ഇന്ത്യന്‍ വംശജ യു.എസില്‍ വൈസ് പ്രസിഡന്‍റ് സ്ഥാനാർഥി

വാഷിംഗ്ടണ്‍-  അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജ കമല ഹാരിസിനെ ഡെമോക്രാറ്റിക് പാർട്ടിയുടെ വൈസ് പ്രസിഡന്‍റ് സ്ഥാനാർത്ഥിയായി തെരഞ്ഞെടുത്തു.

ഡെമോക്രാറ്റിക് പാർട്ടി പ്രസിഡന്‍റ് സ്ഥാനാർത്ഥിയായ ജോ ബൈഡനാണ് കമല ഹാരിസിന്‍റെ പേര് പ്രഖ്യാപിച്ചത്. അഭിഭാഷകയായ കമല കാലിഫോർണിയയിൽ നിന്നുള്ള സെനറ്റം​ഗമാണ്.

വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് വനിതയെ നാമനിർ​‌ദ്ദേശം ചെയ്യുമെന്ന് ബൈഡൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതുനുപിന്നാലെ ഏറ്റവും ഉയർന്നുകേട്ട പേരുകളിലൊന്നാണ് കമലയുടേത്. കമല ഹാരിസിനെ സ്ഥാനാർത്ഥിയായി നിർദേശിക്കാനായതിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് ബൈഡൻ പറഞ്ഞു.

യു.എസില്‍ ഒരു പ്രമുഖ പാര്‍ട്ടിയുടെ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥിയായി നിര്‍ദേശിക്കപ്പെടുന്ന നാലാമത്തെ വനിതയാണ് കമല. പിതാവ് ഡോണള്‍ഡ് ഹാരിസ് ജമൈക്കന്‍ വംശജനും മാതാവ് ശ്യാമള ഗോപാലന്‍ ഇന്ത്യക്കാരിയാണ്. തമിഴ്നാട്ടില്‍ ചെന്നൈയിൽ നിന്നുള്ള ശ്യാമള 1960-കളിലാണ് അമേരിക്കയിലേക്കു കുടിയേറിയത്.  പ്രമുഖ  പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ആദ്യത്തെ  ഇന്ത്യന്‍-അമേരിക്കന്‍ വംശജയാണ് കമല.

2020ൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനിരുന്ന കമല കഴിഞ്ഞ വർഷം ഡിസംബറിൽ ആ നീക്കത്തിൽ നിന്ന് പിന്മാറിയത് ശ്രദ്ധ നേടിയിരുന്നു. മിസ് യൂ കമല എന്ന പരിഹാസവുമായി പ്രസിഡന്‍റം ട്രംപ് അടക്കമുള്ളവർ രം​ഗത്തെത്തുകയുമുണ്ടായി.

 

Latest News