നവജാത ശിശുവിനെ ആറാം നിലയില്‍ നിന്ന്  എറിഞ്ഞു കൊന്നു; അമ്മയ്‌ക്കെതിരെ കേസെടുത്തു

മുംബൈ-നവജാത ശിശുവിനെ അപ്പാര്‍ട്ട്‌മെന്റിലെ ആറാം നിലയില്‍ നിന്ന് എറിഞ്ഞ് കൊലപ്പെടുത്തി. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയ്‌ക്കെതിരെ കേസെടുത്തു. മുംബൈ പാന്ത് നഗര്‍ ഗൗരീശങ്കര്‍ വാഡിയില്‍ താമസിക്കുന്ന 25 വയസ്സുകാരിക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഇവരുടെ ആരോഗ്യനില മോശമായതിനാല്‍ കൂപ്പര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പ്രസവത്തിന് ശേഷം താന്‍ തന്നെയാണ് കുഞ്ഞിനെ ഫഌറ്റില്‍നിന്ന് താഴേക്ക് എറിഞ്ഞതെന്ന് യുവതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. അവിവാഹിതയായ യുവതി ഗര്‍ഭിണിയായ വിവരം ബന്ധുക്കളോ സുഹൃത്തുക്കളോ അറിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഫഌറ്റിനുള്ളില്‍ പെണ്‍കുഞ്ഞിനെ പ്രസവിക്കുകയായിരുന്നു. പ്രസവത്തിന് ശേഷം അല്‍പ്പ നേരത്തേക്ക് യുവതി അബോധാവസ്ഥയിലായി. ബോധം തെളിഞ്ഞതിന് പിന്നാലെ കുഞ്ഞിനെ താഴേക്ക് എറിയുകയായിരുന്നു.
പിറ്റേദിവസം അപ്പാര്‍ട്ട്‌മെന്റില്‍ എത്തിയ പാല്‍ വിതരണക്കാരനാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടത്. ഇയാള്‍ മറ്റു താമസക്കാരെയും സുരക്ഷാ ജീവനക്കാരെയും വിവരമറിയിച്ചു. ഇതിനിടെയാണ് അവശയായ നിലയില്‍ യുവതി ഫഌറ്റില്‍ നിന്നു പുറത്തേക്കിറങ്ങിയത്. ഇവര്‍ വനിതാ പോലീസിനോട് സുഖമില്ലെന്നും ആശുപത്രിയില്‍ പോകണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച് വിശദമായ പരിശോധനയ്ക്ക് ശേഷമാണ് യുവതിയുടെ പ്രസവം കഴിഞ്ഞെന്നും അതിനെത്തുടര്‍ന്നാണ് ആരോഗ്യനില മോശമായതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞത്. യുവതി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.

Latest News