പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 59 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം- പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിരവധി പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
59 പേര്‍ക്കാണ് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയിരിക്കുന്നത്. 99 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് 59 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ജയിലിലെ മുഴുവന്‍ അന്തേവാസികള്‍ക്കും കോവിഡ് പരിശോധന നടത്താന്‍ തീരുമാനിച്ചു.
കഴിഞ്ഞ ദിവസം ജയിലിലെ 71 വയസുള്ള തടവുകാരന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്നാണ് ജയിലിലെ അന്തേവാസികള്‍ക്ക് ആന്റിജന്‍ പരിശോധന നടത്തിയത്. അതേസമയം, രോഗം ആദ്യം സ്ഥിരീകരിച്ച തടവുകാരന്റെ ഉറവിടം വ്യക്തമല്ല. തടവുകാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ തലസ്ഥാനത്ത് കടുത്ത ആശങ്കയാണ്.
തിരുവനന്തപുരത്ത് അഞ്ച് പോലീസുകാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. നന്ദാവനം എ.ആര്‍ ക്യാമ്പ്, പേരൂര്‍ക്കട എസ്.എ.പി ക്യാമ്പ്, വട്ടിയൂര്‍ക്കാവ്, പേരൂര്‍ക്കട പോലീസ് സ്റ്റേഷനുകള്‍, പത്മനാഭ സ്വാമി ക്ഷേത്ര ഗാര്‍ഡ് എന്നിവിടങ്ങളിലെ ഓരോ പോലീസുകാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ ഉള്ളത് തിരുവനന്തപുരത്താണ്. ഇന്നലെ മാത്രം തിരുവനന്തപുരത്ത് 266 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ തന്നെ നിരവധി പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഉറവിടം അറിയാത്ത നിരവധി കേസുകളും തലസ്ഥാനത്തുണ്ട്.

 

 

Latest News