കോവിഡ് പോസിറ്റീവായ അമ്മമാര്‍ പ്രസവിച്ച 200 കുഞ്ഞുങ്ങള്‍ക്ക് രോഗമില്ല; സര്‍ക്കാര്‍ ആശുപത്രിക്ക് അപൂര്‍വ നേട്ടം

ബെംഗളുരു- കോവിഡ് കേസുകള്‍ ബെംഗളുരുവില്‍ ആശങ്കയായി ഉയരുകയാണെങ്കില്‍ സന്തോഷത്തിനു വകനല്‍കുന്ന വാര്‍ത്തയും ഇവിടെ നിന്നുണ്ട്. നഗരത്തിലെ പ്രധാന ആശുപത്രിയായ വിക്ടോറിയ ആന്‍ഡ് വാണിവിലാസില്‍ ഈ മഹാമാരിക്കാലത്ത് കോവിഡ് പോസിറ്റീവായ ഗര്‍ഭിണികള്‍ ജന്മം നല്‍കിയ 200 കുഞ്ഞുങ്ങള്‍ക്ക് പരിശോധനയില്‍ കോവിഡ് നെഗറ്റീവ്. കോവിഡ് ബാധിതരായ ഗര്‍ഭിണികളെ ചികിത്സിക്കുന്ന ഏക ആശുപത്രിയാണ് ഈ സര്‍ക്കാര്‍ ആശുപത്രി. ഇവിടെ കോവിഡ് ബാധിതരായ അമ്മമാര്‍ ജന്മം നല്‍കിയ 200 കുട്ടികളും ആരോഗ്യത്തോടെ കഴിയുന്നുവെന്ന് ആശുപത്രി ഡയറക്ടറും ഡീനുമായ ഡോ. സി ആര്‍ ജനയന്തി പറഞ്ഞു. ആശുപത്രി സ്റ്റാഫിനു ഡോക്ടര്‍മാര്‍ക്കുമാണ് ഈ നേട്ടത്തിന്റെ ക്രെഡിറ്റ്. പിപിഇ കിറ്റ് ധരിച്ച് പ്രസവങ്ങള്‍ അറ്റന്‍ഡ് ചെയ്യുക എന്നത് അത്ര ലളിതമല്ല, അവര്‍ പറഞ്ഞു.

കോവിഡ് പശ്ചാത്തലത്തില്‍ സ്വകാര്യ ആശുപത്രികള്‍ കോവിഡ് ബാധിതരാല്ലാത്ത ഗര്‍ഭിണികളെ പോലും ചികിത്സിക്കാന്‍ തയാറാകാതിരിക്കുമ്പോള്‍ വിക്ടോറിയ പോലുള്ള സര്‍ക്കാര്‍ ആശുപത്രികള്‍ അവരുടെ രക്ഷയ്ക്കായി ഉള്ളതില്‍ അഭിമാനമുണ്ടെന്നും സര്‍ക്കാര്‍ ആശുപത്രികളുടേത് വലിയ മാനവസേവയാണെന്നും കര്‍ണാടക മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ സുധാകര്‍ പറഞ്ഞു.
 

Latest News