കരിപ്പൂര്‍: അവസാന നിമിഷം വരെ അപകട സൂചനയില്ലാതെ എ.ടി.സി

കൊണ്ടോട്ടി- കരിപ്പൂരില്‍ അപകടത്തില്‍പെട്ട വിമാനത്തിന് ലാന്‍ഡിംഗിന് അനുമതി നല്‍കിയ എയര്‍ട്രാഫിക് കണ്‍ട്രോള്‍ യൂണിറ്റും (എ.ടി.സി) അപകടക്കെണി അറിഞ്ഞില്ല. വിമാനത്തിന് ദിശമാറ്റി ലാന്‍ഡിംഗിന് അനുമതി നല്‍കിയത് അനുകൂലമായ സാഹചര്യവും വൈമാനികന്റെ ആത്മവിശ്വാസവും മുന്‍നിര്‍ത്തിയാണെന്ന് എയര്‍ട്രാഫിക് കണ്‍ട്രോള്‍ ഡി.ജി.സി.എക്ക് വിശദീകരണം നല്‍കി. വിമാനത്തിന് ലാന്‍ഡിംഗ് അനുമതി നല്‍കിയ ഉദ്യോഗസ്ഥനില്‍നിന്നു ഡി.ജി.സി.എ മൊഴി എടുത്തു. സംഭവ ദിവസം പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരുടെ കുറവുണ്ടായോ എന്നും പരിശോധിക്കുന്നുണ്ട്. എ.ടി.സി നല്‍കിയ നിര്‍ദേശത്തില്‍ വിമാനം അപകടത്തില്‍പെടുന്നതിന്റെ സൂചനകളൊന്നും സംഭവം നടക്കുന്നത് വരെ കണ്ടെത്താനായിട്ടില്ല.
കാലാവസ്ഥ, റണ്‍വേ പരിശോധന, വിമാന പൈലറ്റുമായി ആശയ വിനിമയം തുടങ്ങിയവക്ക് ശേഷമാണ് വിമാനത്തിന് സുരക്ഷിത ലാന്‍ഡിംഗ് അനുമതി എയര്‍ട്രാഫിക് കണ്‍ട്രോള്‍ നല്‍കിയത്. ആയതിനാല്‍ വിമാനം അപകടത്തില്‍ പെടുന്നുവെന്ന ഒരു മുന്നറിയിപ്പും മുന്‍കൂട്ടി നല്‍കാനായിരുന്നില്ല. ലാന്‍ഡിംഗ് പ്രശ്‌നങ്ങളുളള വിമാനങ്ങള്‍ക്ക് അടിയന്തര ലാന്‍ഡിംഗിനുളള സാഹചര്യം ഒരുക്കി മാത്രമാണ് അനുമതി നല്‍കാറുളളത്. എന്നാല്‍ മഴയുണ്ടായിട്ടും വിമാനം റണ്‍വേയില്‍ തൊടുംവരെ വൈമാനികനില്‍നിന്ന് ഇത്തരത്തിലുളള മുന്നറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് എ.ടി.സിയുടെ വിശദീകരണം.

 

Latest News