Sorry, you need to enable JavaScript to visit this website.
Sunday , September   27, 2020
Sunday , September   27, 2020

തുർക്കിയുടെ  മതനിരപേക്ഷ  സംസ്‌കാരത്തിന്റെ പ്രതീകം

ഹയാ സോഫിയയുടെ രണ്ടാം നിലയിലേക്കുള്ള കോറിഡോർ 
ഇസ്താൻബുൾ നഗരത്തിലെ ടൂറിസ്റ്റുകൾക്കായുള്ള റെഡ് ബസ്.
ഹയാ സോഫിയക്ക് മുൻപിൽ റിയാദിൽ നിന്നുള്ള ടൂറിസ്റ്റുകൾ 

ഏകദേശം പതിനഞ്ചോളം നൂറ്റാണ്ടുകൾക്ക് മുൻപ് പുരാതന റോമാ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ കോൺസ്റ്റാന്റിനോപ്പിളിൽ പണി കഴിപ്പിച്ച ഗ്രീക്ക് ഓർത്തഡോക്‌സ് കത്തീഡ്രൽ ആണ് ഇന്ന് വിവാദം കത്തി നിൽക്കുന്ന ഇസ്താൻബുളിലെ ഹയാ സോഫിയ ഗ്രാൻഡ് മസ്ജിദ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ട ചരിത്രമന്ദിരം. 537 മുതൽ 1204 വരെ ഗ്രീക്ക് ഓർത്തഡോക്‌സ് ചർച്ച് ആയും പിന്നീട് 1261 വരെ റോമൻ കാത്തോലിക് ചർച്ചും 1453ൽ കോൺസ്റ്റാന്റിനോപ്പിൾ ഒട്ടോമൻ സാമ്രാജ്യത്തിന് കീഴിൽ ആയ ശേഷം അത് സുന്നി ഇസ്‌ലാമിക് മസ്ജിദ് ആയിട്ടുമാണ് നിലനിന്നത്. 
മനോഹരമായി മിനുക്കിയെടുത്ത അഷ്‌ലാർ കല്ലും മാർബിളും ഇഷ്ടികയുമുപയോഗിച്ചു ഗ്രീക്ക് വാസ്തുശിൽപ ചാതുരിയിൽ നിർമ്മിച്ച ഈ സുന്ദര സൗധം 1931ൽ ആധുനിക തുർക്കിയുടെ സ്ഥാപകനും അവരുടെ രാഷ്ട്രപിതാവുമായ മുസ്തഫ കെമാൽ അത്താതുർക്ക് ആണ് ഒരു മ്യൂസിയമായി  പ്രഖ്യാപിക്കുന്നത്. 1935 മുതൽ തുർക്കിയിലെ ഏറ്റവും വലിയ മെട്രോ നഗരമായ ഇസ്താൻബൂളിൽ എത്തുന്ന ടൂറിസ്റ്റുകളെ ഏറെ ആകർഷിച്ചുകൊണ്ടിരിക്കുന്ന ഹയാ സോഫിയ യുനെസ്‌കോ ലോകപൈതൃക പട്ടികയിലുൾപ്പെടുത്തിയിട്ടുള്ള ഒരു ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ്. തുർക്കിയിലെ പരമോന്നത നീതിപീഠം അനുമതി നൽകിയതിന് പിന്നാലെ ഹയാ സോഫിയ വീണ്ടും മുസ്‌ലിം  ആരാധനാലയമാക്കി മാറ്റാൻ പ്രസിഡന്റ് ഉത്തരവിറക്കി. ഇപ്പോൾ അടച്ചിട്ടിരിക്കുന്ന ഈ മന്ദിരം താമസിയാതെ മ്യൂസിയത്തിൽ നിന്നും മസ്ജിദിലേക്കുള്ള മാറ്റങ്ങളുമായി ആരാധനക്കും സന്ദർശകർക്കുമായി തുറന്നു കൊടുക്കും.  


