Sorry, you need to enable JavaScript to visit this website.

വിമാന ദുരന്തത്തിലെ പാഠങ്ങൾ

കരിപ്പൂർ വിമാന അപകടത്തെ കുറിച്ചുള്ള അന്വേഷണവും വരുംകാലങ്ങളിലേക്കുള്ള നിർദേശങ്ങളും റിപ്പോർട്ടിൽ ഒതുങ്ങേണ്ടതല്ല. ഓരോ ദുരന്തവും നൽകുന്ന പാഠങ്ങൾ വ്യോമയാന മേഖലയിൽ പ്രവർത്തിക്കുന്നവരുടെയും നയങ്ങളൊരുക്കുന്നവരുടെയും കണ്ണ് തുറപ്പിക്കേണ്ടതുണ്ട്. 

രാജ്യത്തെ നടുക്കിയ വിമാന ദുരന്തമാണ് കഴിഞ്ഞ ദിവസം കരിപ്പൂർ വിമാനത്താവളത്തിൽ ഉണ്ടായത്. ആകാശ പക്ഷികളിലെ യാത്രയുടെ സുരക്ഷിതത്വത്തെ കുറിച്ച് ആശങ്കകൾ വീണ്ടുമുയർത്തിയ ദുരന്തം. കോവിഡ് വ്യാപനത്തിന്റെ സമയത്ത് ഗൾഫിൽ നിന്ന് നാട്ടിലെത്താൻ മാസങ്ങളോളം കാത്തിരുന്നവർ ഒടുവിൽ പറന്നു ചെന്നത് വലിയ ദുരന്തത്തിലേക്കായിരുന്നു. ആ വെള്ളിയാഴ്ചയിലെ മഴ ചാറുന്ന രാത്രി മലയാളികൾക്ക് ഒരിക്കലും മറക്കാനാവില്ല. നടുക്കത്തിന്റെ മാറാത്ത അടയാളമായി എക്കാലത്തും അത് അവശേഷിക്കും.
കരിപ്പൂരിൽ എയർ ഇന്ത്യാ എക്‌സ്പ്രസ് വിമാനം അപകടത്തിലേക്ക് കൂപ്പുകുത്തിയത് എങ്ങനെയെന്നതിനെ കുറിച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയവും എയർ ഇന്ത്യയും ബോയിംഗ് വിമാന കമ്പനിയും അന്താരാഷ്ട്ര വ്യോമയാന സുരക്ഷാ ഏജൻസികളുമൊക്കെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതിന്റെ റിപ്പോർട്ടുകൾ വൈകാതെ പുറത്തു വരും. എന്നാൽ അതൊന്നും ദുരന്തത്തിൽ ജീവൻപൊലിഞ്ഞവരുടെ കുടുംബങ്ങൾക്കുണ്ടായ നഷ്ടത്തിന് പരിഹാരമാകില്ല.
ഒരോ വിമാന ദുരന്തവും സർക്കാരിനും സമൂഹത്തിനും മുന്നിൽ കുറെ പാഠങ്ങൾ ബാക്കി വെക്കുന്നുണ്ട്. കരിപ്പൂർ അപകടത്തെ കുറിച്ചുള്ള അന്വേഷണ റിപ്പോർട്ടിലും ചൂണ്ടിക്കാട്ടുന്നത് ആ പാഠങ്ങൾ തന്നെയാകും. എന്നാൽ ഈ പാഠങ്ങളൊന്നും സുരക്ഷയുടെ കാര്യത്തിൽ പാലിക്കപ്പെടുന്നില്ലെന്നതാണ് യാഥാർഥ്യം.
