വാഷിംഗ്ടണ്‍- ഇറാനുമായുള്ള ആണവ കരാറില്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അന്തിമ തീരുമാനം ഇന്നറിയാം. വൈറ്റ് ഹൗസില്‍ ഇന്ന് രാത്രി നടത്തുന്ന പ്രസംഗത്തില്‍ കരാര്‍ സംബന്ധിച്ച നിലപാട് ട്രംപ് വ്യക്തമാക്കുമെന്നാണ് റിപ്പോര്‍ട്ട്.
ആണവകരാര്‍ സംബന്ധിച്ചും മധ്യപൗരസ്ത്യ ദേശത്തെ ഇറാന്റെ ഇടപെടല്‍ സംബന്ധിച്ചും ദീര്‍ഘനാളായി പുകഞ്ഞു കൊണ്ടിരുന്ന സമ്മര്‍ദ അന്തരീക്ഷത്തിന് അയവു വരുമോ അതോ കൂടുതല്‍ മുറുകുമോ എന്ന കാര്യത്തിലും ഇന്ന് വ്യക്തതയുണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. ദേശീയ സുരക്ഷാ ഏജന്‍സികളുമായി ട്രംപ് നിരന്തരം ചര്‍ച്ച നടത്തി വരികയായിരുന്നു.
അമേരിക്കയുടെ ദേശീയ താല്‍പര്യത്തിന് ചേരുന്നതല്ലെന്നു കാണിച്ച് ഇറാനുമായി മുന്‍ പ്രസിഡന്റ് ബരാക് ഒബാമ ഉണ്ടാക്കിയ കരാറുമായി ബന്ധപ്പെട്ട് നല്‍കിയ ഉറപ്പുകളില്‍നിന്ന് യു.എസ് പിന്മാറുമെന്നാണ് കരുതുന്നത്. രണ്ടു തവണ ട്രംപ് കരാറിന് അനുകൂല സമീപനമാണെടുത്തത്. എന്നാല്‍ ഇത്തവണ ആ പ്രതീക്ഷ വേണ്ടെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
അതേസമയം യു.എസിന്റെ വിശ്വാസ്യതയെ രാജ്യാന്തരതലത്തില്‍ ചോദ്യം ചെയ്യുന്നതായിരിക്കും ഈ നീക്കമെന്ന വിമര്‍ശനം സ്വന്തം പാര്‍ട്ടയില്‍നിന്നും പുറത്തുനിന്നും ട്രംപിനു നേരെ ഉയരുന്നുണ്ട്. മധ്യപൗരസ്ത്യ ദേശത്ത് ഏകാധിപത്യത്തിനാണ് ഇറാന്‍ ശ്രമിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ കരാറില്‍ പുനര്‍വിചിന്തനം വേണമെന്നും അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗമായ സി.ഐ.എ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കരാര്‍ തുടരണമെന്നാണ് റിപബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങളില്‍ ഭൂരിഭാഗം പേരും.
കരാറില്‍ നിന്ന് പൂര്‍ണമായി പിന്‍വാങ്ങുന്ന സമീപനമായിരിക്കില്ല ട്രംപിന്റെ ഭാഗത്തു നിന്നുണ്ടാവുകയെന്നും കരുതുന്നു. മറിച്ച് കരാറുമായി ബന്ധപ്പെട്ടു നല്‍കിയ മറ്റു ഉറപ്പുകളില്‍ നിന്ന് പിന്മാറുകയായിരിക്കും ചെയ്യുക. ഇതുവഴി ഇറാനു മേല്‍ വീണ്ടും ഉപരോധം ഏര്‍പ്പെടുത്തണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ യുഎസ് കോണ്‍ഗ്രസിന് 60 ദിവസത്തെ സമയം ലഭിക്കും.
നാലു വര്‍ഷം മുമ്പ് അന്നത്തെ പ്രസിഡന്റ് ബരക് ഒബാമയും ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനിയും തമ്മില്‍ ഫോണില്‍ സംസാരിച്ചതാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും ഊഷ്മളമാകാന്‍ വഴിതെളിച്ചത്. തുടര്‍ന്ന് 2015ല്‍ ആണവ പദ്ധതികള്‍ കുറയ്ക്കാന്‍ ഇറാന്‍ സമ്മതിച്ചു. തൊട്ടടുത്ത വര്‍ഷം ഇറാനെതിരായ ഉപരോധങ്ങളും നീക്കി.
യുഎസ്, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, റഷ്യ, ചൈന, യൂറോപ്യന്‍ യൂണിയന്‍, ഇറാന്‍ എന്നിവര്‍ ചേര്‍ന്ന് ഒപ്പിട്ട കരാര്‍ പ്രകാരമാണ് ഇറാനെതിരെയുള്ള ഉപരോധങ്ങള്‍ ഒഴിവാക്കിയത്. എന്നാല്‍ താന്‍ അധികാരത്തിലെത്തിയാല്‍ ഇറാനുമായുള്ള ആണവകരാര്‍ റദ്ദാക്കുമെന്നാണ് ട്രംപ് തിരഞ്ഞെടുപ്പു പ്രചാരണകാലത്ത് വ്യക്തമാക്കിയിരുന്നത്.
