Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സിയാലിന് പോയ വർഷം 204 കോടി ലാഭം; ഈ വർഷം ഇതുവരെ 72 കോടി നഷ്ടം

നെടുമ്പാശ്ശേരി- കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി (സിയാൽ) 2019-20 സാമ്പത്തിക വർഷത്തിൽ 204.05 കോടി രൂപയുടെ ലാഭം നേടി. കൊച്ചിൻ ഡ്യൂട്ടി ഫ്രീ ഉൾപ്പെടെയുള്ള ഉപകമ്പനികൾ കൂടി പരിഗണിച്ചാൽ മൊത്തവരുമാനം 810.08 കോടി രൂപയാണ്. അതേസമയം കോവിഡിനെത്തുടർന്നുണ്ടായ പ്രവർത്തന നിയന്ത്രണം വന്നതോടെ ഈ സാമ്പത്തിക വർഷം ആദ്യപാദം പിന്നിട്ടപ്പോൾ തന്നെ സിയാൽ 72 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയിട്ടുണ്ട്. 
 2019-20 സാമ്പത്തിക വർഷത്തിൽ സിയാൽ മാത്രം 655.05 കോടിയുടെ മൊത്തവരുമാനം നേടിയിട്ടുണ്ട്. നികുതി കിഴിച്ചുള്ള ലാഭം 204.05 കോടി രൂപ. മുൻ സാമ്പത്തിക വർഷം 166.91 കോടിയായിരുന്നു ലാഭം. ലാഭത്തിലുണ്ടായ വളർച്ച 22.25%. നൂറു ശതമാനം പങ്കാളിത്തമുള്ള ഉപകമ്പനികളുടെ പ്രവർത്തനം കൂടി പരിഗണിച്ചാൽ മൊത്തം 226.23 കോടി രൂപയാണ് ലാഭം. ഓഹരിയുടമകൾക്ക് ഇത്തവണ 27 ശതമാനം ലാഭവിഹിതം മുഖ്യമന്ത്രി പിണറായി വിജയൻ ചെയർമാനായ ഡയറക്ടർ ബോർഡ് ശുപാർശ ചെയ്തിട്ടുണ്ട്. സെപ്റ്റംംബർ അഞ്ചിന് നിശ്ചയിച്ച  വാർഷിക പൊതുയോഗം അംഗീകരിച്ചാൽ 19,500 ൽപരം നിക്ഷേപകർക്ക് 27 ശതമാനം ലാഭവിഹിതം ലഭിക്കും. 34 കോടിയോളം രൂപ സംസ്ഥാന സർക്കാരിന് ഈയിനത്തിൽ സിയാലിൽനിന്ന് ലഭിക്കും. 2003-04 സാമ്പത്തിക വർഷം മുതൽ സിയാൽ മുടങ്ങാതെ ലാഭവിഹിതം നൽകുന്നുണ്ട്. ഇത്തവണത്തെ ഡയറക്ടർ ബോർഡിന്റെ ശുപാർശ അംഗീകരിക്കപ്പെട്ടാൽ മൊത്തം ലാഭവിഹിതം 282 ശതമാനമായി മാറും. കോവിഡിനെ തുടർന്ന് 2020 മാർച്ച് അവസാനയാഴ്ച മുതൽ വ്യോമഗതാഗതം അന്താരാഷ്ട്ര തലത്തിൽ പരിമിതപ്പെടുത്തിയിട്ടുണ്ട്. പ്രതിദിനം 242 സർവീസുകളും മുപ്പതിനായിരത്തോളം യാത്രക്കാരും ഉണ്ടായിരുന്ന സിയാലിൽ ഇപ്പോൾ ശരാശരി 36 സർവീസുകൾ മാത്രമാണുള്ളത്. പ്രതിദിന യാത്രക്കാരുടെ എണ്ണം  2300 ൽ താഴെയായി. 2020-21 സാമ്പത്തിക വർഷത്തിലെ ആദ്യപാദത്തിൽ (ഏപ്രിൽ -ജൂൺ) സിയാലിനുണ്ടായ വരുമാനം 19 കോടി രൂപ മാത്രമാണ്. നഷ്ടം 72 കോടിയും.  
വെള്ളപ്പൊക്ക നിവാരണ പദ്ധതികൾക്കായി മൊത്തം 129.30 കോടി രൂപ സിയാൽ ചെലവിടുന്നുണ്ട്. കോവിഡിനെത്തുടർന്നുള്ള പ്രതിസന്ധി അയയുന്നതോടെ കമ്പനിക്ക് മുൻവർഷങ്ങളിലെ പ്രവർത്തന വിജയം ആവർത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഡയറക്ടർ ബോർഡ് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനായിരുന്നു. 
സിയാൽ ഡയറക്ടർമാരായ മന്ത്രി തോമസ് ഐസക്, മന്ത്രി വി.എസ്.സുനിൽ കുമാർ, കെ.റോയ്പോൾ, എ.കെ.രമണി, എം.എ.യൂസഫലി, സി.വി.ജേക്കബ്. എൻ.വി.ജോർജ്, ഇ.എം.ബാബു, സിയാൽ മാനേജിങ് ഡയറക്ടർ വി.ജെ.കുര്യൻ, കമ്പനി സെക്രട്ടറി സജി കെ.ജോർജ് എന്നിവർ പങ്കെടുത്തു.
 

Latest News