Sorry, you need to enable JavaScript to visit this website.
Wednesday , September   30, 2020
Wednesday , September   30, 2020

പരിസ്ഥിതി സംരക്ഷണം - ഇന്ന് അവസാന ദിനം

Environment Impact Assessment 2020 (EIA 2020) അഥവാ പരിസ്ഥിതി ആഘാത വിലയിരുത്തൽ 2020 എന്ന കേന്ദ്രസർക്കാർ നടപ്പാക്കാനുദ്ദേശിക്കുന്ന പുതിയ ഭേദഗതിയിൽ പൊതുജനത്തിന് അഭിപ്രായമറിയിക്കാനുള്ള അവസാന ദിവസം ഇന്നാണ്. ഭേദഗതിക്കെതിരെ രാജ്യത്തിന്റെ പല ഭാഗത്തും പ്രക്ഷോഭങ്ങൾ നടന്നു. പല സംസ്ഥാന സർക്കാരുകളും പൗരപ്രമുഖരും പരിസ്ഥിതി സംഘടനകളും സജീവമായി രംഗത്തുണ്ട്. അതേസമയം കക്ഷിരാഷ്ട്രീയ പ്രസ്ഥാനങ്ങൾ കാര്യമായി രംഗത്തിറങ്ങിയിട്ടില്ല. അവസാന നിമിഷം രാഹുൽ ഗാന്ധി ശക്തമായി പ്രതികരിച്ചിട്ടുണ്ട്. സീതാറാം യെച്ചൂരി, ബിനോയ് വിശ്വം തുടങ്ങിയ ഇടതുപക്ഷ അഖിലേന്ത്യാ നേതാക്കളും ഭേദഗതിക്കെതിരെ പ്രതിഷേധിച്ചെങ്കിലും കേരള സർക്കാരോ പ്രതിപക്ഷമോ തങ്ങളുടെ പ്രതികരണം കേന്ദ്രത്തെ അറിയിച്ചിട്ടില്ല എന്നാണറിവ്. അവസാന നിമിഷം അറിയിക്കുമെന്ന വാർത്തയുണ്ട്. 
1972ൽ സ്റ്റോക്ഹോം വിജ്ഞാപനം ലോക പാരിസ്ഥിതിക സംരക്ഷണ മുന്നേറ്റങ്ങളിൽ വളറെ പ്രധാനപ്പെട്ട ഒന്നായിരുന്നല്ലോ. അതിന്റെ തുടർച്ചയായി പല രാജ്യങ്ങൾക്കും ഒപ്പം ഇന്ത്യയിലും പരിസ്ഥിതി സംരക്ഷണ നിയമങ്ങൾ വന്നു തുടങ്ങി. സൈലന്റ് വാലി പദ്ധതിക്കെതിരെ നടന്ന ജനകീയ മുന്നേറ്റങ്ങളെ അംഗീകരിക്കാനും പദ്ധതി ഉപേക്ഷിക്കാനും പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിക്ക് പ്രചോദനമായത് പ്രധാനമായും ഈ വിജ്ഞാപനമായിരുന്നു. 1974 ൽ ജല മലിനീകരണത്തിനും 1981 ൽ വായു മലിനീകരണത്തിനുമെതിരെ ഇന്ത്യയിൽ നിയമങ്ങൾ നിർമിക്കപ്പെട്ടു. അപ്പോഴും വിഷയത്തിന്റെ പ്രാധാന്യം സർക്കാരുകൾക്കും ജനങ്ങൾക്കും ബോധ്യപ്പെട്ടു തുടങ്ങിയിരുന്നതേയുള്ളൂ.  1984 ലെ ലോകം കണ്ട ഏറ്റവും വലിയ വ്യാവസായിക കൂട്ടക്കൊലയായ ഭോപാൽ ദുരന്തത്തിനു ശേഷമാണ് ഇന്ത്യയിൽ പരിസ്ഥിതി മലിനീകരണത്തിനെതിരായ ശക്തമായ നിയമം രൂപപ്പെട്ടത്. തുടർന്ന് 1994 ൽ പാരിസ്ഥിതികാഘാത പഠനവും നിർബന്ധിതമാക്കി. അതനുസരിച്ച് ഏതു പദ്ധതി ആരംഭിക്കുമ്പോഴും  എൻവയോൺമെന്റൽ ക്ലിയറൻസ് വാങ്ങിയിരിക്കണം. അതനുസരിച്ച്  ഒരു കമ്പനി ആരംഭിക്കുന്നതിന് മുമ്പ് പരിസ്ഥിതി മന്ത്രാലയം  പരിശോധിക്കും.  പരിസ്ഥിതിക്കും അടുത്ത് താമസിക്കുന്നവർക്കും അതു മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങൾ പഠിക്കും. അതിനു ശേഷം മാത്രമേ എൻവയോൺമെന്റ് ക്ലിയറൻസ് നൽകുകയുള്ളൂ. അതെല്ലാം പലപ്പോഴും അട്ടിമറിക്കപ്പെടാറുണ്ടെങ്കിലും പലപ്പോഴും ഗുണകരമായും മാറിയിട്ടുണ്ട്. 
