Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

താലിബാന്‍ തടവില്‍നിന്ന് മോചിതരായ വിദേശ ദമ്പതികള്‍ക്ക് യു.എസിലേക്ക് പോകാന്‍ ഭയം

ഇസ്ലാമാബാദ്- അഫ്ഗാനിസ്ഥാനില്‍ താലിബാനുമായി ബന്ധമുള്ള ഹഖാനി ഗ്രൂപ്പിന്റെ കസ്റ്റഡിയില്‍നിന്ന് പാക്കിസ്ഥാന്‍ സേന മോചിപ്പിച്ച അമേരിക്കന്‍-കനേഡിയന്‍ ദമ്പതികള്‍ യു.എസിലേക്ക് മടങ്ങാന്‍ വിസമ്മതിച്ചു. പാക്കിസ്ഥാനില്‍നിന്ന് അമേരിക്കയിലേക്കുള്ള സൈനിക വിമാനത്തില്‍ കയറാന്‍ ദമ്പതികള്‍ വിസമ്മതിച്ചുവെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കന്‍ യുവതിയായ കെയ്റ്റ്ലന്‍ കോള്‍മാന്‍, 31, ഭര്‍ത്താവ് കാനഡക്കാരനായ ജോഷ്വ ബോയ്ല്‍, 34 എന്നിവരെയും മക്കളേയുമാണ് യു.എസ് ഏജന്‍സികളുടെ സഹായത്തോടെ പാക്കിസ്ഥാന്‍-അഫ്ഗാന്‍ അതിര്‍ത്തിയിലെ രഹസ്യ ഭീകരതാവളത്തില്‍ നിന്ന് പാക് സൈന്യം രക്ഷപ്പെടുത്തിയത്.
അമേരിക്കയിലെത്തിയാല്‍ തന്നെ പിടികൂടി ഗ്വാണ്ടനാമോ ബേയിലെ കുപ്രസിദ്ധ തടവറയിലേക്ക് അയക്കുമെന്ന ബോയ്‌ലിന്റെ ഭയമാണ് ഇവരുടെ യു.എസിലേക്കുള്ള മടക്കത്തിനു തടസ്സമായത്. അഫ്ഗാനിസ്ഥാനിലെ അല്‍ഖാഇദ കമ്പൗണ്ടില്‍നിന്ന് 2002 ല്‍ പിടികൂടി ഗ്വാണ്ടനാമോ തടവറയിലിട്ട  കനേഡിയന്‍ പൗരന്‍ ഉമര്‍ ഖാദറിന്റെ സഹോദരിയെ നേരത്തെ ജോഷ്വ ബോയ്ല്‍ വിവാഹം ചെയ്തിരുന്നു. ഈ പശ്ചാത്തലം വെച്ച് അമേരിക്കയില്‍ തടവിലാക്കുമെന്നാണ് ഭയം.
വിദേശ ദമ്പതികളെ താലിബാന്‍ കസ്റ്റഡിയില്‍നിന്ന് മോചിപ്പിച്ച പാക്കിസ്ഥാന്റെ നടപടി അമേരിക്കയുമായുള്ള ബന്ധം സാധാരണ നിലയിലാക്കാന്‍ സഹായിക്കുമെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.
അഞ്ചുവര്‍ഷം മുമ്പ് അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ബന്ധമുള്ള ഭീകരര്‍ തട്ടിക്കൊണ്ടുപോയ അമേരിക്കന്‍-കനേഡിയന്‍ ദമ്പതികളേയും തടവിലിരിക്കെ ഇവര്‍ക്കുണ്ടായ മൂന്ന് കുട്ടികളേയുമാണ് പാക്ക് സൈന്യം രക്ഷപ്പെടുത്തിയത്.
ഭീകരരെ സഹായിക്കുന്ന പാക്കിസ്ഥാന്റെ നിലപാടിനെതിരെ അമേരിക്ക ശക്തമായ നിലപാട് സ്വീകരിച്ചതിനു തൊട്ടുപിറകെയാണ് ഈ രക്ഷപ്പെടുത്തല്‍. ഈ രക്ഷാപ്രവര്‍ത്തനത്തില്‍ പാക്കിസ്ഥാനെ നന്ദി അറിയിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രതികരണവും വന്നതോടെ ഇരു രാജ്യങ്ങള്‍ക്കുമിടയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
