ആദ്യ കോവിഡ് മരുന്ന് വികസിപ്പിച്ചതായി റഷ്യ;പരീക്ഷണത്തില്‍ പുടിന്റെ മകളും

മോസ്‌കോ- ലോകത്ത് ആദ്യത്തെ കോവിഡ് മരുന്ന് വികസിപ്പിച്ചതായി റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിർ പുടിന്‍ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ മെഡിസിന്‍റെ രജിസ്ട്രേഷന്‍ പൂർത്തിയായതായും തന്‍റെ മകളും ഈ മരുന്ന് സ്വീകരിച്ച്  ക്ലിനിക്കല്‍ പരീക്ഷണത്തില്‍ പങ്കാളിയായതായും അദ്ദേഹം പറഞ്ഞു.

മനുഷ്യരില്‍ ക്ലിനിക്കല്‍ പരീക്ഷണം പൂർത്തിയാക്കിയ ആദ്യ കോവിഡ് മരുന്ന് ബുധനാഴ്ച പുറത്തിറക്കുമെന്ന് റഷ്യന്‍ അധികൃതർ അറിയിച്ചു.  ഗമേലയ വാക്സിന്‍ ആദ്യം ഡോക്ടർമാർക്കും അധ്യാപകർക്കുമാണ് നല്‍കുക. ഒക്ടോബറിൽ രാജ്യത്ത് കൂട്ട വാക്സിനേഷൻ കാമ്പയിന്‍ നടത്തുമെന്നും  ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ലോകത്ത് ആറ് സ്ഥാപനങ്ങളാണ് നിലവില്‍ കോവിഡ് വാക്സിന്‍ മനുഷ്യരില്‍ പരീക്ഷണം നടത്തുന്നത്.

 നിലവിൽ ഗവേഷണത്തിലിരിക്കുന്ന വാക്സിനുകളിലൊന്ന് ക്ലിനിക്കൽ ട്രയൽ പൂർത്തിയാക്കിയതായി ഏതാനും ദിവസം മുമ്പ് റഷ്യഅവകാശപ്പെട്ടിരുന്നു.  മോസ്‌കോയിൽ സർക്കാർ നിയന്ത്രണത്തിലുളള ഗാമലെയ ഇൻസ്റ്റിറ്റ്യൂട്ടിലാണ് വാക്സിന്റെ ക്ലിനിക്കൽ ട്രയൽ പൂർത്തിയായതെന്നും ആരോഗ്യമന്ത്രി മിഖായേൽ മുറാഷ്‌കോ വ്യക്തമാക്കിയിരുന്നു.

Latest News