Sorry, you need to enable JavaScript to visit this website.
Monday , September   28, 2020
Monday , September   28, 2020

കാലവർഷം കനത്തത് കർഷകരുടെ നെഞ്ചിടിപ്പ് ഉയർത്തി

കനത്ത മഴയിൽ കൃഷിയിടങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ. കർഷകരുടെ നെഞ്ചിടിപ്പ് ഉയരുന്നു. കേരളത്തിലെ സുഗന്ധവ്യഞ്ജന ഉൽപാദകർ മാത്രമല്ല, വാഴ കർഷകരും പച്ചക്കറി കൃഷി ചെയ്യുന്നവരുമെല്ലാം ആശങ്കയിലാണ്. മുൻ വാരം വ്യക്തമാക്കിതാണ് കർക്കിടകം രണ്ടാം പകുതിയിലെ മഴയുടെ അളവു കോലാവും വരും മാസങ്ങളിലെ കാർഷിക മേഖലയുടെ സാമ്പത്തിക വളർച്ച നിർണയിക്കുക എന്നത്. അത് ശരിവെക്കുന്ന സ്ഥിതിവിശേഷമാണ് സംസ്ഥാനത്ത്. 


ഇടുക്കി, വയനാട്, പത്തനംതിട്ട ഭാഗങ്ങളിലെ കുരുമുളക് തോട്ടങ്ങളിൽ കൊടികളിൽ തിരികൾ മഴയിൽ അടർന്നു വീണു. ഇത് അടുത്ത സീസണിലെ ഉൽപാദനത്തെ ബാധിക്കുമെന്ന അവസ്ഥയാണ്. കാലവർഷം താണ്ഡവമാടിയതോടെ ഏലം കൃഷിക്കും കനത്ത തിരിച്ചടി നേരിട്ടു. ആഭ്യന്തര വിദേശ വാങ്ങലുകാർ ജാതിക്കയിൽ താൽപര്യം കാണിച്ചു. മഞ്ഞൾ വിലയിൽ ചാഞ്ചാട്ട സാധ്യത. വെളിച്ചെണ്ണ വിൽപ്പന കുറഞ്ഞതിനാൽ വ്യവസായികൾ കൊപ്ര സംഭരണം കുറച്ചു. മാസത്തിന്റെ രണ്ടാം പകുതിയിൽ കാലാവസ്ഥ തെളിയും വരെ റബർ ഉൽപാദനത്തിലെ പ്രതിസന്ധി തുടരാം. ആഗോള സ്വർണ വില പുതിയ ഉയരം ദർശിച്ചു. 


മഴ മേഘങ്ങൾ ഇരുണ്ട് കൂടിയതോടെ അപ്രതീക്ഷിത കാലാവസ്ഥാ മാറ്റത്തിന് മുന്നിൽ പകച്ച് നിൽക്കുകയാണ് കാർഷിക മേഖല. കനത്ത മഴയിൽ പല വിളകളും നിലനിൽപ്പ് ഭീഷണിയിലാണ്. വരമ്പുകളിലും തൊടികളിലും കൃഷിയിറക്കിയ കർഷകരുടെ വിളകളിൽ ഒട്ടുമിക്കവയും നശിച്ചു. ഓണം മുന്നിൽ കണ്ട് ഒരുക്കിയ ഏക്കർ കണക്കിന് വാഴ കൃഷിക്കും വൻ നാശം സംഭവിച്ചത് മൂലം ലക്ഷങ്ങളുടെ സാമ്പത്തിക നഷ്ടം കർഷകർക്കുണ്ടായി.  


വിദേശ കുരുമുളക് ഇറക്കുമതി ചുരുങ്ങിയതിനാൽ നാടൻ ചരക്കിന് ഡിമാന്റുണ്ട്. ഈ മാസവും ഇറക്കുമതി കുറഞ്ഞാൽ അത് ആഭ്യന്തര വിപണി നേട്ടമാക്കും. നിലവിലെ കാലാവസ്ഥയിൽ വിൽപനയ്ക്ക് എത്തുന്ന മുളകിൽ ജലാംശ തോത് ഉയരുന്നു. ഇത് വിലക്കയറ്റത്തിന് ഭീഷണിയാണ്. അന്തരീക്ഷ താപനില കുറഞ്ഞതിനാൽ ജലാംശതോത് പതിമൂന്ന് ശതമാനത്തിൽ അധികമാക്കുന്നതിനാൽ പൂപ്പൽ ബാധയ്ക്ക് ഇടയുണ്ട്. കാലവർഷമായതിനാൽ ഉത്തരേന്ത്യയിൽ എത്തിച്ചാലും അവർക്ക് അധിക നാൾ കേട് കൂടാതെ സൂക്ഷിക്കാനാവില്ല. 


