ചാണ്ഡിഗഢ്- കഴിഞ്ഞ വര്‍ഷം നടന്ന ജാട്ട് പ്രക്ഷോഭത്തിനിടെ മുര്‍ത്താലില്‍ ഒമ്പത് സ്ത്രീകളെ ബലാത്സംഗം ചെയ്തുവെന്ന് മുതിര്‍ന്ന അഭിഭാഷകനും അമിക്കസ് ക്യൂറിയുമായ ഗുപ്ത പഞ്ചാബ്-ഹരിയാന ഹൈക്കോടതിയെ അറിയിച്ചു.
ഹരിയാന മുന്‍ ഡി.ജി.പി കെ.പി. സിംഗ് തന്നെ ഇക്കാര്യം സമ്മതിച്ചതാണെന്ന് ജസ്റ്റിസ് എ.കെ. മിത്തലിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് മുമ്പാകെ അദ്ദേഹം പറഞ്ഞു.
ഇതു സംബന്ധിച്ച് എന്തെങ്കിലും അഭിപ്രായം പ്രകടനം നടത്താന്‍ വിസമ്മതിച്ച കോടതി കേസ് നവംബര്‍ ആറിലേക്ക് മാറ്റി. പുതിയ ബെഞ്ചാണ് കേസില്‍ വാദം കേള്‍ക്കുന്നത്.
2016 ഫെബ്രുവരിയില്‍ നടന്ന സംഘര്‍ഷത്തിനിടെ ചുരുങ്ങിയത് അഞ്ച് സ്ത്രീകളെയെങ്കിലും ബലാത്സംഗം ചെയ്തതായി ഹരിയാനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വിജയ് വര്‍ധന്‍ പറഞ്ഞതായും അമിക്കസ് ക്യൂറി ബോധിപ്പിച്ചു. ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥനായ കെ.പി. സിംഗിനോടൊപ്പം പ്രകാശ് സിംഗ് കമ്മിറ്റി അംഗമായിരുന്ന വിജയ് വര്‍ധന്‍ ഇക്കാര്യം തന്നോട് മൊബൈല്‍ ഫോണിലാണ് പറഞ്ഞതെന്നും രേഖകള്‍ പരിശോധിക്കാമെന്നും അദ്ദേഹം വിശദീകരിച്ചു.
അതേസമയം, ഇതു സംബന്ധിച്ച് ഗുപ്തയോട് സംസാരിച്ചിട്ടില്ലെന്നാണ് വിജയ് വര്‍ധന്റെ നിലപാട്.
ബലാത്സംഗത്തെ കുറിച്ച് മാധ്യമങ്ങളോട് പറയുകയും പ്രത്യേക അന്വേഷണ സംഘത്തോട് നിഷേധിക്കുകയും ചെയ്ത മുര്‍ത്താലിലെ സുഖ്‌ദേവ് ധാബ, കേസ് സി.ബി.ഐക്ക് വിടുകയാണെങ്കില്‍ വസ്തുതകള്‍ വെളിപ്പെടുത്തുമെന്നും അമിക്കസ് ക്യൂറി ബോധിപ്പിച്ചു.