പുതിയ ഫീച്ചറുകളും ആപ്പുകളുമായി സ്മാര്‍ട് ഫോണുകളില്‍ അടിക്കടി മാറ്റങ്ങളും പുതുമകളുമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഫോണ്‍ എത്ര തന്നെ മാറിയാലും അടിസ്ഥാനപരമായി ഒരു മാറ്റവുമില്ലാതെ തുടരുന്ന ഒരു അനുബന്ധ ഉപകരണമാണ് ഹെഡ്‌ഫോണ്‍. ഒടുവില്‍ കാലം അതിനേയും മാറ്റിയിരിക്കുന്നു. കാലമല്ല, ഗൂഗിളാണ് വെറും ഹെഡ്‌ഫോണ്‍ മാത്രമായ ഇവയെ ഉടച്ചു വാര്‍ത്തിരിക്കുന്നത്. കഴിഞ്ഞയാഴ്ച ഗൂഗ്ള്‍ ഏറ്റവും പുതിയ പിക്‌സല്‍ 2 ഫോണുകളുടെ പ്രകാശനത്തോടൊപ്പം അവതരിപ്പിച്ച പിക്‌സല്‍ ബഡ്‌സാണ് ഹെഡ്‌ഫോണ്‍ സങ്കല്‍പ്പത്തെ അടിമുടി മാറ്റിമറിച്ചിരിക്കുന്നത്.
സംഗീതം കേള്‍പ്പിക്കുക എന്നതിനപ്പുറം പലതും ചെയ്യാന്‍ ഇവയ്ക്ക് കഴിയുമെങ്കിലോ എന്ന ചോദ്യവുമായാണ് പിക്‌സല്‍ ബഡ്‌സിന്റെ മുഖ്യശില്‍പ്പികളില്‍ ഒരാളായ ആദം ചാമ്പി ഇതു സംബന്ധിച്ചെഴുതിയ ബ്ലോഗിന്റെ തുടക്കം. ഫോണില്‍ നോക്കാതെ തന്നെ അവ പലകാര്യങ്ങളും നടത്തിതരുമെങ്കിലോ? എന്തു ചോദിച്ചാലും ഉത്തരം നല്‍കുകയും ഏതു ഭാഷയില്‍ സംസാരിക്കാന്‍ സഹായിക്കുകയും ചെയ്യുന്ന ഹെഡ് ഫോണ്‍ ആണെങ്കിലോ? എന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് പിക്‌സല്‍ ബഡ്‌സ്.
ആശയവിനിമയ രംഗത്ത് വലിയൊരു വിപ്ലവം തന്നെ സൃഷ്ടിക്കാന്‍ പോകുന്ന ഒന്നാണ് പിക്‌സല്‍ ബഡ്‌സ് എന്ന ഹെഡ്‌ഫോണ്‍. ഇത് വെറുമൊരു വയര്‍ലെസ് ഇയര്‍ഫോണല്ല. റിയല്‍ടൈം ട്രാന്‍സ്ലേഷന്‍ എന്ന ലോകം കാത്തിരുന്ന ഫീച്ചറാണ് ഇതിന്റ സവിഷേഷത. ഇതുപയോഗിച്ച് 40 ഭാഷകളില്‍ നമുക്ക് അനായാസം ആശയവിനിമയം നടത്താം. ഓണ്‍ ഡിമാന്‍ഡ് ടൂ വേ ട്രാന്‍സ്ലേഷന്‍ സംവിധാനമാണ് ഈ കുഞ്ഞന്‍ ഉപകരണത്തെ താരമാക്കുന്നത്.
ഗൂഗ്ള്‍ ട്രാന്‍സ്ലേഷന്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് പിക്‌സല്‍ ബഡ്‌സ് അന്യഭാഷാ സംസാരം സാധ്യമാക്കുന്നത്. ഗൂഗ്ള്‍ ട്രാന്‍സ്ലേഷന്‍ സപ്പോര്‍ട്ട് ചെയ്യുന്ന 40 ഭാഷകളില്‍ ഏതുപയോഗിച്ചും നമുക്ക് സംസാരിക്കാം. ഉദാഹരണത്തിന്, ഇറ്റാലിയന്‍ ഭാഷ അറിയാത്ത നിങ്ങള്‍ ഇറ്റലിയിലെത്തി എന്നിരിക്കട്ടെ. ഇറ്റാലിയന്‍ വിഭവമായ പാസ്റ്റ വാങ്ങണം. റെസ്റ്ററന്റില്‍ ചെന്ന് ഓര്‍ഡര്‍ ചെയ്യാന്‍ പിക്‌സല്‍ ബഡ്‌സ് നിങ്ങളെ സഹായിക്കും. ഇതിനു ചെയ്യേണ്ടത് വലതു വശത്തെ ഇയര്‍ഫോണില്‍ ഒന്നമര്‍ത്തി 'എന്നെ ഇറ്റാലിയന്‍ ഭാഷ സംസാരിക്കാന്‍ സഹായിക്കൂ' എന്നു പറഞ്ഞാല്‍ മാത്രം മതി. എന്നിട്ട് എന്താണോ പറയേണ്ടത് അത് ഇംഗ്ലീഷിലോ ഹിന്ദിയിലോ പറയുക. നിങ്ങളുടെ പിക്‌സല്‍ ഫോണ്‍ ഇത് മൊഴിമാറ്റി ഫോണ്‍ സ്പീക്കറില്‍ ഇറ്റാലിയന്‍ ഭാഷയില്‍ കേള്‍പ്പിക്കും. വെയ്റ്റര്‍ ഇറ്റാലിയന്‍ ഭാഷയില്‍ പറയുന്ന മറുപടി പിടിച്ചെടുത്ത് അത് നിങ്ങളുടെ ചെവിയിലിരിക്കുന്ന പിക്‌സല്‍ ബഡ്‌സ് ഇംഗ്ലീഷില്‍ കേള്‍പ്പിക്കും. ഗൂഗ്ള്‍ സപ്പോര്‍ട്ട് ചെയ്യുന്ന 40 ഭാഷകളിലും കേള്‍പ്പിക്കും. അപ്പപ്പോള്‍ തന്നെ വളരെ വേഗത്തില്‍ ഈ ട്രാന്‍സ്ലേഷന്‍ പ്രക്രിയ നടക്കുന്നുവെന്നതാണ് ആകര്‍ഷണീയ ഘടകം.
