ബ്രസീലിലെ സാമ്പത്തിക വെട്ടിപ്പ്; ഇന്ത്യയില്‍ 67 വ്യവസായികളുടേയും കമ്പനികളുടേയും അക്കൗണ്ടുകള്‍ മരവിപ്പിച്ചു

ന്യുദല്‍ഹി- ബ്രസീലിലെ ഒരു പ്രവിശ്യാ ഗവര്‍ണര്‍ ഉള്‍പ്പെട്ട സാമ്പത്തിക വെട്ടിപ്പു കേസുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ വ്യവസായികളുടേതും കമ്പനികളുടേതുമുള്‍പ്പെടെ 67 ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ദല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള നിയമ കരാറിന്റെ അടിസ്ഥാനത്തില്‍ ബ്രസീലിന്റെ അപേക്ഷയെ തുടര്‍ന്നായിരുന്നു ഈ നടപടിയെന്നും ഇതുമായി ബന്ധപ്പെട്ട് ആര്‍ക്കെതിരേയും കേസെടുത്തിട്ടില്ലെന്നും ഇഡി വ്യക്തമാക്കി.

അക്കൗണ്ട് മരവിപ്പിക്കപ്പെട്ട കമ്പനികളിലൊന്നായ ഹാമില്‍ട്ടന്‍ ഹൗസ്‌വെയേഴ്‌സ് ഈ നടപടിക്കെതിരെ കോടതില്‍ സമര്‍പ്പിച്ച ഹര്‍ജിക്ക് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം ഇഡി അറിയിച്ചത്. മില്‍ട്ടന്‍ എന്ന ബ്രാന്‍ഡില്‍ പ്ലാസ്റ്റിക്, തെര്‍മോ സ്റ്റീല്‍ ഉല്‍പ്പന്നങ്ങളും, സെറാമിക്, ഗ്ലാസ് വീട്ടുപകരണങ്ങളും നിര്‍മ്മിക്കുന്ന കമ്പനിയാണിത്. ജൂലൈ 13നാണ് കമ്പനിയുടെ അക്കൗണ്ട് മരവിപ്പിച്ചത്. ഇഡിയുടെ അനുമതി ഇല്ലാതെ ഈ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാന്‍ അനുവദിക്കുന്നില്ല. ഇതു കമ്പനിയുടെ ദൈനംദിന പ്രവര്‍ത്തനത്തേയും വില്‍പ്പനയേയും ബാധിച്ചിരിക്കുകയാണെന്നും കമ്പനി കോടതിയില്‍ പരാതിപ്പെട്ടു.  കുറ്റകൃത്യം നടന്നിട്ടുണ്ടോ എന്നു അറിയുന്നതിനു മുമ്പ്, കേസിന്റെ കാര്യം കമ്പനിയെ അറിയിക്കാതെയാണ് ഇഡി നടപടി എടുത്തിരിക്കുന്നതെന്നും കമ്പനി കോടതിയില്‍ പറഞ്ഞു. 

അതേസമയം ഇന്ത്യ-ബ്രസീല്‍ ഉഭയകക്ഷി കരാറിന്റെ അടിസ്ഥാനത്തില്‍, ബ്രസീലിന്റെ ആവശ്യം കണക്കിലെടുത്താണ് നടപടിയെന്ന് ഇഡി മറുപടി നല്‍കി. സാമ്പത്തിക വെട്ടിപ്പില്‍ ഉള്‍പ്പെട്ട ഗവര്‍ണറുമായി ബന്ധപ്പെട്ട് പണം കൈമാറ്റം നടന്ന 67 അക്കൗണ്ടുകള്‍ മരവിപ്പിക്കണെന്നാണ് ബ്രസീല്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നത്.

Latest News