കരിപ്പൂർ വിമാനാപകടത്തിന് മംഗലാപുരം വിമാനാപകടവുമായി ഏറെ സമാനതകളുണ്ടായിരുന്നു. ലാൻഡ് ചെയ്യുമ്പോൾ റൺവേയിൽ നിന്ന് വിമാനം പുറത്തു പോയി താഴ്ചയിലേക്ക് മറിഞ്ഞാണ് രണ്ടിടത്തും ദുരന്തമുണ്ടായത്. മംഗലാപുരത്ത് വിമാനം തകർന്നയുടനെ കത്തിയെങ്കിൽ കരിപ്പൂരിൽ അത് സംഭവിച്ചില്ലെന്ന് മാത്രം. അതുകൊണ്ടു തന്നെ കരിപ്പൂരിൽ ബഹുഭൂരിപക്ഷം യാത്രക്കാർക്കും ജീവൻ തിരിച്ചുകിട്ടി. മംഗലാപുരത്തും കരിപ്പൂരിലും വിമാനത്താവളങ്ങൾ ടേബിൾടോപ് ആണെന്ന സമാനതയുമുണ്ടായിരുന്നു.
2010 ൽ നടന്ന മംഗലാപുരം അപകടത്തെ തുടർന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് സമർപ്പിക്കപ്പെട്ട റിപ്പോർട്ടിൽ സുപ്രധാനമായ ചില ശൂപാർശകളുണ്ടായിരുന്നു. ടേബിൾടോപ് സ്വഭാവമുള്ള വിമാനത്താവളങ്ങളിൽ സുരക്ഷിതമായി വിമാന സർവീസ് നടത്തുന്നതിനുള്ള മാർഗനിർദേശങ്ങളായിരുന്നു അതിൽ പ്രധാനം. കുന്നിൻമുകളിൽ നിർമിച്ചിട്ടുള്ള വിമാനത്താവളങ്ങളിൽ റൺവേക്ക് പുറത്തുള്ള താഴ്‌വരകൾ ഒഴിവാക്കണമെന്ന സുപ്രധാനമായ ഒരു നിർദേശം അന്നത്തെ അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ ഉണ്ടായിരുന്നു. 
ലാൻഡിംഗിന് ശേഷം വേഗം നിയന്ത്രിക്കാനാവാതെ റൺവേയും കടന്നു പോകുന്ന വിമാനങ്ങൾ താഴ്ചയിലേക്ക് പതിച്ച് അഗ്്‌നിക്കിരയാകുന്നത് ഒഴിവാക്കാനായിരുന്നു ആ നിർദേശം. താഴ്ചയുള്ള ഭാഗങ്ങൾ മണ്ണിട്ട് ഉയർത്തുകയോ കൃത്രിമ വസ്തുക്കൾ ഉപയോഗിച്ച് താഴ്്‌വരയുടെ ആഴം കുറക്കുകയോ ചെയ്യണമെന്നാണ് നിർദേശിച്ചത്. കരിപ്പൂർ വിമാനത്താവളം ഉൾപ്പെടെ ഇന്ത്യയിലുള്ള വിരലിലെണ്ണാവുന്ന ടേബിൾടോപ് എയർപോർട്ടുകൾക്ക് കൂടി ബാധകമായ ഒരു നിർദേശമായിരുന്നു ഇത്. എന്നാൽ കരിപ്പൂരിൽ ഇത് നടപ്പായില്ല. അതേസമയം, കരിപ്പൂരിൽ റൺവേയുടെ നീളം നിയമങ്ങൾക്ക് വിധേയമായി കുറച്ച് അപകടകരമായ ലാൻഡിംഗ് സമയത്തേക്കുള്ള സുരക്ഷാ സ്ഥലം ഒരുക്കിയിരുന്നു. എന്നാൽ ഇതൊന്നും വെള്ളിയാഴ്ചത്തെ അപകടത്തിന്റെ ആഴം കുറക്കാൻ സഹായിച്ചില്ല.
ടേബിൾടോപ് ആണെന്നതിന്റെ പേരിൽ കരിപ്പൂർ വിമാനത്താവളം അടച്ചുപൂട്ടണമെന്നു വരെയുള്ള ആവശ്യങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമായിട്ടുണ്ട്. കരിപ്പൂർ വിരുദ്ധ ലോബികളുടെ കളികളും ഇതിന് പിന്നിലുണ്ടാകാം. അപകടത്തിന്റെ പേരിൽ വിമാനത്താവളം അടച്ചുപൂട്ടണമെന്നത് മൂഢമായ ആവശ്യമാണ്. സുരക്ഷവർധിപ്പിക്കാൻ കരിപ്പൂരിൽ എന്തെല്ലാം സംവിധാനങ്ങളാണ് ഒരുക്കേണ്ടതെന്നതിനെ കുറിച്ചായിരിക്കണം വരുംനാളുകളിലെ ചിന്ത.
