Sorry, you need to enable JavaScript to visit this website.
Friday , October   30, 2020
Friday , October   30, 2020

കരിപ്പൂർ അപകടവും പ്രാഥമിക അന്വേഷണ റിപ്പോർട്ടും

മലബാറിന്റെ വികസന കുതിപ്പിന് ആകാശ വീഥി തുറന്നിട്ട കരിപ്പൂർ വിമാനത്താവളത്തിലെ വിമാന ദുരന്തത്തിൽ നാടും പ്രവാസ ലോകവും വിറങ്ങലിച്ചിരിക്കുകയാണ്. കോവിഡ് ഭീതി, പ്രളയം, തൊട്ടുപിറകെ അപ്രതീക്ഷമായുണ്ടായ വിമാന ദുരന്തവും കൂടി കേരളത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. മലകളാൽ ചുറ്റപ്പെട്ട കരിപ്പൂർ വിമാനത്താവളത്തിൽ മണ്ണിട്ട് ഉയർത്തിയ റൺവേ അപകടക്കെണികൾ ഒഴിവാക്കിയാണ് കഴിഞ്ഞ വർഷം അവസാന മിനുക്കുപണികളും നടത്തിയത്. എന്നാൽ കനത്ത മഴയിൽ റൺവേയിലെ നിശ്ചിത അകലം കാണാനാവാതെയുളള വിമാന ലാൻഡിംഗ് വലിയ ദുരന്തമാണ് ക്ഷണിച്ചുവരുത്തിയത്. പരിചയ സമ്പന്നനായ വൈമാനികനു പോലും പിടിച്ചു നിർത്താൻ കഴിയാത്ത ദുരന്തത്തിന്റെ നിജസ്ഥിതി തേടുകയാണ് വ്യോമയാന മന്ത്രാലയം.  
വിമാന ജീവനക്കാരും യാത്രക്കാരുമായി 190 പേരാണ് ദുബായിൽ നിന്ന് കരിപ്പൂരിലെത്തിയ വിമാനത്തിലുണ്ടായിരുന്നത്. ലാൻഡിംഗിനിടെ വിമാനം 35 അടി താഴ്ചയിലേക്ക് കൂപ്പുകുത്തിയതോടെ പൊലിഞ്ഞത് 18 പേരുടെ ജീവനാണ്. 149 പേർക്ക് പരിക്കേറ്റു. 23 പേർ പ്രഥമ ശുശ്രൂഷക്ക് ശേഷം വീട്ടിലേക്ക് മടങ്ങി.


കരുത്ത് തെളിയിച്ച റൺവേയിൽ നിന്ന് തെന്നി സമുദ്ര നിരപ്പിൽ നിന്ന് ആറായിരം അടി ഉയരത്തിലാണ് കരിപ്പൂർ റൺവേ. മൂന്ന് മലകൾക്കിടയിൽ ഉയർന്നിരിക്കുന്ന വിമാനത്താവളം. പൂർണമായും മണ്ണിട്ട് ഉയർത്തിയ റൺവേ 2015 ലാണ് റീ-കാർപറ്റിംഗ് നടത്തിയത്. മൂന്ന് വർഷത്തിന് ശേഷമാണ് അറ്റകുറ്റപ്പണികൾ നടന്നത്. വലിയ വിമാനങ്ങൾ പിൻവലിച്ചാണ് പ്രവൃത്തികൾ നടത്തിയത്. 65 കോടി മുടക്കിയാണ് റൺവേ നവീകരണ പ്രവൃത്തികൾ നടത്തിയത്. ഘട്ടംഘട്ടമായി ടാറിംഗ് പ്രവൃത്തികൾ നടത്തുകയായിരുന്നു. വിമാനങ്ങൾ വന്നിറങ്ങി ബലക്ഷയം കണ്ടെത്തിയ 400 മീറ്റർ റൺവേ ഭാഗം പൊളിച്ചുമാറ്റിയാണ് പുതിയത് സ്ഥാപിച്ചത്. ശേഷിക്കുന്നിടം ടാറിംഗ് നടത്തിയും നവീകരിച്ചു. രണ്ട് പാളികളായുളള ടാറിംഗ് പൂർത്തിയായതിന് ശേഷമാണ് റൺവേ മുഴുവൻ നീളവും ഉപയോഗിക്കാനായി തുറന്നു നൽകിയത്. ഒരു വിമാനം ലാൻഡ് ചെയ്യുമ്പോൾ റൺവേക്ക് താങ്ങാനാവുന്ന വിമാനത്തിന്റെ ഒരു ടയറിന്റെ ഭാരത്തെ സൂചിപ്പിക്കുന്ന പി.സി.എൻ (പേവ്‌മെന്റ് ക്ലാസിഫിക്കേഷൻ നമ്പർ) നമ്പർ 55 ൽ നിന്ന് 71 ആയി വർധിപ്പിച്ചിട്ടുണ്ട്. രാജ്യത്തെ ഏറ്റവും മികച്ച വിമാനത്താവള റൺവേകളിൽ ഒന്നായി കരിപ്പൂരിനെ മാറ്റി.