അമേരിക്ക ഏര്‍പ്പെട്ട ഏറ്റവും മോശം കരാര്‍ എന്നാണ് ഇതിനെ ട്രംപ് വിശേഷിപ്പിച്ചത്. മധ്യപൗരസ്ത്യ ദേശത്തെ സ്ഥിതിഗതികള്‍ അസ്ഥിരപ്പെടുത്തുന്നതിനുള്ള ഇറാന്റെ നടപടികള്‍ തുടരുന്നതിലാണ് ട്രംപിന്റെ പ്രതിഷേധം.
ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയില്‍ യാതൊരു നിയന്ത്രണവും ഇറാന്‍ കൊണ്ടുവരുന്നില്ലെന്നാണ് മുഖ്യ ആക്ഷേപം. ഹിസ്ബുല്ല ഉള്‍പ്പെടെയുള്ള ഭീകര സംഘടനകള്‍ക്ക് പണവും ആയുധവും നല്‍കുന്നത് ഇറാന്‍ തുടരുകയാണെന്നും ട്രംപ് കുറ്റപ്പെടുത്തുന്നു. ഇറാന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ മധ്യപൗരസ്ത്യ ദേശത്തെ സഖ്യശക്തികളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുക എന്നതാണ് യുഎസ് സമീപനമെന്ന് ചീഫ് ഓഫ് സ്റ്റാഫ് ജോണ്‍ കെല്ലി വ്യക്തമാക്കിയിരുന്നു.
അതേസമയം, യു.എസിന്റെ ഉപരോധ നീക്കത്തിനെതിരെ ഇറാനിലെ വിവിധ കക്ഷികള്‍ ഒറ്റക്കെട്ടായാണ് രംഗത്തു വന്നിരിക്കുന്നത്. ആണവകരാറിനു മേല്‍ ഉണ്ടാകുന്ന യു.എസിന്റെ ഏതു നടപടിയെയും ശക്തമായി നേരിടുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവേദ് സരീഫ് പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു. കരാര്‍ നിലനിര്‍ത്തണമെന്ന് യു.എസിനോട് മറ്റ് രാജ്യങ്ങളും ശക്തമായി ആവശ്യപ്പെടുന്നുണ്ട്.
ഇറാനെതിരായ ഉപരോധത്തിലുള്ള ഇളവു കാരണം ഏറെ സാമ്പത്തിക ലാഭം ഉണ്ടാക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളാണ് ട്രംപിനോട് നേരിട്ടു തന്നെ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. സഖ്യത്തിലെ ഐക്യം തകര്‍ക്കരുതെന്നാണ് ബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും നേതാക്കള്‍ ആവശ്യപ്പെട്ടത്.
കരാറില്‍ മാറ്റമുണ്ടാകില്ലെന്നാണ് ചൈന പ്രതീക്ഷിക്കുന്നത്. യുഎസ് പിന്മാറിയാല്‍ വിപരീത ഫലങ്ങളായിരിക്കും അതുണ്ടാക്കുകയെന്ന് റഷ്യയും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഇറാന്‍ വിഷയത്തില്‍ യൂറോപ്യന്‍ ശക്തികള്‍ ഒറ്റക്കെട്ടായി നില്‍ക്കേണ്ടത് അത്യാവശ്യമാണെന്ന് ജര്‍മനിയും വ്യക്തമാക്കുന്നു.

ആണവകരാര്‍ അനുസരിച്ചുതന്നെയാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് ഇറാന്റെ നിലപാട്. സമാധാനാവശ്യങ്ങള്‍ക്കു മാത്രമേ ആണവശക്തി ഉപയോഗപ്പെടുത്തൂ എന്നാണ് അവരുടെ വാദം. ഇതുവരെ അണുബോംബിനു വേണ്ടിയുള്ള യാതൊരു ശ്രമവും നടത്തിയിട്ടില്ലെന്നും ഇറാന്‍ പറയുന്നു.
ഇറാന്‍ സേനയായ റെവല്യൂഷനറി ഗാര്‍ഡിനെതിരെയും ട്രംപിന്റെ നീക്കമുണ്ടാകുമെന്നാണ് സൂചന. സേനക്കെതിരെ ഒക്ടോബര്‍ 31ഓടെ പൂര്‍ണമായും സാമ്പത്തിക ഉപരോധം നടപ്പാക്കാനാണ് ട്രംപിന്റെ നീക്കം. എന്നാല്‍ സേനയെ തൊട്ടുകളിച്ചാല്‍ അതിന്റെ പ്രത്യാഘാതം വലുതായിരിക്കുമെന്നും മധ്യപൗരസ്ത്യ ദേശത്തെ സൈനിക താവളങ്ങളില്‍നിന്ന് അമേരിക്ക പിന്മാറേണ്ടി വരുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.