ഭർത്താവുമായി പിണങ്ങി കുഞ്ഞിനെ വിറ്റ യുവതി അറസ്റ്റില്‍

ഹൈദരാബാദ്- മുംബൈയില്‍ പോകുന്നതിനുമുമ്പ് ശല്യം ഒഴിവാക്കാനായി രണ്ട് മാസം പ്രായമായ കുഞ്ഞിനെ 45,000 രൂപക്ക് വില്‍പന നടത്തിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദ് ഹബീബ് നഗര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. പരാതി ലഭിച്ച്‌ 24 മണിക്കൂറിനുള്ളില്‍ നവജാത ശിശുവിനെ വീണ്ടെടുക്കാന്‍ പോലീസിന് കഴിഞ്ഞു.

ഭര്‍ത്താവുമായി കുറച്ചുദിവസമായി അകന്നുകഴിയുകയായിരുന്നു 22കാരി ശൈഖ് സോയ ഖാനാണ് കുഞ്ഞിനെ വില്‍പന നടത്തിയത്. മുബൈയിലേക്ക് പോകാന്‍ ആഗ്രഹിച്ച തനിക്ക് കുഞ്ഞ് ഒരു ബാധ്യതയായി മാറുമെന്നതിനാലാണ്  വില്‍പന നടത്തിയതെന്ന് യുവതി പോലീസിനോട് പറഞ്ഞു.

ഭര്‍ത്താവ് അബ്ദുല്‍ മുജാഹിദ് ചൊവ്വാഴ്ച ഹബീബ് നഗര്‍ പോലീസ് സ്‌റ്റേഷനിലെത്തിയാണ് യുവതി കുഞ്ഞിനെ വിറ്റ കാര്യം അറിയിച്ചത്. പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ആണ്‍കുട്ടിയെ വാങ്ങിയ കുടുംബത്തെയും ഇടനിലക്കാരായവരെയും യുവതിയെയും ഉള്‍പ്പെടെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

Latest News