ഇസ്‌ലാമിക സംഘടനകൾ  ഇതിനെ സ്വാഗതം ചെയ്തപ്പോൾ വത്തിക്കാനിൽ നിന്നും ഫ്രാൻസിസ് മാർപ്പാപ്പയും മുന്നൂറ്റി അൻപതിലധികം ക്രൈസ്തവ സഭകളും ഇതിനെതിരെ പ്രതിഷേധവുമായും രംഗത്ത് വന്നിട്ടുണ്ട്. 
1500 വർഷം മുൻപ് പണി കഴിപ്പിച്ച ഹയാ സോഫിയ (പുണ്യജ്ഞാനം എന്ന് മലയാള അർത്ഥം) റോമൻ സാമ്രാജ്യത്തിന്റേയും ഓട്ടോമൻ സുൽത്താന്മാരുടെയും പിന്നീട് വന്ന ജനാധിപത്യ ഭരണകൂടങ്ങളുടെയും കൈകളിൽ അനേകം രൂപഭാവമാറ്റങ്ങൾ കൈവരിച്ചെങ്കിലും അടിസ്ഥാനപരമായ മതനിരപേക്ഷ സ്വഭാവത്തിൽനിന്നും മാറിയിട്ടില്ല. ഭൂകമ്പങ്ങളും പ്രകൃതിക്ഷോഭവും ഈ കെട്ടിടത്തിന് അനേകം നാശനഷ്ടങ്ങൾ ഉണ്ടാക്കിയെങ്കിലും ഇപ്പോഴും അത് തുർക്കിയിലെ മികച്ച ആകർഷണമായി തന്നെ നിലനിൽക്കുന്നു. ഒട്ടോമൻ ഭരണകാലത്ത് ഈ കെട്ടിടത്തിലെ ഏറ്റവും വലിയ ആകർഷണമായ മൊസയ്ക്കുകൾ കട്ടികൂടിയ പ്ലാസ്റ്റർ ചെയ്തു മറച്ചെങ്കിലും അവയെല്ലാം പിന്നീട് പുറത്തെടുത്തിരുന്നു. വീണ്ടും മുസ്‌ലിം  പള്ളിയായി മാറുമ്പോഴും അവിടെയുള്ള എല്ലാ ക്രിസ്ത്യൻ മതചിന്ഹങ്ങളും നിലനിർത്തുമെന്നും ആർക്കും പ്രവേശനം അനുവദിക്കുമെന്നും തുർക്കി ഭരണകൂടം പ്രഖ്യാപിച്ചു കഴിഞ്ഞു.


തുർക്കിയുടെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ യൂറേഷ്യൻ രാജ്യം എന്ന വിശേഷണമാണ്. യൂറോപ്യൻ ഏഷ്യൻ അറബ് സംസ്‌കാരങ്ങൾ ഇടകലർന്ന ജീവിതരീതിയും സംസ്‌കാരവും ഇസ്താൻബുളിൽ നമുക്ക് ഏറെ പ്രകടമായി കാണാൻ സാധിക്കും. ലോകത്തെ ഏറ്റവും ചെറിയ അന്താരാഷ്ട്ര ജലപാതയായ ബോസ്‌ഫെറസ് കടലിടുക്ക് കരിങ്കടലിനെയും മർമറ കടലിനെയും ബന്ധിപ്പിക്കുന്നതോടൊപ്പം ഇസ്താൻബുളിലെ ഏഷ്യൻ യൂറോപ്യൻ കരകളെ അതിരിടുന്നു എന്ന പ്രത്യേകതയുമുണ്ട്. ഒന്നര കോടി ആളുകൾ അധിവസിക്കുന്ന യൂറോപ്പിലെ ഏറ്റവും ജനസാന്ദ്രതയേറിയ മെട്രോ നഗരമായ ഇസ്താൻബുളിന്റെ  പ്രത്യേകത അവിടുത്തെ സാംസ്‌കാരിക സമന്വയം തന്നെയാണ്. അതിന്റെ പ്രതീകം കൂടിയാണ് നഗരത്തിന്റെ ഹൃദയ ഭാഗമായ ഫതീഹിൽ സ്ഥിതി ചെയ്യുന്ന ഹയാ സോഫിയ. ഇതിനു തൊട്ടടുത്ത് തന്നെയാണ് ബൈസാൻടൈൻ, ഓട്ടോമൻ ശിൽപ്പചാതുരിയുടെ അടയാളങ്ങളായ ബ്ലൂ മോസ്‌ക് എന്നറിയപ്പെടുന്ന സുൽത്താൻ അഹമ്മദ് മസ്ജിദും ടോപ്പ്കാപി മ്യൂസിയവും. 