1992 ൽ  ജനീറോയിൽ വെച്ച് നടത്തിയ ഐക്യരാഷ്ട്ര സഭയുടെ അന്താരാഷ്ട്ര പരിസ്ഥിതി സമ്മേളനത്തിൽ ഇന്ത്യ കൂടി  ഒപ്പുവെച്ച റിയോ ഉടമ്പടിയിൽ  പരിസ്ഥിതി സംരക്ഷണത്തിനായി വികസന പ്രവർത്തനങ്ങളിൽ ജനപങ്കാളിത്തം ഉറപ്പ് വരുത്തണമെന്ന് പ്രത്യേകം നിഷ്‌കർഷിക്കുന്നുണ്ട്. അതിന്റെ കൂടി ഭാഗമാണ് പാരിസ്ഥിതികാനുമതിക്കുള്ള പബ്ലിക് ഹിയറിംഗ്. അതിരപ്പിള്ളി പദ്ധതിക്കും മറ്റും പ്രധാന തടസ്സം ഈ പബ്ലിക് ഹിയറിംഗായിരുന്നു. അതാണ് ഇതോടെ ഇല്ലാതാവാൻ പോകുന്നത്. ജലസേചനം ആധുനികവത്കരിക്കാനുള്ള പദ്ധതികൾ, പ്രഖ്യാപിത വ്യവസായ എസ്റ്റേറ്റുകൾക്കുള്ളിൽ  പ്രവർത്തിക്കുന്ന ലോഹ, കീടനാശിനി, പെയിന്റ്, പെട്രോളിയം ഉൽപന്നങ്ങൾ മുതലായവ നിർമിക്കുന്ന വ്യവസായ പദ്ധതികൾ, അതിർത്തി പ്രദേശങ്ങളിലുള്ള ദേശീയ പാത, എക്‌സ്പ്രസ് പാത, പൈപ്പ് ലൈൻ പദ്ധതികൾ, കെട്ടിട നിർമാണ പദ്ധതികൾ, പ്രാദേശിക വികസന പദ്ധതികൾ, മേൽപാലം, ഉപരിതല പാത, ഫ്ളൈ ഓവർ പദ്ധതികൾ, കടൽ തീരത്ത് നിന്ന് 12 നോട്ടിക്കൽ മൈൽ അപ്പുറമുള്ള പദ്ധതികൾ എന്നിവക്ക് പൊതു തെളിവെടുപ്പുകൾ വേണ്ടെന്ന് പുതിയ വിജ്ഞാപനം വ്യവസ്ഥ ചെയ്യുന്നു. 
ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും മൂലം ലോകം ഒന്നടങ്കം വൻ പാരിസ്ഥിതിക ഭീഷണി നേരിടുമ്പോഴാണ് കേന്ദ്രസർക്കാർ ഋകഅ ക്ക് ഭേദഗതിയുമായി രംഗത്തു വന്നിരിക്കുന്നത്. അതനുസരിച്ച് ഇനി സ്ഥാപനം തുടങ്ങാൻ പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ആവശ്യമില്ല. ആരംഭിച്ച് കഴിഞ്ഞ ശേഷം എൻവയോൺമെന്റ് ക്ലിയറൻസിന് അപേക്ഷിച്ചാൽ മതി. എത്രമാത്രം അപകടകരമാണ് ഈ ഭേദഗതിയെന്ന് മനസ്സിലാക്കാൻ സാമാന്യ ബുദ്ധി മാത്രം മതി. വിശാഖപട്ടണത്ത് അടുത്തു നടന്ന വിഷവാതക ദുരന്തത്തിനു കാരണമായ എൽജി പോളിമറിന് എൻവയോൺമെന്റ് ക്ലിയറൻസ് ലഭിച്ചിരുന്നില്ല എന്നത് ഇതുമായി കൂട്ടിവായിക്കാവുന്നതാണ്. അസമിലെ ഓയിൽ ഇന്ത്യ ലിമിറ്റഡ് പ്ലാന്റിൽ ഉണ്ടായ തീപ്പിടിത്തത്തിൽ 13,000 കുടുംബംഗങ്ങളെ മാറ്റിപ്പാർപ്പിച്ചല്ലോ. ഈ കമ്പനിക്കും പരിസ്ഥിതി ക്ലിയറൻസ് ഉണ്ടായിരുന്നില്ല. നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു കമ്പനി 50 ശതമാനത്തോളം പ്രവർത്തനം ഇരട്ടിയാക്കിയാലും പരിസ്ഥിതി മന്ത്രാലയത്തിന്റെ ക്ലിയറൻസ് ആവശ്യമില്ല. നിലവിലെ നിയമപ്രകാരം 20,000 സ്‌ക്വയർ ഫീറ്റോ അതിൽ കൂടുതലോ ചുറ്റളവുള്ള എല്ലാ കെട്ടിടങ്ങൾക്കും പരിസ്ഥിതി ക്ലിയറൻസ് ആവശ്യമാണ്. എന്നാലിനി 1,50,000 സ്‌ക്വയർ ഫീറ്റിൽ കൂടുതലുള്ള കെട്ടിടത്തിന് മാത്രമേ ഇതാവശ്യമുള്ളൂ. 
2006 ലെ വിജ്ഞാപനത്തിൽ വികസന പദ്ധതികളെ പ്രധാനമായും രണ്ടു വിഭാഗങ്ങളായി തരം തിരിച്ചിരുന്നു. ആധുനികവത്കരണ, വിപുലീകരണ പദ്ധതികളുൾപ്പെടെയുള്ള അ വിഭാഗം പദ്ധതികൾ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിൽ നിന്നും 'ആ' വിഭാഗം പദ്ധതികൾ സംസ്ഥാന അതോറിറ്റിയിൽ നിന്നും മുൻകൂർ പാരിസ്ഥിതിക അനുമതി വാങ്ങണമായിരുന്നു.
 ഇപ്പോഴിതാ കുറെ പദ്ധതികളെ ആ2 വിഭാഗത്തിൽ പെടുത്തി ആഘാത പഠനവും പൊതു തെളിവെടുപ്പുകളും  ഒഴിവാക്കിയിരിക്കുന്നു. രാഷ്ട്ര സുരക്ഷയുമായി ബന്ധപ്പെട്ടതും തന്ത്രപ്രധാനമെന്ന് കേന്ദ്ര സർക്കാർ നിർദേശിക്കുന്നതുമായ പദ്ധതികളിലും പൊതുതെളിവെടുപ്പുകൾ ഒഴിവാക്കി.  ഈ പദ്ധതികളുമായി ബന്ധപ്പെട്ട വിവരങ്ങളാന്നും തന്നെ പൊതു സമൂഹത്തിനു മുന്നിൽ വെക്കേണ്ടതില്ല.  പദ്ധതിയെ തന്ത്രപ്രധാനമെന്ന് വിലയിരുത്താനുള്ള അധികാരം സർക്കാരിനായിരിക്കുമെന്ന് പ്രത്യേകം പറേണ്ടതില്ലല്ലോ.  5 ഹെക്ടറിലോ അതിൽ താഴെയോ ഉള്ള ഖനന പദ്ധതികളും ആ2 വിഭാഗത്തിലാണ്. ഇതുവഴി കേരളത്തിലെ ക്വാറികളിൽ ഭൂരിഭാഗത്തിനു മേലും ഒരു നിയന്ത്രണവും സർക്കാരിനുണ്ടാവില്ല. പരിസ്ഥിതി ദുർബലമായ പശ്ചിമഘട്ടത്തിലാണ് ഭൂരിഭാഗം ക്വാറികളും നിലനിൽക്കുന്നത്. അവയിൽ ഭൂരിഭാഗവും അനധികൃതമാണ്. അവയെല്ലാം പതുക്കെ അധികൃതമായി മാറും. കേരളത്തിന് ഏറെ ഭീഷണിയായി മാറിയിരിക്കുന്ന ഉരുൾ പൊട്ടലുകളിൽ ക്വാറികളുടെ പങ്ക് ചർച്ച ചെയ്യുന്ന സാഹചര്യത്തിലാണ് ഈ നീക്കമെന്നത് പ്രധാനമാണ്. 