    റൺവേയിലെ ടാറിംഗ് പൂർത്തിയാക്കിയതോടൊപ്പം വശങ്ങളിൽ മണ്ണിട്ട് നികത്തുന്ന പ്രവൃത്തികൾ നടത്തി. ടാറിംഗ് പ്രവൃത്തികൾ നടത്തിയതിനാൽ നിലവിൽ റൺവേ ഉയരം കൂടിയിരിക്കുകയാണ്. വശങ്ങളിൽ താഴ്ചയുളളത് ഒഴിവാക്കാനാണ് മണ്ണിട്ട് ഉയർത്തിയത്. ഏറ്റവും പുതിയ സാങ്കേതിക വിദ്യയിലുളള യൂറോപ്യൻ ലൈറ്റിംഗ് സംവിധാനമാണ് കരിപ്പൂരിൽ സ്ഥാപിച്ചത്. കരിപ്പൂരിന്റെ റൺവേ ശക്തവും സാങ്കേതിക മികവുള്ളതുമാണെന്ന് ഡി.ജി.സി.എ സാക്ഷ്യപ്പെടുത്തി.


മംഗലാപുരം വിമാന അപകടത്തിന്റെ പശ്ചാത്തലത്തിൽ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഇന്ത്യയിലെ മുഴുവൻ വിമാനത്താവളങ്ങളിലും പരിശോധന നടത്തിയിരുന്നു. ഇതിൽ കരിപ്പൂർ ഉൾപ്പെടെ ഒമ്പത് വിമാനത്താവളങ്ങളാണ് ക്രിട്ടിക്കൽ വിമാനത്താവളങ്ങളുടെ വിഭാഗത്തിൽ പെടുത്തിയത്. ഇതിന്റെ മുന്നോടിയായാണ് കരിപ്പൂരിൽ സുരക്ഷാ ക്രമീകരണങ്ങളും റൺവേയിൽ ബലപ്പെടുത്തലും നടന്നത്. വെളളിയാഴ്ച എയർ ഇന്ത്യാ എക്സ്പ്രസിന്റെ ബോയിംഗ് 737-800 വിമാനം അപകടത്തിൽ പെട്ടത് ഇക്കാരണങ്ങളാലല്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ നിന്ന് കണ്ടെത്തിയത്.
കരിപ്പൂരിൽ കനത്ത മഴയും മൂടൽ മഞ്ഞമുളള സമയത്ത് വിമാന ലാൻഡിംഗ് തടസ്സപ്പെടുന്നത് പതിവ് സംഭവമാണ്. കരിപ്പൂരിൽ അപകടത്തിൽ പെട്ട വിമാനം മഴയുളള സമയത്താണ് എയർട്രാഫിക് കൺട്രോളിന്റെ പരിധിയിൽ വന്നത്. ലാൻഡിംഗിന് അനുമതി തേടിയ വിമാന പൈലറ്റിന് റൺവേയുടെ നേർരേഖ കാണാൻ കഴിഞ്ഞില്ല. ഇതോടെ ആകാശത്ത് വട്ടമിട്ട് പറന്ന് വിമാനം രണ്ടാം ലാൻഡിംഗിന് ശ്രമിക്കുകയായിരുന്നു. ഈ ഉദ്യമത്തിലാണ് അപകടമുണ്ടായത്.


