Sorry, you need to enable JavaScript to visit this website.

കോവിഡ് ബാധിക്കുന്നവരുടെ എണ്ണത്തില്‍  ബ്രസീലിനെയും യുഎസിനെയും പിന്തള്ളി ഇന്ത്യ

ന്യൂദല്‍ഹി-ഒരു ദിവസം കോവിഡ് ബാധിതരായവരുടെ എണ്ണത്തില്‍ യുഎസിനെയും ബ്രസീലിനെയും പിന്നിലാക്കി ഇന്ത്യ. ലോകാരോഗ്യ സംഘടനയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ഏഴു ദിവസത്തെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. ലോകത്ത് കോവിഡ് ഏറ്റവും വ്യാപകമായ രണ്ടു രാജ്യങ്ങളാണ് യുഎസും ബ്രസീലും. കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. ഈ മാസം നാലു മുതല്‍ പത്തുവരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ആകെയുള്ള 23% കേസുകളും രാജ്യാന്തര തലത്തിലെ കോവിഡ് മരണങ്ങളില്‍ 15 ശതമാനവും ഇന്ത്യയിലാണ്.
ഓഗസ്റ്റ് പത്തു വരെ (ഏഴു ദിവസം) 4,11,379 കോവിഡ് കേസുകളും 6,251 മരണങ്ങളുമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എന്നാല്‍ അതേ കാലയളവില്‍ യുഎസില്‍ 3,69,575 കോവിഡ് കേസുകളും 7232 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ബ്രസീലില്‍ കേസുകള്‍ 3,04,535 ഉം മരണം 6,914മാണ്.തുടര്‍ച്ചയായ നാലു ദിവസം ദിവസേന 60,000 പുതിയ രോഗികളില്‍ എന്നതില്‍നിന്ന് ചൊവ്വാഴ്ച 52,000 എന്ന കണക്കിലേക്ക് താഴ്ന്നു. ഇന്ത്യയില്‍ ആകെ കോവിഡ് രോഗികള്‍ 23 ലക്ഷമാണ്. 110 ദിവസങ്ങളെടടുത്താണ് കോവിഡ് രോഗികളുടെ എണ്ണം ആദ്യ ഒരു ലക്ഷം കടന്നതെങ്കില്‍ പിന്നീട് പത്തു ലക്ഷത്തിലേക്കെത്താന്‍ വെറും 59 ദിവസമാണ് വേണ്ടിവന്നത്. അടുത്ത 24 ദിവസത്തിനുള്ളില്‍ ഇത് 22 ലക്ഷമാകുകയും ചെയ്തു. അതേസമയം രോഗമുക്തരാകുന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ട്. രോഗമുക്തി നിരക്ക് 76 ശതമാനമാണ്. 15.83 ലക്ഷം പേരാണ് രോഗത്തെ ചെറുത്തുതോല്‍പിച്ചത്. ഇതിനൊപ്പം മരണനിരക്കിലും വന്‍ കുറവാണുണ്ടായിരിക്കുന്നത്. ഇത് 2 ശതമാനത്തില്‍നിന്ന് 1.99 ശതമാനമായി. അതേസമയം, യുഎസിനെയും ബ്രസീലിനെയും അപേക്ഷിച്ച് ഇന്ത്യയില്‍ കോവിഡ് പരിശോധനയുടെ എണ്ണം വളരെക്കുറവാണ്. ഇന്ത്യയില്‍ പത്തുലക്ഷം പേരില്‍ 18,300 പേര്‍ക്ക് എന്ന തോതില്‍ പരിശോധന നടത്തുമ്പോള്‍ യുഎസിലും ബ്രസീലിലും ഇത് യഥാക്രമം 1,99,803 ഉം 62,200 ഉം ആണെന്ന് ലോകാരോഗ്യ സംഘടന ഡേറ്റയെ അടിസ്ഥാനമാക്കിയുള്ള 'വേള്‍ഡോമീറ്റര്‍' വെബ്‌സൈറ്റ് കണക്കുകള്‍ തെളിയിക്കുന്നു.


 

Latest News