കരിപ്പൂർ ദുരന്തത്തിൽ മരണസംഖ്യ കുറക്കുന്നതിൽ കൊണ്ടോട്ടി നിവാസികളുടെ രക്ഷാപ്രവർത്തനം മുഖ്യമായ പങ്കാണ് വഹിച്ചത്. കോവിഡ് വ്യാപനത്തിന്റെ ഭീതി നിലനിൽക്കുമ്പോഴും അപകടത്തിൽ പെട്ടരുടെ ജീവൻ രക്ഷിക്കാൻ വേണ്ടി കുതിച്ചു ചെന്ന ആ പ്രദേശത്തെ ജനങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. 
അപകടം നടന്ന് അര മണിക്കൂറിനുള്ളിൽ യാത്രക്കാരെ എല്ലാം ആശുപത്രികളിലെത്തിക്കാനായി എന്നത് രക്ഷാപ്രവർത്തനത്തിന് മഹത്തായ മാതൃകയാണ്. ജീവൻ രക്ഷിക്കുമ്പോൾ കോവിഡിനെ കുറിച്ച് ചിന്തിക്കാതിരുന്ന നൂറുകണക്കിന് ആളുകളാണ് തങ്ങളുടെ ദൗത്യം കഴിഞ്ഞപ്പോൾ ആരോഗ്യ വകുപ്പിന്റെ നിർദേശപ്രകാരം സ്വയം ക്വാറന്റൈനിൽ പോയിരിക്കുന്നത്. മനുഷ്യ ജീവൻ അത്രമേൽ വിലപ്പെട്ടതാണെന്ന തിരിച്ചറിവാണ് കൊണ്ടോട്ടിയിലെ ഓരോ രക്ഷാപ്രവർത്തകരെയും ആ രാത്രിയിൽ വിശ്രമമില്ലാതെ പ്രവർത്തിക്കാൻ പ്രേരിപ്പിച്ചത്. 
നഷ്ടങ്ങളുടെ കണക്കുകൾ മാത്രം ഉയർത്തിയാണ് കരിപ്പൂർ വിമാന ദുരന്തം കടന്നു പോയത്. കുടുംബം പോറ്റാൻ ഗൾഫിൽ ജോലി തേടി പോയവർ, ഗൃഹനാഥനെ അവിടെയാക്കി നാട്ടിലേക്ക് പറന്ന കുടുംബങ്ങൾ തുടങ്ങി നിരവധി പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ആ നഷ്ടം കണ്ണീരണിയിച്ചത് പല കുടുംബങ്ങളെയാണ്. എയർ ഇന്ത്യയുടെ ഏറ്റവും മികച്ച വൈമാനികനും ദുരന്തത്തിൽ ഓർമയായി. 
ഓരോ അപകടങ്ങളിലും ജീവൻ നഷ്ടപ്പെടുന്നവരുടെ കുടുംബാംഗങ്ങളുടെ കണ്ണീർ ഉണക്കാവാനില്ല. ഇനിയും ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ശ്രമങ്ങളാണ് വേണ്ടത്. കരിപ്പൂർ വിമാന അപകടത്തെ കുറിച്ചുള്ള അന്വേഷണവും വരുംകാലങ്ങളിലേക്കുള്ള നിർദേശങ്ങളും റിപ്പോർട്ടിൽ ഒതുങ്ങേണ്ടതല്ല. ഓരോ ദുരന്തവും നൽകുന്ന പാഠങ്ങൾ വ്യോമയാന മേഖലയിൽ പ്രവർത്തിക്കുന്നവരുടെയും നയങ്ങളൊരുക്കുന്നവരുടെയും കണ്ണ് തുറപ്പിക്കേണ്ടതുണ്ട്.
 

Latest News