ബെയ്‌റൂത്ത് സ്‌ഫോടനം ജനകീയ പ്രക്ഷോഭമായി; ലെബനോനില്‍ പ്രധാനമന്ത്രി രാജിവെച്ചു, സര്‍ക്കാര്‍ വീണു

ബെയ്‌റൂത്ത്- ബെയ്‌റൂത്ത് തുറമുഖത്തുണ്ടായ കൂറ്റന്‍ സ്‌ഫോടനത്തില്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയ ജനങ്ങളുടെ സമരം ശക്തമായതോടെ ലെബനോനില്‍ പ്രധാനമന്ത്രി ഹസന്‍ ദിയാബ് രാജിവെച്ചു. ഇതോടെ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരും വീണു. പ്രതിഷേധം ശക്തമാകുന്നതിനിടെ ഏതാനും മന്ത്രിമാര്‍ നേരത്തെ രാജിവെച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ കൂടുതല്‍ മന്ത്രിമാര്‍ രാജിവെക്കുമെന്ന് വ്യക്തമാക്കി. സര്‍ക്കാര്‍ വീഴുമെന്ന് ഉറപ്പായതോടെ പ്രധാനമന്ത്രി ദിയാബ് രാജി പ്രഖ്യാപിക്കുകയായിരുന്നു.

ബെയ്‌റൂത്തില്‍ സുരക്ഷാ സേനകള്‍ പ്രക്ഷോഭകരുമായി ഏറ്റുമുട്ടലുകളും നടന്നു. കഴിവുകെട്ട, അഴിമതി നിറഞ്ഞ, വിഭാഗീയ താല്‍പര്യങ്ങളുള്ള സര്‍ക്കാര്‍ തുടരേണ്ടെന്ന ശക്തമായ മുദ്രാവാക്യമാണ് പ്രക്ഷോഭകര്‍ ഉയര്‍ത്തിയത്.

ബെയ്‌റൂത്ത് തുറമുഖത്തുണ്ടായ കൂറ്റന്‍ സ്‌ഫോടനത്തില്‍ ഇതുവരെ 160ഓളം പേര്‍ കൊല്ലപ്പെട്ടതായാണ് സര്‍ക്കാര്‍ പുറത്തുവിട്ട കണക്ക്. ആറായിരത്തോളം പേര്‍ക്ക് പരിക്കേറ്റു. 20ഓളം പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. അധികാരികളുടെ അനാസ്ഥയാണ് ഈ ദുരന്തത്തിനിടയാക്കിയതെന്നാണ് വ്യാപക ആക്ഷേപം. 

തുറമുഖത്തുണ്ടായ സ്‌ഫോടനം ബെയ്‌റൂത്ത് നഗരത്തിന്റെ വലിയൊരു ഭാഗത്തേയും ബാധിച്ചു. തകര്‍ന്ന കെട്ടിടങ്ങളുടേയും മറ്റും അവശിഷ്ടങ്ങള്‍ ആറു ദിവസങ്ങള്‍ക്കു ശേഷവും ഇപ്പോഴും നീക്കിക്കൊണ്ടിരിക്കുകയാണ്.
 

Latest News