പിക്‌സല്‍ ബഡ്‌സ് ചാര്‍ജ് ചെയ്യാനും ഫോണുമായി കണടക്ട് ചെയ്യാനും വേഗത്തില്‍ കഴിയും. ശബ്ദം ക്രമീകരിക്കാനും ഗൂഗ്ള്‍ അസിസ്റ്റന്റിന്റെ സഹായം തേടാനും വലതു വശത്തെ ഇയര്‍ബഡില്‍ ടാപ് ചെയ്താല്‍ മതി. മുന്നോട്ടും പിന്നോട്ടും സൈ്വപ് ചെയ്ത് ശബ്ദും കൂട്ടുകയും കുറക്കുകയും ചെയ്യാം. മ്യൂസിക് തല്‍ക്കാലത്തേക്ക് നിര്‍ത്തിവയ്ക്കണമെങ്കിലും വെറുതെ ഒന്നു ടച്ച് ചെയ്താല്‍ മതി. പോക്കറ്റിലൊതുങ്ങുന്ന ഒരു ചാര്‍ജിങ് കേയ്‌സിലിട്ട് ചാര്‍ജ് ചെയ്യാം. 24 മണിക്കൂര്‍ ദൈര്‍ഘ്യം കിട്ടും. പിക്‌സല്‍ ഫോണുമായി ബന്ധിപ്പിക്കുന്നതും വളരെ ലളിതമാണ്. പിക്‌സല്‍ ഫോണിനടുത്ത് വച്ച് ചാര്‍ജിങ് കേയ്‌സ് തുറക്കുകയോ അല്ലെങ്കില്‍ ഗുഗ്ള്‍ അസിസ്റ്റന്റ് ഉള്ള ആന്‍ഡ്രോയ്ഡ് 7.0 നോഗട്ട് മുതല്‍ മുകളിലോട്ടുള്ള ഏതു വേര്‍ഷനിലുള്ള ഫോണും ഓട്ടോമാറ്റിക്ക് ആയി പിക്‌സല്‍ ബഡ്‌സിനെ തിരിച്ചറിഞ്ഞ് സ്വയം കണക്ട് ആകും.
ഗുഗിളിന്റെ സ്മാര്‍ട്ട് സംവിധാനങ്ങളെല്ലാം പിക്‌സല്‍ ബഡ്‌സ് നിങ്ങളെ കാതിലെത്തിച്ചിരിക്കുകയാണ്. വലതു വശത്തെ ഇയര്‍ബഡില്‍ അല്‍പ്പ നേരം തൊട്ടുനിന്നാല്‍ മതി ഗുഗ്ള്‍ അസിസ്റ്റന്റ് ആക്ടീവ് ആകും. ഫോണ്‍ സ്‌ക്രീനില്‍ നോക്കാതെ തന്നെ എന്തു സഹായവും ചോദിക്കാം. മ്യൂസിക് പ്ലേ ചെയ്യാന്‍ പറയാം. കലണ്ടര്‍ ഇവന്റുകളും ഇന്‍കമിങ് മെസേജുകളും കാതില്‍ ഓര്‍മ്മിപ്പിക്കും. വേണമെങ്കില്‍ മെസേജുകള്‍ വായിച്ചു കേള്‍പ്പിച്ചു തരികയും ചെയ്യും.
ബ്ലാക്ക്, വൈറ്റ്, ബ്ലൂ നിറങ്ങളില്‍ പുറത്തിറങ്ങുന്ന പിക്‌സല്‍ ബഡ്‌സ് അടുത്ത മാസമെ വിപണിയിലെത്തൂ. 159 യുഎസ് ഡോളറാണ് വില. യുഎസില്‍ പ്രീ ഓര്‍ഡര്‍ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. കാനഡ, ബ്രിട്ടണ്‍, ജര്‍മനി, ഓസ്‌ട്രേലിയ, സിങ്കപൂര്‍ എന്നീ രാജ്യങ്ങളിലും നവംബറില്‍ വിപണിയിലെത്തും.






