Sorry, you need to enable JavaScript to visit this website.

ദല്‍ഹി മുഖ്യമന്ത്രിയുടെ കാര്‍ പട്ടാപകല്‍ മോഷ്ടിച്ചു

ന്യൂദല്‍ഹി- ദല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കേജ്രിവാളിന്റെ മാരുതി വാഗണ്‍ ആര്‍ കാര്‍ സെക്രട്ടേറിയറ്റിനു സമീപത്തു നിന്നും വ്യാഴാഴ്ച നട്ടുച്ചയ്ക്ക് മോഷണം പോയി. എ.എ.പി യുജനവിഭാഗം നേതാവായ വന്ദന സിങ് ആയിരുന്നു ഈ കാര്‍ ഉപയോഗിച്ചിരുന്നത്. ദല്‍ഹിയിലെ പാര്‍ട്ടി ഓഫീസിനു സമീപവും സെക്രട്ടേറിയറ്റിനു സമീപവുമാണ് സാധാരണ ഈ കാര്‍ നിര്‍ത്തിയിടാറുള്ളത്. വ്യാഴാഴ്ച് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മോഷ്ടാവ് സെക്രട്ടേറിയറ്റിനു സമീപത്തു നിന്നും കാറുമായി കടന്നതെന്ന് പോലീസ് പറഞ്ഞു. സെക്രട്ടേറിയറ്റിനു പുറത്ത് സ്ഥാപിച്ച സി.സി.ടി.വി കാമറയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ടെങ്കിലും ഇവ വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു. കാര്‍ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് ഡല്‍ഹി അഡീഷണല്‍ ഡിസിപി ആന്റോ അല്‍ഫോണ്‍സ് പറഞ്ഞു. 

 

2013-ല്‍ ആദ്യമായി ദല്‍ഹി മുഖ്യമന്ത്രിയായി കേജ്രിവാള്‍ അധികാരമേറ്റ സമയത്താണ് ഈ കാറും പ്രശസ്തമായത്. മുഖ്യമന്ത്രി ആയിട്ടും സ്വന്തം ചെറുകാറാണ് ഔദ്യോഗിക വാഹനമായി നേരത്തെ അദ്ദേഹം ഉപയോഗിച്ചിരുന്നത്.  2014-ല്‍ ദല്‍ഹി പോലീസിനെതിരെ റെയില്‍ ഭവനിലേക്കു എഎപി നടത്തിയ മാര്‍ച്ചിലും ഈ കാര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. രാപ്പകള്‍ സമരത്തില്‍ ഈ കാറിലാണ് കേജ്രിവാള്‍ കിടന്നുറങ്ങിയിരുന്നത്.

 

ബ്രിട്ടനിലെ പാര്‍ട്ടി വളണ്ടിയറായ കുന്ദന്‍ ശര്‍മ 2013-ല്‍ കേജ്രിവാളിനു സംഭാവനയായി നല്‍കിയതാണ് ഈ കാര്‍. പിന്നീട് 2015-ല്‍ പാര്‍ട്ടി സ്ഥാപകരായ പ്രശാന്ത് ഭൂഷണേയും യോഗേന്ദ്ര യാദവിനേയും പുറത്താക്കിയതിനെ തുടര്‍ന്ന് ശര്‍മ ഈ കാര്‍ കേജ്രിവാളില്‍ നിന്നും തിരികെ ചോദിച്ചിരുന്നു. എന്നാല്‍ ഇത് ജനശ്രദ്ധ നേടാനുള്ള ശ്രമമായിരുന്നെന്ന് ശര്‍മ പിന്നീട് വ്യക്തമാക്കി.

Latest News