കിഴക്ക് ഭാഗത്തെ റൺവേ 28, പടിഞ്ഞാറ് ഭാഗത്തെ റൺവേ 10 എന്നിവയിൽ വിമാനം ലാൻഡ് ചെയ്യുന്ന വിമാനങ്ങൾക്ക് റൺവേയുടെ സ്ഥാനം നിർണയിക്കാൻ  ഇൻസ്ട്രൂമെന്റൽ ലാൻഡിംഗ് സിസ്റ്റം (ഐ.എൽ.എസ്) സ്ഥാപിച്ചിട്ടുണ്ട്. ഇവയാണ് മഴയിലും മഞ്ഞിലും റൺവേയുടെ കാഴ്ച മറക്കുന്നത് പരിഹരിക്കുന്നത്. കരിപ്പൂരിൽ വിമാനം കിഴക്ക് ലാൻഡിംഗ് നടത്താൻ തുനിഞ്ഞ പൈലറ്റിന് മഴ തടസ്സമായതോടെ റൺവേയിൽ ഇറക്കാതെ വിമാനം ഉയർത്തുകയായിരുന്നു. റൺവേയിൽ നിന്ന് 3800 അടിയോളം താഴ്ന്നു വന്നതിനു ശേഷമാണ് വിമാനം വീണ്ടും പറന്നുയർന്നത്. അര മണിക്കൂറിലേറെ വിമാനം ആകാശത്ത് വട്ടമിട്ട് പറന്ന് ഒടുവിൽ പടിഞ്ഞാറ് ലാൻഡ് ചെയ്യുകയായിരുന്നു. ഇതോടെയാണ് റൺവേ 10 ൽ വിമാനം ലാൻഡ് ചെയ്യാൻ പൈലറ്റിനെ പ്രേരിപ്പിച്ചത്.

വിമാനം കൃത്യമായി റൺവേയുടെ നേർരേഖയിൽ ലാൻഡ് ചെയ്യുമെന്ന വൈമാനികന്റെ കണക്കുകൂട്ടലും ഇതോടെ പിഴച്ചു. ചാറ്റൽ മഴയിൽ ലാൻഡ് ചെയ്യാൻ വന്ന വിമാനം റൺവേയുടെ തുടക്കത്തിൽ (ടച്ച് ഡൗൺ സോൺ) ഇറങ്ങാതെ വീണ്ടും മുന്നോട്ടു പറന്ന് ഏകദേശം റൺവേയുടെ മധ്യത്തോടെയാണ് നിലം തൊട്ടത്. റൺവേയിലൂടെ പാഞ്ഞ വിമാനം 35 അടി താഴ്ചയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. ചെരിവിനറ്റത്ത് തറനിരപ്പിലുള്ള ചുറ്റുമതിൽ തകർത്ത് കൂപ്പുകുത്തി രണ്ടായി പിളരുകയായിരുന്നു. വിമാനത്തിന്റെ മുൻഭാഗത്തെ കോക്പിറ്റിന് സമീപത്തെ വാതിൽ ഭാഗമാണ് മുറിഞ്ഞ് വേറിട്ടത്. പിറകിലെ ചിറകിന്റെ ഭാഗവും തകർന്നു. ഇവിടെ ഇരുന്നവർക്കാണ് കൂടുതൽ അപകടം പറ്റിയത്. റൺവേയിൽ ഇറങ്ങിയതിനു ശേഷം റൺവേയുടെ അറ്റമെത്തും മുമ്പേ വൈമാനികനു വിമാനം പിടിച്ചു നിർത്താൻ കഴിയാതെ വന്നതാണ് അപകടത്തിന് കാരണമായത്.


