കരിപ്പൂര്‍ വിമാനദുരന്തം: ഡിജിസിഎ മേധാവിയെ നീക്കണമെന്ന് എയര്‍ ഇന്ത്യാ പൈലറ്റുമാര്‍

ന്യൂദല്‍ഹി- ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ മേധാവി അരുണ്‍ കുമാറിനെ നീക്കി പകരം ഏവിയേഷന്‍ രംഗത്ത് അറിവും അനുഭവ സമ്പത്തുമുള്ള അനുയോജ്യനായ മറ്റൊരാളെ നിയമിക്കണമെന്നാവശ്യപ്പെട്ട് എയര്‍ ഇന്ത്യാ പൈലറ്റുമാരുടെ യൂണിയനുകള്‍ രംഗത്തെത്തി. കരിപ്പൂര്‍ വിമാനദുരന്തവുമായി ബന്ധപ്പെട്ട് വാര്‍ത്താ ചാനലുകളോട് അരുണ്‍ കുമാര്‍ പറഞ്ഞ പ്രതികരണങ്ങള്‍ അദ്ദേഹത്തിന്റെ സാങ്കേതിക അറിവില്ലായ്മ വെളിപ്പെടുത്തുന്നതാണെന്നും അദ്ദേഹത്തിന്റെ വാക്കുകള്‍ അപക്വമായിരുന്നുവെന്നും പൈലറ്റുമാര്‍ ആരോപിച്ചു. ഇന്ത്യന്‍ കൊമേഴ്‌സ്യല്‍ പൈലറ്റ്‌സ് യൂനിയന്‍ (ഐസിപിഎ), ഇന്ത്യന്‍ പൈലറ്റ്‌സ് ഗില്‍ഡ് (ഐപിജി) എന്നീ സംഘടനകളാണ് അരുണ്‍ കുമാറിനെതിരെ രംഗത്തു വന്നത്. കരിപ്പൂരില്‍ വിമാനം 'ലാന്‍ഡിങ് സ്മൂത്ത് ആയിരുന്നില്ല' എന്നായിരുന്നു ഒരു ചാനലിനോടുള്ള അദ്ദേഹത്തിന്റെ പ്രതികരണമെന്ന് ഈ സംഘടനകള്‍ പറയുന്നു. മറ്റൊരു ചാനലില്‍ പറഞ്ഞത് 'രണ്ടു പേര്‍ മരിച്ചു. ലാന്‍ഡിങ് ഉചിതമായിരുന്നില്ല എന്നാണ് തോന്നുന്നത്' എന്നുമായിരുന്നു. ഇതാണ് പൈലറ്റുമാരെ ചൊടിപ്പിച്ചത്. വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരിക്ക് അയച്ച പരാതിയില്‍ പൈലറ്റുമാര്‍ ഇക്കാര്യം എടുത്തു പറഞ്ഞിട്ടുണ്ട്. 

വിശദമായ അന്വേഷണം നടത്തി തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമെ അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ ലാന്‍ഡിങ് സംബന്ധിച്ച് തെളിവുകളുടെ അടിസ്ഥാനത്തില്‍ എന്തെങ്കിലും പറയാന്‍ കഴിയൂ. ഊഹാപോഹവും വെറും പ്രതികരണവും വസ്തുതയാകില്ലെന്നും പരാതിയില്‍ പൈലറ്റുമാര്‍ ചൂണ്ടിക്കാട്ടി. അരുണ്‍ കുമാന്‍  ഐഎഎസിനെ ഉടന്‍ ഈ പദവിയില്‍ നിന്ന് മാറ്റണമെന്നാണ് വ്യോമയാന മന്ത്രിയോട് പൈലറ്റുമാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 

പൈലറ്റ് ഇന്‍ കമാന്‍ഡ് ക്യാപ്റ്റന്‍ ദീപക് സാഠെ (58), കോ പൈലറ്റ് ക്യാപ്റ്റന്‍ അഖിലേഷ് കുമാര്‍ (32) എന്നിവരാണ് കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം നിയന്ത്രിച്ചിരുന്നത്. ഇവര്‍ രണ്ടു പേരും ഈ രണ്ടു യൂണിയനുകളുടേയും ഭാഗമായിരുന്നില്ല.
 

Latest News