ഷിക്കാഗോയില്‍ വ്യാപക കൊള്ള, പോലീസ് വെടിവെപ്പ്; നൂറിലേറെ പേര്‍ അറസ്റ്റില്‍

ഷിക്കാഗോ- നഗരത്തിലെ ആഢംബ വാണിജ്യ കേന്ദ്രത്തില്‍ ആള്‍ക്കൂട്ടം വ്യാപക കൊള്ള നടത്തി. തടയാനെത്തിയ ഓഫീസര്‍മാരെ കൈകാര്യം ചെയ്തും അവരെ കീഴ്‌പ്പെടുത്തിയും ആള്‍ക്കൂട്ടങ്ങള്‍ നിരവധി സ്റ്റോറുകള്‍ കൊള്ളയടിച്ചു. കടകളുടെ ജാലകങ്ങള്‍ തല്ലിത്തകര്‍ത്തും അക്രമം അഴിച്ചുവിട്ടുമാണ് മണിക്കൂറുകളോളം നീണ്ട പകല്‍ക്കൊള്ള അരങ്ങേറിയത്. തടയാന്‍ ശ്രമിച്ച പോലീസിനു നേര്‍ക്ക് വെടിവെപ്പുണ്ടായി. പോലീസ് തിരിച്ചും വെടിവെച്ചു. സംഭവത്തില്‍ ചുരുങ്ങിയത് 13 ഒഫീസര്‍മാര്‍ക്ക് പരിക്കേറ്റു. ഇതൊരു സംഘടിത പ്രതിഷേധമല്ലെന്നും തീര്‍ത്തും ക്രിമിനല്‍ പ്രവര്‍ത്തിയാണെന്നും പോലീസ് സുപ്രണ്ട് ഡേവിഡ് ബ്രൗണ്‍ പറഞ്ഞു.

പോലീസ് ഒരാള്‍ക്കു നേരെ വെടിവെച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധമുയരുകയായിരുന്നു. സെന്‍ട്രല്‍ ഷിക്കാഗോ കൊള്ളയടിക്കണമെന്ന പോസ്റ്റുകള്‍ പ്രചരിച്ചതോടെയാണ് ആള്‍ക്കൂട്ടം നഗരത്തില്‍ കൂട്ടമായി എത്തിയതെന്നും ബ്രൗണ്‍ പറഞ്ഞു. 

സംശയത്തെ തുടര്‍ന്ന് 20കാരനെ ചോദ്യം ചെയ്യുന്നതിനിടെ ഓഫീസര്‍മാര്‍ക്കു നേരെ വെടിയുതിര്‍ത്ത് യുവാവ് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് പോലീസ് അയാള്‍ക്കു നേരെ വെടിവെച്ചതെന്ന് അധികൃതര്‍ പറയുന്നു. ആശുപത്രിയില്‍ ചികിത്സയിലുള്ള യുവാവിന്റെ നില ഗുരുതരമല്ലെന്നാണ് റിപോര്‍ട്ട്. ഈ സംഭവത്തിനു ശേഷമാണ് ആളുകള്‍ കൂട്ടമായി നഗരത്തിലെത്തിയത്. വൈകീട്ടോടെ വ്യാപക കൊള്ള അരങ്ങേറുകയായിരുന്നു. 400 പോലീസ് ഓഫീസര്‍മാരെ ഇവിടെ എത്തിച്ചു. കാറുകളിലും മറ്റുമായി നിരവധി ആള്‍ക്കൂട്ടങ്ങള്‍ നഗരത്തില്‍ നേരത്തെ തന്നെ എത്തിയിരുന്നു. പണപ്പെട്ടിയുമായി കടക്കാന്‍ ശ്രമിച്ച ഒരാളെ പോലീസ് അറസ്റ്റ് ചെയ്യുന്നതിനിടെ അതുവഴി കടന്നു പോയ ഒരു കാറില്‍ നിന്ന് പോലീസിനു നേരെ വെടിവെപ്പുണ്ടായി. പോലീസ് തിരിച്ചും വെടിവെച്ചെന്ന് ബ്രൗണ്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് നഗരത്തില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചിരിക്കുകയാണ്.
Chicago Students Riot And Loot At Strip Mall During Gun Walkout

Latest News