1990 ൽ ബാംഗ്ലൂരുവിൽ ഇന്ത്യൻ എയർലൈൻസ് വിമാനം എച്ച്.എൽ വിമാനത്താവളത്തിനടുത്തുള്ള മതിൽ തകർത്ത അപകടത്തിൽ മരിച്ചത് 92 പേരാണ്. കഴിഞ്ഞ മേയിൽ കറാച്ചിയിൽ പാക്കിസ്ഥാൻ എയർലൈൻസ് വിമാനം വിമാനത്താവളത്തിനടുത്തെത്തി ഒടുവിൽ റൺവേയിലല്ലാതെ നിലം തൊട്ട അപകടത്തിൽ 98 പേരാണ് മരിച്ചത്. 1997 ഓഗസ്റ്റ് ആറിന് അമേരിക്കയുടെ ഗുവാമിലെ അന്റോണിയോ ബി. വൺ പാറ്റ് രാജ്യാന്തര വിമാനത്താവളത്തിൽ റൺവേക്ക് മുമ്പേ നിലത്തിറങ്ങിയ കൊറിയൻ എയർ വിമാനം തകർന്ന് മരിച്ചത് 254 പേരാണ്. മംഗലാപുരം വിമാന അപകടത്തിൽ മരിച്ചത് 155 പേരാണ്. എന്നാൽ സമാനമായ രീതിയിൽ വിമാന അപകടം കരിപ്പൂരിലുണ്ടായിട്ടും ആളപായം കുറഞ്ഞത് പൈലറ്റിന്റെ അവസാന നിമിഷത്തെ ഇടപെടലാണ്.

2996 മീറ്റർ നീളമുള്ള കരിപ്പൂർ വിമാനത്താവളത്തിന്റെ റൺവേ എൻഡ് സേഫ്റ്റി ഏരിയ (റിസ) വിപുലീകരിച്ചതോടെ 2700 മീറ്ററായി കുറഞ്ഞു. എന്നിരുന്നാലും ജംബോ ഉൾപ്പെടെയുളള വിമാനങ്ങൾക്ക് ഡി.ജി.സി.എ അനുമതി നൽകിയിട്ടുണ്ട്. വിമാനങ്ങൾ ലാൻഡിംഗിന് ശേഷം ഓടി നിൽക്കാൻ  പരമാവധി 1630 മീറ്റർ മാത്രം മതി. എന്നാൽ ലാൻഡിംഗിന്റെ നേർരേഖ പൈലറ്റ് നിശ്ചയിക്കണം.
വിമാനങ്ങൾ ലാൻഡ് ചെയ്യുന്നതിന് സഹായിക്കുന്നത് എയർട്രാഫിക് കൺട്രോൾ ആണ്. ഇവരും വിമാനം എത്ര ഉയരത്തിൽ നിന്ന് എത്ര വേഗത്തിൽ, എത്ര ചെരിവിൽ താഴേക്കു വരണമെന്ന കാര്യങ്ങൾ നിശ്ചയിക്കാറില്ല. ഇത് പൈലറ്റുമാരുടെ സ്വാതന്ത്ര്യമാണ്.


   വിമാനത്തിന്റെ ഗതിയിൽ പിന്നിൽ നിന്ന് മുന്നോട്ടു വീശിയിരുന്ന ടെയിൽ വിൻഡ്, റൺവേയിൽ വെള്ളം കെട്ടിക്കിടന്നുണ്ടാകുന്ന ഹൈഡ്രോപ്ലെയിനിങ് തുടങ്ങിയവയാണ് അപകടത്തിന് കാരണമായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുളളത്.1800 മീറ്റർ റൺവേയിൽ ലാൻഡ് ചെയ്യുവാൻ കഴിയുന്ന വിമാനം 2700 മീറ്റർ നീള മുള്ള റൺവേയിൽ നിന്ന് തെന്നിയാണ് കരിപ്പൂരിൽ അപകടത്തിൽ പെട്ടത്. വിമാനം അപകടത്തിൽ പെട്ട ഉടനെ വൈമാനികൻ എൻജിൻ നിർത്തിയതായാണ് കാണുന്നത്. ആയതിനാലാണ് വിമാന ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ച് വലിയ ദുരന്തമുണ്ടാവാതിരുന്നത്. റൺവേക്ക് മുകളിൽ നിന്ന് 35 അടി താഴ്ചയുളളതിനാലാണ് ഇത്രയും പേർ മരിക്കാനിടയായത്.

Latest News