ഹയാ സോഫിയയുടെ അകത്തേക്ക് പ്രവേശിക്കുന്ന 7 മീറ്റർ ഉയരമുള്ള ഇംപീരിയൽ ഗേറ്റ് നമ്മെ അമ്പരപ്പിക്കും. ഖിബ്ലയുടെ ദിശ സൂചിപ്പിക്കുന്ന പടിഞ്ഞാറു ഭാഗത്തെ മിഹ്‌റാബും മാർബിളിൽ കൊത്തിയുണ്ടാക്കിയ അല്ലാഹുവിന്റെയും പ്രവാചകന്റേയും സഹാബികളുടെയും നാമങ്ങളും ഇസ്‌ലാമിക് കാലിഗ്രഫിയുടെ ദർശനങ്ങളാണ്. അതേപോലെ ചർച്ചിന്റെ ഭാഗമായി കിഴക്ക് കന്യാമറിയവും ഉണ്ണിയേശുവും വലിയ ചിത്രങ്ങളിൽ കാണാൻ സാധിക്കും. താഴത്തെ നിലയിലേക്കാൾ ചരിത്രപരമായ അടയാളങ്ങൾ കാണാനുള്ളത് രണ്ടാം നിലയിലാണ്. കല്ലുപതിച്ച കോറിഡോറിലൂടെ മുകളിലേക്ക് നടക്കുമ്പോൾ നാം അറിയാതെ നൂറ്റാണ്ടുകൾ പുറകിലേക്ക് ഊർന്നിറങ്ങും. രണ്ടാം നിലയിലുള്ള ആറാം നൂറ്റാണ്ടിൽ പണി കഴിപ്പിച്ച മാർബിൾ വാതിലും പന്ത്രണ്ടാം നൂറ്റാണ്ടിലെ മൊസൈക് പാനലും വിസ്മയിപ്പിക്കുന്ന കാഴ്ചകളാണ്. റോമൻ ചക്രവർത്തിമാരുടെ മൊസൈക് ചിത്രങ്ങളും ക്രിസ്തീയ സന്ന്യാസിമാരുടെയും പുരോഹിതൻമാരുടെയും ചിത്രങ്ങളോടൊപ്പം നമുക്കവിടെ കാണാം. ഇതിന്റെ ഭാഗമായുള്ള മ്യൂസിയവും ചരിത്രാന്വേഷികൾക്ക് കൗതുകം പകരുന്നു. 


വിവിധ കാലഘട്ടങ്ങളിലായി അഞ്ചു തവണ ഇസ്താൻബുളിലേക്ക് യാത്ര ചെയ്യാനും അപ്പോഴെല്ലാം ഹയാ സോഫിയ സന്ദർശിക്കാനും എനിക്ക് അവസരം ലഭിച്ചിരുന്നു. ഓരോ തവണയും വ്യത്യസ്തമായ അനുഭവങ്ങളാണ് ഹയാ സോഫിയ നൽകിയത് എന്ന് പറയാതെ വയ്യ.  
 വൻകരകൾക്കിടയിലുള്ള യാത്രകൾക്ക് ഇടനാഴികകളായി നിലനിന്ന പ്രദേശങ്ങൾ പലപ്പോഴും സാംസ്‌കാരിക കൈമാറ്റങ്ങളുടെ ഇടനിലക്കാരായും വർത്തിച്ചിരുന്നു. ഇത്തരം കൊടുക്കൽ വാങ്ങലുകളുടെ തിരുശേഷിപ്പുകൾ അടുത്തറിയാൻ ഇസ്താൻബുൾ പോലുള്ള ചരിത്ര നഗരങ്ങളിലേക്കുള്ള യാത്ര ഏറെ ഉപകരിക്കും. വേഷവും ഭാഷയും ഭക്ഷണവും മാത്രമല്ല സംസ്‌കാരവും നാം പലരിൽ നിന്നും പകർത്തിയെഴുതിയതാണ് എന്ന തിരിച്ചറിവ് അതിലൂടെ നമുക്ക് നേടാനും സാധിക്കും.