Sorry, you need to enable JavaScript to visit this website.
Thursday , January   21, 2021
Thursday , January   21, 2021

രമേശ് ചെന്നിത്തല ഒന്നും കാണുകയും കേൾക്കുകയും ചെയ്യുന്നില്ല-മുഖ്യമന്ത്രി

തിരുവനന്തപുരം- കോവിഡ് റിക്കവറി റേറ്റുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അബദ്ധം പറയുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് 19 റിക്കവറി റേറ്റുമായി ബന്ധപ്പെട്ട് ഞാനെന്തോ തെറ്റായ കാര്യം പറഞ്ഞെന്ന് പ്രതിപക്ഷ നേതാവ് ആരോപിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തുടക്കത്തിൽ 3 ടെസ്റ്റുകൾ നെഗറ്റീവായതിനു ശേഷം മാത്രമേ ആളുകളെ വീട്ടിലേയ്ക്ക് അയച്ചിരുന്നുള്ളൂ എന്നും, ഇപ്പോൾ ഒരു ടെസ്റ്റ് നെഗറ്റീവ് ആയാൽ തന്നെ വീട്ടിലേയ്ക്ക് പറഞ്ഞു വിടുന്നു എന്നുമാണ് അദ്ദേഹത്തിൻറെ 'ഞെട്ടിക്കുന്ന കണ്ടെത്തൽ'.

അദ്ദേഹം ഒന്നും കാണുകയും കേൾക്കുകയും ചെയ്യുകയും ചെയ്യുന്നില്ലെന്ന് തോന്നുന്നു. കേസുകളുടെ എണ്ണം കൂടിയ സാഹചര്യത്തിൽ വിദഗ്ധ സമിതിയുടെ നിർദേശ പ്രകാരം പുതിയ ഡിസ്ചാർജ് പോളിസി കൊണ്ടുവന്ന കാര്യം ഞാൻ ഈ പത്രസമ്മേളനത്തിൽ ഞാൻ വ്യക്തമാക്കിയതാണ്. ആ തീരുമാനമെടുത്തതിൻറെ രേഖകൾ എല്ലാവർക്കും ലഭ്യമാണ്. അപ്പോഴാണ്, താനെന്തോ പുതിയ കാര്യം കണ്ടുപിടിച്ചെന്ന മട്ടിൽ സർക്കാരിനെതിരെ ആരോപണവുമായി വരുന്നത്.

സംസ്ഥാനത്ത് തുടക്കത്തിൽ രണ്ടും മൂന്നും ചിലപ്പോൾ അതിലധികവും ടെസ്റ്റുകൾ നടത്തിയാണ് രോഗികളെ ഡിസ്ചാർജ് ചെയ്തിരുന്നത്. നമുക്കെല്ലാം ഓർമയുള്ള കേസുകളുണ്ടെല്ലോ. ഇംഗ്ലണ്ടിൽ നിന്നു വന്ന ആറന്മുള സ്വദേശിയെ 22 തവണ ടെസ്റ്റ് നടത്തി, 3 തവണ നെഗറ്റീവായതിനു ശേഷം ഡിസ്ചാർജ് ചെയ്ത വാർത്ത മാധ്യമങ്ങളെല്ലാം റിപ്പോർട്ട് ചെയ്തതാണ്. ഇവിടെ പറഞ്ഞതുമാണ്. 41 ദിവസങ്ങളാണ് അവരെ നാം ആശുപത്രിയിൽ ചികിത്സിച്ചത്. പത്തനംതിട്ട വടശ്ശേരിക്കര സ്വദേശിനിയായ വീട്ടമ്മ കോവിഡ് മുക്തയായി വീട്ടിലേക്ക് മടങ്ങിയത് 48 ദിവസങ്ങൾക്ക് ശേഷമാണ്. കേരളത്തിൻറെ റിക്കവറി റേറ്റ് മറ്റു സംസ്ഥാനങ്ങളേക്കാൾ തുടക്കം മുതലേ കുറഞ്ഞിരിക്കുന്നത് അതുതന്നെയാണ്.

