Sorry, you need to enable JavaScript to visit this website.
Saturday , October   31, 2020
Saturday , October   31, 2020

സൗദിയില്‍ കോവിഡ് ബാധിച്ച് മലപ്പുറം ഒതായി സ്വദേശി മരിച്ചു

ബുറൈദ-മലപ്പുറം ഒതായി പടിഞ്ഞാറെ ചാത്തല്ലൂര്‍ സ്വദേശി തേലേരി ബീരാന്‍ കുട്ടി (55) കോവിഡ് ബാധിച്ചു മരിച്ചു. കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മൂന്നാഴ്ചയിലതികമായി ബുറൈദ സെന്‍ട്രല്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. ചൊവ്വ വൈകിട്ടാണ് മരിച്ചത്.  കോവിഡ് ബാധിച്ച ഭാര്യ ചികിത്സയില്‍ തുടരുകയാണ്.

മുപ്പത് വര്‍ഷമായി പ്രവാസ ജീവിതം നയിക്കുന്ന ബീരാന്‍ കുട്ടി അല്‍വതനിയ കമ്പനിയില്‍ അലൂമിനിയം കാര്‍പ്പന്റര്‍ സെക്ഷനില്‍ സൂപ്പര്‍വൈസറായിരുന്നു.
ബുറൈദ ജാലിയാത്തിന്റെയും കെ എം സി സി യുടെയും പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന ഇദ്ദേഹം ഒതായി ചാത്തല്ലൂര്‍ വെല്‍ഫെയര്‍ കമ്മിറ്റിയുടെ മുന്‍ സെക്രട്ടറിയാണ്.  കുടുംബത്തോടൊപ്പം ഒരു വര്‍ഷം മുന്‍പ് ഫൈനല്‍ എക്‌സിറ്റില്‍ നാട്ടില്‍ പോകാനൊരുങ്ങിയതായിരുന്നു. ഭാര്യ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിച്ചിട്ടില്ലാത്തതിനാല്‍ അതിനു വേണ്ടി ഒരു വര്‍ഷം കൂടി നില്‍ക്കാമെന്നു തീരുമാനിച്ചതായിരുന്നു.
മുഹമ്മദ്- നമ്പീസ ദമ്പതികളുടെ മകനാണ്.ഭാര്യ :സുലൈഖ. മക്കള്‍: ഷാഫി, ഷമീര്‍, സഫീന ജാസ്മിന്‍. റൗഫ് (സൗദി)സഫി പാവണ്ണ എന്നിവര്‍ മരുമക്കളാണ്. ബുറൈദ സെന്‍ട്രല്‍ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി ബുറൈദ കെ എം സി സി വെല്‍ഫെയര്‍ വിംഗ് ചെയര്‍മാന്‍ ഫൈസല്‍ ആലത്തൂരിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.