Sorry, you need to enable JavaScript to visit this website.

യാത്രക്കാരുടെ ജീവന്‍വച്ച് ഇന്ധനം ലാഭിക്കല്‍; എയര്‍ ഏഷ്യയുടെ  രണ്ട് ഉദ്യോഗസ്ഥരെ ഡിജിസിഎ സസ്‌പെന്‍ഡ് ചെയ്തു

ന്യൂദല്‍ഹി-സുരക്ഷചട്ടങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് രാജ്യത്തെ ബജറ്റ് എയര്‍ലൈനുകളിലൊന്നായ എയര്‍ ഏഷ്യയുടെ രണ്ട് ഉന്നത ഉദ്യോഗസ്ഥരെ ഡയറക്ടേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ സസ്‌പെന്‍ഡ് ചെയ്തു. ഓപ്പറേഷന്‍ മേധാവി ക്യാപ്ടന്‍ മനീഷ് ഉപ്പാല്‍, എയര്‍ സേഫ്റ്റി വിഭാഗം തലവന്‍ ക്യാപ്ടന്‍ മുകേഷ് നീമ എന്നിവരെയാണ് ഇപ്പോള്‍ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. മൂന്ന് മാസത്തേക്കാണ് സസ്‌പെന്‍ഷന്‍ കാലാവധി. ഒരാഴ്ച മുമ്പാണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. എന്നാല്‍ ഇപ്പോഴാണ് പുറത്തുവരുന്നതെന്ന് മാത്രം. വിമാനത്തിന്റെ സുരക്ഷ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ച് എയര്‍ ഏഷ്യാ പൈലറ്റായ ക്യാപ്ടന്‍ ഗൗരവ് തനേജ തന്റെ യുട്യൂബ് ചാനലില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ക്കെതിരെ ഇപ്പോള്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. 
യൂട്യൂബിലെ പ്രമുഖ വ്‌ളോഗര്‍മാരിലൊരാളാണ് എയര്‍ ഏഷ്യ പൈലറ്റ് ഗൗരവ് തനേജ. 30 ലക്ഷത്തില്‍ കുടുതല്‍ ഫോളോവേഴ്‌സാണ് അദ്ദേഹത്തിന് യൂട്യൂബ് ചാനലായ ഫ്‌ളൈയിംഗ് ബീസ്റ്റിനുള്ളത്. ഈ ചാനലില്‍ അദ്ദേഹം പങ്കുവച്ച വീഡിയോയിലാണ് എയര്‍ ഏഷ്യാ വിമാനം സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് വ്യക്തമായത്. ഈ വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ ക്യാപ്ടന്‍ ഗൗരവ് തനേജയെ കമ്പനി സസ്‌പെന്‍ഡ് ചെയ്തിരുന്നു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് ഡിജിസിഎ ഇക്കാര്യം ശ്രദ്ധിച്ചത്. തുടര്‍ന്ന് രണ്ട് എയര്‍ ഏഷ്യാ എക്‌സിക്യുട്ടീവുകള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ജൂണ്‍ മാസമായിരുന്നു ഈ സംഭവം. തുടര്‍ന്ന് കഴിഞ്ഞ ആഴ്ചയോടെ മൂന്ന് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. 
 

Latest News