ഇത്രയൊക്കെയായിട്ടും കേരളം എന്തുകൊണ്ട് ഈ നീക്കത്തിനെതിരെ ശക്തമായി രംഗത്തിറങ്ങുന്നില്ല എന്നതിനുള്ള ഉത്തരത്തിനായി കാര്യമായൊന്നും തല പുകയ്‌ക്കേണ്ടതില്ല. സംസ്ഥാനത്ത് ദശകങ്ങളായി നടക്കുന്ന പരിസ്ഥിതി സംരക്ഷണ പോരാട്ടങ്ങളുടെ എതിർ വശത്ത് ആരാണെന്നതു പരിശോധിച്ചാൽ മതി. സൈലന്റ് വാലി മുതൽ ആരംഭിക്കുന്ന പരിസ്ഥിതി സംരക്ഷണ ജനകീയ പോരാട്ടങ്ങളെ എതിർക്കുന്നതിൽ എന്നും മുൻനിരയിൽ ഇപ്പോഴത്തെ ഭരണത്തിനു നേതൃത്വം നൽകുന്ന സി.പി.എം തന്നെയാണ്. പ്രതിപക്ഷത്തിരിക്കുമ്പോൾ പോലും അവരതു ചെയ്യുന്നു. 
സി.പി.എമ്മിനെ പോലെ ശക്തമായിട്ടല്ലെങ്കിലും പലപ്പോഴും കോൺഗ്രസും രംഗത്തു വരാറുണ്ട്. യെച്ചൂരിയും വി.എസും ബേബിയുമൊക്കെ പലപ്പോഴും പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് വാചാലരാകാറുണ്ട്. മറുവശത്ത് ഇന്ദിരാ ഗാന്ധി, ജയറാം രമേഷ്, രാഹുൽ ഗാന്ധി, വി.എം. സുധീരൻ തുടങ്ങി ഒരു വിഭാഗം നേതാക്കളും പരിസ്ഥിതി രാഷ്ട്രീയത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞവരാണ്. എന്നാൽ സ്വന്തം പ്രസ്ഥാനങ്ങളെക്കൊണ്ട് അതംഗീകരിപ്പിക്കാൻ അവർക്കാകുന്നില്ല. വികസനവും പരിസ്ഥിതിയുമായി ഒരു സംഘർഷമുണ്ടാകുമ്പോൾ പ്രധാന പ്രസ്ഥാനങ്ങളെല്ലാം വികസനത്തെ കുറിച്ചാണ് പറയുക. 
മുതലാളിത്ത പാതക്കാരായാലും സോഷ്യലിസം പറയുന്നവരായാലും വികസനത്തിന്റെ നിലപാടിൽ പരിസ്ഥിതിക്ക് കാര്യമായ റോളൊന്നുമില്ല. അതിന്റെ അവസാന തെളിവാണ് ഈ ഭേദഗതിയും അതിനോട് ശക്തമായി പ്രതികരിക്കാൻ മടിക്കുന്ന നമ്മുടെ രാഷ്ട്രീയ മനസ്സും.