യു.എ.ഇ കോവിഡ് വാക്‌സിന്‍ പരീക്ഷണത്തിന് വിധേയരായി രണ്ട് കണ്ണൂരുകാര്‍ കൂടി

കണ്ണൂര്‍-  യു.എ.ഇ.സര്‍ക്കാരിന് കീഴിലെ കോവിഡ് വാക്‌സിന്‍ പരീക്ഷണത്തിന് സ്വന്തം ശരീരം നല്‍കി കണ്ണൂര്‍ സ്വദേശികളായ രണ്ട് പേര്‍ കൂടി രംഗത്ത്. തളിപ്പറമ്പ് കുപ്പം സ്വദേശി കെ.വി. സാദിഖിനും കണ്ണൂര്‍ സ്വദേശി സി.പി. ജലീലിനും പിന്നാലെ പുതിയങ്ങാടി മൊട്ടാമ്പ്രം സ്വദേശി ജാഫര്‍, പയ്യന്നൂര്‍ രാമന്തളി സ്വദേശി മുഹാദ് അഹമ്മദ് എന്നിവരാണ് വാക്‌സിന്‍ പരീക്ഷണത്തിന് സന്നദ്ധമായി മുന്നോട്ടു വന്നത്.

യു.എ.ഇയില്‍ നടക്കുന്ന കോവിഡിനെതിരായ വാക്‌സിന്‍ പരീക്ഷണത്തിന് സ്വന്തം ശരീരം വിട്ടുനല്‍കി മഹാമാരിക്കെതിരായ പോരാട്ടത്തില്‍ മുന്നണിപ്പോരാളിയായിരിക്കുകയാണ് ജാഫര്‍ അബ്ദുല്ലയും മുഹാദ് അഹമ്മദും.

അബുദാബിയിലെ സ്വകാര്യ കമ്പനി ജീവനക്കാരനാണ് 35 കാരനായ ജാഫര്‍. പ്രവാസി മലയാളികളെ ഏറെ പരിഗണിക്കുന്ന യു.എ.ഇയുടെ ദൗത്യത്തില്‍ പങ്കാളിയാവുകയെന്നത് തന്റെ ഉത്തരവാദിത്തമാണെന്ന് വിശ്വസിക്കുന്നതായി ഇദ്ദേഹം പറയുന്നു. നിരവധി പരിശോധനകള്‍ക്കു ശേഷമാണ് കോവിഡ് പരീക്ഷണ വാക്‌സിന്റെ ഡോസ് കുത്തിവെയ്ക്കുന്നത്. ആദ്യ ഡോസാണ് ജാഫറിന്റെ ശരീരത്തില്‍ കുത്തിവെച്ചത്. 21 ദിവസത്തിനു ശേഷം അടുത്ത കുത്തിവെപ്പ് എടുക്കും. വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിരീക്ഷണത്തിലായിരിക്കും. ഡോക്ടര്‍മാരടങ്ങുന്ന സംഘം ഇവരുടെ മാനസിക, ശാരീരിക ആരോഗ്യനില നിരന്തരം വിലയിരുത്തും.
ഇതിലൂടെ കോവിഡിനെതിരായ പോരാട്ടത്തില്‍ മലയാളിക്ക് അഭിമാനത്തോടെ പറയാവുന്ന പേരുകളിലൊന്നായി മൂന്ന് കുട്ടികളുടെ പിതാവായ ജാഫര്‍ അബ്ദുള്ളയുടേത്. നസ്മിയയാണ് ജാഫറിന്റെ ഭാര്യ.

അബുദാബിയിലെ സേഫ് ലൈന്‍ ഗ്രൂപ്പ് കമ്പനിയിലെ ജീവനക്കാരനായ മുഹാദ് അഹമ്മദ്, മികച്ച ഫുട്‌ബോള്‍ താരം കൂടിയാണ്. ഷൂട്ടേഴ്‌സ് പടന്നയുടെ താരമായ ഈ യുവാവ് സാമൂഹിക പ്രതിബദ്ധതയാലാണ് ഈ ദൗത്യം ഏറ്റെടുത്തത്. അബുദാബി രാമന്തളി മുസ്‌ലിം യൂത്ത് സെന്റര്‍ അഡ്‌വൈസറി അംഗവും സാമൂഹിക പ്രവര്‍ത്തകനുമായ യു.കെ. അഹമ്മദിന്റെയും സി.എ. ജമീലയുടെയു മകനാണ് മുഹാദ്. ഫര്‍സാനയാണ് ഭാര്യ.

 

Latest News