിക്കരുതെന്ന യുഎസ് നിയമം ആവശ്യപ്പെടുന്നുണ്ട്. മാത്രമല്ല, ചെമ്മീൻ പിടിക്കുന്‌പോൾ കടലാമകളെ ദോഷകരമായി ബാധിക്കുന്നില്ലെന്ന് യുഎസ് അംഗീകാരപത്രം നൽകുന്നത് വരെ ഒരു രാജ്യത്തിൻറെയും ചെമ്മീൻ ഇറക്കുമതി ചെയ്യേണ്ടെന്നാണ് യുഎസ് നിലപാട്. ഇത് കാരണം 2018 മുതൽ ഇന്ത്യയിൽ നിന്നുള്ള ചെമ്മീൻ ഇറക്കുമതി യുഎസ് നിരോധിച്ചിരിക്കുകയാണ്.

സമുദ്രഭക്ഷ്യോൽപ്പന്നങ്ങളുടെ കയറ്റുമതിയുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കുന്നതലേക്കുള്ള വഴികൾ എളുപ്പമാക്കാൻ സിഎംഫ്ആർഐയുടെ പുതിയ പഠനം ഉപകരിക്കുമെന്ന് ഗവേഷണ പദ്ധതിക്ക് തുടക്കമിടുന്നതിനായി സംഘടിപ്പിച്ച വെർച്വൽ ശിൽപശാല ഉദ്ഘാടനം ചെയ്ത ഭാരതീയ കാർഷിക ഗവേഷണ കൗൺസിൽ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ ജെ കെ ജെന പറഞ്ഞു.

സമുദ്രഭക്ഷ്യോൽപന്ന കയറ്റുമതി പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിൽ, യുഎസിലെ നാഷണൽ ഓഷ്യാനിക് ആൻറ് അറ്റ്‌മോസ്ഫറിക് അഡ്മിനിസ്‌ട്രേഷൻറെ സാങ്കേതിക സഹകരണത്തോടെ നടപ്പാക്കുന്ന ഈ ഗവേഷണ പദ്ധതിയെ പ്രതീക്ഷയോടെയാണ് രാജ്യം ഉറ്റുനോക്കുന്നതെന്ന് എംപിഇഡിഎ ചെയർമാൻ കെ എസ് ശ്രീനിവാസ് ഐഎഎസ് പറഞ്ഞു.

കടൽ സസ്തനികളും കടലാമകളും സമുദ്രആവാസവ്യവസ്ഥയുടെ സംരക്ഷണത്തിൽ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് സിഎംഫ്ആർഐ നിരവധി പഠനങ്ങൾ നടത്തിയിട്ടുണ്ടെന്നും സിഎംഫ്ആർഐ ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണൻ പറഞ്ഞു.

ഇവയുടെ സംരക്ഷണം ലക്ഷ്യമിട്ട് കേന്ദ്രവന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂൾ ഒന്നിലാണ് കടൽ സസ്തനികളെയും കടലാമകളെയും ഉൾപെടുത്തിയിരിക്കുന്നത്. എന്നാൽ, പലവിധേനയുള്ള മനുഷ്യ ഇടപെടൽ കാരണം ഇവയുടെ ജീവന് ഭീഷണിയാകുന്ന സംഭവങ്ങൾ ഇന്ത്യൻ തീരങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇവയുടെ വംശസംഖ്യയെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ലഭ്യമല്ലാത്തത് കടൽസസ്തനികളുടെയും കടലാമകളുടെയും സംരക്ഷണത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

വാഷിംഗ്ടൺ സർവകലാശാലയിലെ ഡോ കേറ്റ് സറ്റഫോർഡ്, യുഎസിലെ നാഷണൽ മറൈൻ ഫിഷറീസ് സർവീസിലെ ഡോ മൃദുല ശ്രീനിവാസൻ, ഐസിഎആർ അസിസ്റ്റൻറ് ഡയറക്ടർ ജനറൽ ഡോ പി പ്രവീൺ, ഫിഷറി സർവേ ഓഫ് ഇന്ത്യ ഡയറക്ടർ ഡോ എൽ രാമലിംഗം, നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഓഷ്യൻ ടെക്‌നോളജിയിലെ ഡോ ലത, സീഫുഡ് എക്‌സ്‌പോര്‌ട്ടേഴ്‌സ് അസോസിയേഷൻ പ്രസിഡണ്ട് അലക്‌സ് നൈനാൻ, ഡോ ഇ വിവേകാനന്ദൻ, ഡോ ലീല എഡ്വിൻ, പദ്ധതിയുടെ മുഖ്യഗവേഷകൻ ഡോ ആർ ജയഭാസ്‌കരൻ, ഡോ ജെ ജയശങ്കർ എന്നിവർ ശിൽപശാലയിൽ സംസാരിച്ചു.

 

Latest News