2012-ല്‍ അഫ്ഗാനിസ്ഥാനിസ്ഥാന്‍ സന്ദര്‍ശനത്തിനെത്തിയ ഇവരെ ഗസ്നി പ്രവിശ്യയില്‍ നിന്നാണ്   ഭീകരര്‍ തട്ടിക്കൊണ്ടു പോയി ബന്ദികളാക്കിയത്. താലിബാന്‍ ബന്ധമുള്ള ഹഖാനി തീവ്രവാദ ഗ്രൂപ്പാണ് ഇവരെ അഞ്ചു വര്‍ഷം മുമ്പ് തട്ടിക്കൊണ്ടുപോയത്.   കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി യുഎസ് ഏജന്‍സികളുടെ സഹായത്തോടെ ഇവരെ ബന്ദികളാക്കിയ താവളം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു പാക് സേന. ബുധനാഴ്ചയാണ് രക്ഷപ്പെടുത്തിയതെങ്കിലും ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പാക്സൈന്യം പുറത്തു വിട്ടിരുന്നില്ല.
അതിനിടെ രക്ഷപ്പെടുത്തല്‍ ശ്രമത്തിനിടെ നടന്ന ഏറ്റമുട്ടലില്‍ ഇവര്‍ സുരക്ഷിതരായിരുന്നോ എന്നതു സംബന്ധിച്ച പരസ്പര വിരുദ്ധ റിപ്പോര്‍ട്ടുകള്‍ വ്യാഴാഴ്ച പുറത്തു വന്നിരുന്നു. ഭീകരരില്‍ നിന്നും രക്ഷപ്പെട്ട കുടുംബം പാക്കിസ്ഥാനിലാണ് ഇപ്പോഴുള്ളത്. ഇവരെ യുഎസിലെത്തിക്കാന്‍ പ്രത്യേക സൈനിക വിമാനം യുഎസ് സേന തയാറാക്കിയിട്ടുണ്ടെങ്കിലും മോചിതനായ ജോഷ്വ ബോയ്ല്‍ തന്റെ കുടുംബത്തെ യുഎസ് വിമാനത്തില്‍ കൊണ്ടു പോകരുതെന്ന നിലപാടിലാണ്. കുട്ടികളെ വൈദ്യപരിശോധന നടത്താനും ഇദ്ദേഹം അനുവദിച്ചില്ലെന്നു പറയപ്പെടുന്നു.
അഫ്ഗാനില്‍ നിന്നു ജര്‍മനിയിലേക്കു കൊണ്ടു പോകാമായിരുന്നെന്നാണ് യു.എസിലെ ഇവരുടെ ബന്ധുക്കള്‍ അഭിപ്രായപ്പെട്ടതെന്നും ഇവരുടെ നീക്കവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറയുന്നു. പാക്കിസ്ഥാനില്‍ നിന്നും ഈ കുടുംബത്തെ ഇനി എങ്ങോട്ടു കൊണ്ടു പോകണമെന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുകയാണ്.
അതേസമയം യുഎസ് സഹായത്തോടെ പാക് സൈന്യം നടത്തിയ രക്ഷപ്പെടുത്തല്‍ ഓപറേഷന്‍ സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ ഇപ്പോഴും പുറത്തു വന്നിട്ടില്ല. രക്ഷപ്പെട്ട ബോയ്ല്‍ കാനഡയിലെ തന്റെ മതാപിതാക്കളെ ഫോണില്‍ ബന്ധപ്പെട്ടതായി കനേഡിയന്‍ പത്രമായ ദി ടൊറന്റോ സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു ഏറ്റുമുട്ടലിലൂടെയാണ് തങ്ങളെ രക്ഷപ്പെടുത്തിയതെന്നും വെടിവയ്പ്പില്‍ തങ്ങളെ ബന്ദികളാക്കിയ അഞ്ചു ഭീകരര്‍ കൊല്ലപ്പെടതായും ജോഷ്വ പറഞ്ഞതായി ബന്ധുക്കള്‍ പറയുന്നു.
 
 

Latest News