മറ്റു സംസ്ഥാനങ്ങളിൽ മിക്കതിലും രോഗികളെ അഡ്മിറ്റ് ചെയ്തതിനു ശേഷം 10 ദിവസം കഴിഞ്ഞ് രോഗലക്ഷണങ്ങൾ കുറഞ്ഞാൽ റിക്കവറി രേഖപ്പെടുത്തി വീട്ടിലേയ്ക്ക് പറഞ്ഞു വിടുകയാണ് ചെയ്യുന്നത്. അവർ ആദ്യം തൊട്ടേ ചെയ്യുന്നത് അതാണ്. ഇപ്പോഴും അതു തന്നെയാണ് തുടർന്നു കൊണ്ടിരിക്കുന്നത്. എന്നാൽ ഇത്രയും കേസുകൾ കൂടിയിട്ടും ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആകാതെ കേരളത്തിൽ ഒരു രോഗിയേയും ഡിസ്ചാർജ് ചെയ്യുന്നില്ല. ഇത് ഇന്നലെ പത്ര സമ്മേളനത്തിൽ ഞാൻ വ്യക്തമായി പറഞ്ഞതാണ്. അതദ്ദേഹം കേട്ടിട്ടുണ്ടാവില്ല എന്നു കരുതുന്നില്ല. പകരം, അതു കേൾക്കാത്ത മട്ടിൽ, ഞാനെന്തോ നുണ പറഞ്ഞെന്നും അദ്ദേഹം പുതുതായെന്തോ കണ്ടെത്തിയുമെന്നും വരുത്തിത്തീർക്കാൻ നോക്കുകയാണ്.

ഈ രാഷ്ട്രീയ കൗശലം പണ്ടായിരുന്നെങ്കിൽ കുറച്ച് ഫലിക്കുമായിരുന്നു. ഇന്നിപ്പോൾ ഞാൻ പറഞ്ഞ കാര്യങ്ങൾ ജനങ്ങൾക്ക് എപ്പോൾ വേണമെങ്കിലും പരിശോധിക്കാവുന്ന തരത്തിൽ ലഭ്യമാണ്. മുഖ്യമന്ത്രി ഇതൊന്നും അറിഞ്ഞില്ലേ എന്നാണ് പ്രതിപക്ഷ നേതാവ് ചോദിക്കുന്നത്. എന്നാൽ ഇതൊന്നും അറിയാത്തത് ആരാണെന്ന് ആർക്കാണ് അറിയാൻ കഴിയാത്തത് എന്ന് ജനങ്ങൾ മനസ്സിലാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇവിടെ ടെസ്റ്റുകൾ നടത്തുന്നതിൽ പിന്നിലാണെന്നാണ് അദ്ദേഹം ആവർത്തിക്കുന്നത്. ലോകാരോഗ്യ സംഘടനയ്‌ക്കോ, ഐസിഎംആറിനോ, ഇന്ത്യാ ഗവൺമെൻറിനോ, ഈ മേഖലയിലെ വിദഗ്ധർക്കോ കേരളം ഇക്കാര്യത്തിൽ പുറകിലാണ് എന്ന അഭിപ്രായമില്ല. അവരൊക്കെ നോക്കുന്നത് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റും ടെസ്റ്റ് പെർ മില്യൺ ബൈ കേസ് പെർ മില്യണും എന്ന മാനദണ്ഡങ്ങളാണ്. അവ നോക്കിയാൽ ഒരു ഘട്ടത്തിൽ ലോകത്തെ തന്നെ ഏറ്റവും മികച്ച നിലയിൽ ആയിരുന്നു.

ഇപ്പോൾ കേസുകളുടെ എണ്ണം കൂടിയിട്ടും ഇന്ത്യൻ സംസ്ഥാനങ്ങളിൽ മുൻപന്തിയിൽ തന്നെ നമ്മളുണ്ട്. പ്രതിപക്ഷ നേതാവ് അദ്ദേഹത്തിൻറേതായ മറ്റെന്തോ രീതി ഉപയോഗിച്ചാണ് ഈ കാര്യങ്ങൾ മനസ്സിലാക്കുന്നതെന്നു തോന്നുന്നു. ഈ മേഖലയിലെ വിദഗ്ധർ സ്വീകരിക്കുന്ന ശാസ്ത്രീയ മാനദണ്ഡങ്ങളിൽ അദ്ദേഹത്തിനു വിശ്വാസമില്ലെങ്കിൽ അതിനെക്കുറിച്ച് ഞാനെന്തു പറയാനാണ്? സമൂഹം ഒരു പ്രതിസന്ധി നേരിടുമ്പോൾ പ്രതിരോധം ദുർബലപ്പെടുത്താനുള്ള ശ്രമം ദൗർഭാഗ്യകരമാണ് എന്നു മാത്രമേ പറയാനുള്ളൂ. ഇവിടെ മികച്ച ചികിത്സ നാം ഉറപ്പുവരുത്തുകയാണ്. സൗജന്യമായ ചികിത്സയാണ്. ഒന്നിനും ഒരു കുറവും നമ്മൾ വരുത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.