Sorry, you need to enable JavaScript to visit this website.

നാടുകാണി ചുരത്തിൽ വിള്ളൽ; ഗതാഗതം തടഞ്ഞ് അറ്റകുറ്റപ്പണി തുടങ്ങി

സംസ്ഥാന പാതയായ നാടുകാണി ചുരത്തിൽ വിള്ളലുണ്ടായ ഭാഗം  പി.വി അൻവർ എം.എൽ.എ സന്ദർശിക്കുന്നു.

എടക്കര- അന്തർ സംസ്ഥാന പാതയായ നാടുകാണി ചുരത്തിൽ വിള്ളലുണ്ടായതിനെ തുടർന്ന് ഗതാഗതം തടഞ്ഞ് അറ്റകുറ്റപ്പണി തുടങ്ങി. വിള്ളലുണ്ടായ ഭാഗം പൊളിച്ചുനീക്കിയ ശേഷം കൂടുതൽ കനത്തിൽ ക്വാറി വേസ്റ്റ് നിറച്ച് ടാറിംഗ് നടത്താനാണ് നിർദേശം. ഇന്നലെ സ്ഥലം സന്ദർശിച്ച പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനീയറുടെ നിർദേശ പ്രകാരമാണ് നിർമാണം ആരംഭിച്ചിട്ടുള്ളത്. കനത്ത മഴയെത്തുടർന്നു ചുരത്തിലെ ഒന്നാം വളവിനു മുകളിൽ അത്തിക്കുറുക്കിലാണ് മുപ്പതു മീറ്റർ നീളത്തിൽ റോഡിൽ വിള്ളൽ രൂപപ്പെട്ടത്. ഇതേത്തുടർന്നു നാടുകാണിച്ചുരം വഴിയുള്ള ഗതാഗതം താൽക്കാലികമായി നിർത്തിവെച്ചിരുന്നു. 
ഇതിനു താഴെ ഭാഗത്തുള്ള പുന്നക്കൽ പ്രദേശത്തെ നാൽപതോളം കുടുംബങ്ങളെ മണിമൂളിയിലെ ക്യാമ്പിലേക്കു മാറ്റുകയും ചെയ്തിരുന്നു. തുടർന്നു ജിയോളജിക്കൽ സർവേ സംഘവും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിക്കുകയും ഇവിടെ നടത്തേണ്ട പ്രവൃത്തികളെക്കുറിച്ച് കരാർ ഏറ്റെടുത്തു നടത്തുന്ന ഊരാളുങ്കൽ ലേബർ സൊസൈറ്റി ഉദ്യോഗസ്ഥർക്കു നിർദേശം നൽകുകയും ചെയ്തിരുന്നു. നാടുകാണി-പരപ്പനങ്ങാടി പാതയുടെ നവീകരണ പ്രവൃത്തിയുടെ ഭാഗമായി ഇരുപതടി താഴ്ചയിൽ നിന്നു അഞ്ചു മീറ്റർ വീതിയിലാണ് ഇവിടെ സംരക്ഷണ ഭിത്തി നിർമാണം നടത്തിയിട്ടുള്ളത്. ഇക്കാരണത്താൽ പ്രവൃത്തിയിലെ അപാകതയല്ല വിള്ളലിനു കാരണമെന്നു ഉദ്യോഗസ്ഥർ വിലയിരുത്തിയിരുന്നു. കനത്ത മഴയിൽ റോഡിനടിയിലെ ഉറപ്പ് കുറഞ്ഞ മണ്ണു ഒഴുകിയിറങ്ങുകയും റോഡ് ഇരിക്കുകയുമാണുണ്ടായത്. ഇതൊഴിവാക്കാനാണ് ഈ ഭാഗം പൊളിച്ചു മാറ്റി കൂടുതൽ കനത്തിൽ ക്വാറി വേസ്റ്റ് നിരത്തി നിർമാണം നടത്താൻ പൊതുമരാമത്ത് വകുപ്പ്് നിർദേശം നൽകിയിട്ടുള്ളത്. ഈ ഭാഗത്തു വൻ അപകട സാധ്യതയില്ലെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ വിലയിരുത്തൽ. എന്നിരുന്നാലും കനത്ത മഴയുണ്ടായാൽ അപകട സാധ്യത തള്ളിക്കളയാനാകുകയുമില്ല. വിള്ളലുണ്ടായ ഭാഗം നിലമ്പൂർ എം.എൽ.എ പി.വി അൻവർ ഇന്നലെ സന്ദർശിച്ചിരുന്നു.
 

Latest News