Sorry, you need to enable JavaScript to visit this website.

പെട്ടിമുടി ദുരന്തം: ആറ് മൃതദേഹങ്ങൾ കൂടി കിട്ടി; കണ്ടെത്താൻ ഇനി 22 പേർ 

പെട്ടിമുടി ദുരന്തത്തിൽ പെട്ടയാളുടെ മൃതദേഹവുമായി രക്ഷാപ്രവർത്തകർ


ഇടുക്കി- രാജമല പെട്ടിമുടി ദുരന്തത്തിൽ പെട്ടവരുടെ ആറ് മൃതദേഹങ്ങൾ കൂടി ഇന്നലെ കണ്ടെത്തി. വിനോദിനി (14), രാജലക്ഷ്മി (12), പ്രതീഷ് (32), വേലുതായ് (58), ജോഷ്വ (13), വിജയലക്ഷ്മി (8) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇതോടെ ആകെ മരിച്ചവർ 49 ആയി. 22 പേരെ കൂടി ഇനി കണ്ടെത്താനുണ്ട്. 
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ, സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി കെ. പ്രകാശ്ബാബു എന്നിവർ ഇന്നലെ പെട്ടിമുടിയിലെത്തി. 
പോലീസ്- 90, ഫയർ ഫോഴ്‌സ്- 78, ഫോറസ്റ്റ്- 20, എൻ.ജി.ഒ- 13, എൻ.ഡി. ആർ.എഫ്- 52, സ്‌കൂബാ ഡൈവിംഗ്- 10, റവന്യൂ- 50, ഹെൽത്ത്- 50, പഞ്ചായത്ത്- 50, ഡി.വൈ.എഫ്.ഐ- 50, സേവാഭാരതി- 50, ഐ.ആർ.ഡബ്ല്യൂ- 22, ടീം വെൽഫെയർ- 8 എന്നീ സന്നദ്ധ സംഘങ്ങൾ തിരച്ചിലിനായി രംഗത്തുണ്ട്.


അതിനിടെ, മൂന്നാർ രാജമലയിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ചു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചത് ആദ്യ ഗഡു മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് പറഞ്ഞു. ദുരന്തം നേരിട്ടവരെ പുനരധിവസിപ്പിക്കുന്ന കാര്യവും ആലോചിക്കുമെന്നാണ് താൻ കഴിഞ്ഞ ദിവസം പറഞ്ഞതിന് ഉള്ളിലുള്ളത്. അതേപ്പറ്റി വ്യക്തമാക്കിയില്ലെന്നേ ഉള്ളൂവെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.


ഉരുൾപൊട്ടലിൽ മരണമടഞ്ഞവരുടെ ബന്ധുക്കൾക്ക് പത്തു ലക്ഷം കൊടുത്തില്ലെന്നാണ് തെറ്റിദ്ധാരണ മൂലമോ ബോധപൂർവമോ ചിലർ ആരോപണം ഉന്നയിച്ചത്. മുൻപത്തേക്കാൾ അധികം തുക ആദ്യ ഗഡുവായി നൽകുകയാണ് സർക്കാർ ചെയ്തത്. നാലു ലക്ഷമല്ല അഞ്ച് ലക്ഷമാണ് അവർക്ക് ആദ്യ ഗഡുവായി പ്രഖ്യാപിച്ചത്. അതോടെ സർക്കാർ സഹായം അവസാനിക്കുന്നില്ല. മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടായ സ്ഥലത്തു തന്നെ അവർക്ക് വീണ്ടും വീട് നിർമിക്കാൻ കഴിയാതെ വരും. അപ്പോൾ വീട് നിർമിക്കാൻ വേറെ സ്ഥലം കണ്ടെത്തേണ്ടിവരും. സ്ഥലം ഏറ്റെടുക്കുകയും വീട് നിർമിക്കാനുള്ള നടപടി സ്വീകരിക്കുകയും വേണ്ടിവരും. അവർക്ക് ഇനി ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ എന്തെല്ലാം സഹായം ചെയ്യേണ്ടതുണ്ടോ അവയെക്കുറിച്ചെല്ലാം ആലോചിക്കുകയും ചെയ്യേണ്ടിവരും. അതേക്കുറിച്ചെല്ലാം സർക്കാർ ആലോചിക്കുന്നുണ്ടെന്നാണ് താൻ കഴിഞ്ഞ ദിവസം നൽകിയ വിശദീകരണത്തിനുള്ളിലുള്ളത്. അന്ന് അതേപ്പറ്റി വ്യക്തമാക്കിയില്ലെന്നേ ഉള്ളൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 

 

Latest News