മലബാർ മുളക് വില രാജ്യാന്തര വിപണിയിൽ ടണ്ണിന് 4300 ഡോളറാണ്. ഇന്തോനേഷ്യയുടെ വിവിധ ഭാഗങ്ങളിൽ വിളവെടുപ്പ് പുരോഗമിക്കുന്നു. അവരുടെ വില 2500 ഡോളറാണ്. ഏതാണ്ട് ഇതേ വിലതന്നെയാണ് വിയറ്റ്‌നാമിനും. ഒക്ടോബർ-നവംബർ കാലയളവിൽ പുതിയ കുരുമുളക് ബ്രസീൽ 2400 ഡോളർ ആവശ്യപ്പെടുന്നു. കൊച്ചിയിൽ ഗാർബിൾഡ് കുരുമുളക് 33,200 രൂപ. ഹൈറേഞ്ചിലെ തോട്ടങ്ങളിൽ ഏല ചെടികൾക്ക് പ്രതികൂല കാലാവസ്ഥയിൽ നാശം സംഭവിച്ചു. ലേല കേന്ദ്രങ്ങളിൽ വാരാരംഭത്തിൽ കിലോഗ്രാമിന് 2002 രൂപയിലേയ്ക്ക് ഇടിഞ്ഞ എലക്ക ശനിയാഴ്ച 2451 ലേയ്ക്ക് കുതിച്ചു. കനത്ത മഴ കൃഷിയെ ബാധിച്ചതായി വേണം ഇതിലൂടെ അനുമാനിക്കാൻ. വാരാരംഭത്തിൽ ഈ സീസണിൽ ആദ്യമായി ഒരു ലക്ഷം കിലോയ്ക്ക് മുകളിൽ എലക്ക ലേലത്തിന് വന്നു. എന്നാൽ വാരാന്ത്യം വരവ് ഇതിന്റെ പകുതിയായി ചുരുങ്ങി. ഉത്സവ സീസൺ മുന്നിലുള്ളതിനാൽ ലഭ്യത ഉറപ്പിക്കാൻ വാങ്ങലുകാർ വരും ദിനങ്ങളിലും ഏലത്തിൽ താൽപര്യം നിലനിർത്താം. ജാതിക്കയ്ക്ക് അറബ് രാജ്യങ്ങളിൽ നിന്ന് അന്വേഷണങ്ങളുണ്ട്. മധ്യകേരളത്തിൽ നിന്നുള്ള ചരക്ക് വരവ് നാമമാത്രം. കയറ്റുമതി മേഖല ചരക്കിൽ താൽപര്യം നിലനിർത്തി. ജാതിക്ക തൊണ്ടൻ 180-200 രൂപ, ജാതി പരിപ്പ് 360-390, ജാതിപത്രി 900-1000 രൂപയിലും ജാതി ഫഌവർ മഞ്ഞ 1500-1700, ഫഌവർ ചുവപ്പ് 1200-1400 രൂപയിലുമാണ്. 


തമിഴ്‌നാട്ടിലെ കൊപ്രയാട്ട് മില്ലുകളുടെയും പ്രവർത്തനം കോവിഡ് വ്യാപനം മൂലം മന്ദഗതിയിലാണ്. വെളിച്ചെണ്ണയ്ക്ക് ചെറുകിട വിപണികളിലും സൂപ്പർ മാർക്കറ്റുകളിലും വിൽപ്പന പതിവിലും കുറഞ്ഞു. മില്ലുകാർ കൊപ്ര സംഭരിച്ചാൽ നേരിയ പുരോഗതി പ്രതീക്ഷിക്കാം. കൊപ്ര 10,050 ലും വെളിച്ചെണ്ണ 14,900 രൂപയിലുമാണ്. റബർ ടാപ്പിങ് സ്തംഭിച്ചതോടെ വ്യവസായികൾ ഷീറ്റ് വില ഉയർത്തി. ടയർ കമ്പനികളും ചെറുകിട വ്യവസായികളും വാങ്ങലുകാരായതോടെ നാലാം ഗ്രേഡ് റബർ 13,100 രൂപയിൽ നിന്ന് 13,500 വരെ ഉയർന്നു. അഞ്ചാം ഗ്രേഡ് 12,500-13,100 രൂപയിലാണ്. 
ആഭരണ കേന്ദ്രങ്ങളിൽ പവൻ 40,160 ൽ നിന്ന് 42,000 രൂപയായി. ഗ്രാമിന് വില 5020 ൽ നിന്ന് 5250 രൂപയായി. ന്യൂയോർക്കിൽ മഞ്ഞലോഹം 1981 ഡോളറിൽ നിന്ന് ചരിത്രത്തിൽ ആദ്യമായി 2000 ഡോളർ മറികടന്ന് 2073 ഡോളർ വരെ ഉയർന്ന ശേഷം 2034 ലാണ്. 

 

Latest News