Sorry, you need to enable JavaScript to visit this website.

വിപദിധൈര്യം വെടിയാത്ത സ്‌നേഹബലി 

കരിപ്പൂർ അപകടത്തിൽ മരിച്ച പൈലറ്റ് ദീപക് വസന്ത് സാഠേ 

'ഒരാളുടെ ജീവൻ വല്ലവനും സംരക്ഷിച്ചാൽ അത് മനുഷ്യ സമൂഹത്തെ മുഴുവൻ സംരക്ഷിച്ചതിന് തുല്യമാണ്' എന്നൊരു പ്രഖ്യാപനം വിശുദ്ധ ഖുർആനിലുണ്ട്. അതാണ് ദീപക് വസന്ത് സാഠെ കാണിച്ചുതന്നത്. ഭൂമിയിൽ കർമനിരതനായി ആറു പതിറ്റാണ്ട് ജീവിക്കുക. പലർക്കും ജീവൻ ദാനമായി നൽകി സ്വയം ബലിദാനിയാവുക. ഓഗസ്റ്റ് ഏഴിന്റെ സായംസന്ധ്യയിൽ കരിപ്പൂരിലിറങ്ങിയ എയർ ഇന്ത്യാ എക്‌സ്പ്രസ് 1344 വിമാനം പാളം വിട്ട് മുപ്പത്തഞ്ചടി താഴ്ചയിലേക്ക് കൂപ്പുകുത്തി രണ്ടായി പിളർന്ന് 18 പേരുടെ ജീവനെടുത്തു. 190 യാത്രികരിൽ  171 പേരെയും ജീവിക്കാൻ വിട്ട കഥയാണ് നന്ദിപൂർവം ഇവിടെ അനുസ്മരിക്കാൻ ശ്രമിക്കുന്നത്; വിട പറഞ്ഞ ആ മനീഷിക്കുള്ള ശ്രദ്ധാഞ്ജലിയായി. 


 സഹപ്രവർത്തകൻ അഖിലേഷ് കുമാറും സാഠെയും വന്ദേ ഭാരത് മിഷനിൽ വിദേശങ്ങളിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരുന്ന ദൗത്യ  സേനയിലെ കണ്ണികളായിരുന്നു. രണ്ടുപേരും നമ്മോടൊപ്പമില്ല. 1981 മുതൽ നാലു പതിറ്റാണ്ടിനടുത്ത പാരമ്പര്യമുള്ള പൈലറ്റാണ് സാഠെ.  എയർ ഫോഴ്സ് അക്കാദമിയിൽനിന്ന് സ്വോഡ് ഓഫ് ഹോണർ ലഭിച്ച, ഇന്ത്യൻ എയർ ഫോഴ്‌സിൽ യുദ്ധവിമാനങ്ങളുടെ പരീക്ഷണ പറക്കൽ പരിശോധനയുടെ നേതൃത്വത്തിൽ ഉണ്ടായിരുന്ന വിങ് കമാൻഡർ 2005 മുതലാണ് എയർ ഇന്ത്യയിൽ പൈലറ്റാകുന്നത്. എത്രയോ തവണ കരിപ്പൂരിൽ ബോയിങ് 737 വിമാനങ്ങൾ ഇറക്കി സ്വാനുഭവമുള്ള വ്യക്തിയിൽനിന്നും അബദ്ധം സംഭവിച്ചതല്ല ദുരന്ത കാരണമെന്ന് ലോകം വിശ്വസിക്കുന്നു. 


നാഷണൽ ഡിഫൻസ് അക്കാദമിയിലാണ് പഠിച്ചത്. ആരെയും സഹായിക്കുന്ന മനഃസ്ഥിതിയുള്ള പ്രകൃതം. അറബ് നാടുകളിലെ ഇന്ത്യക്കാരെ തിരികെ കൊണ്ടുവരുന്നതിൽ അതീവ സന്തുഷ്ടി പ്രകടിപ്പിച്ചിരുന്നതായി അദ്ദേഹത്തിന്റെ കസിനും സുഹൃത്തുമായ നീലേഷ് സാഠെയുടെ സാക്ഷ്യപ്പെടുത്തൽ എല്ലാവരുടെയും മനം കവരും. ദുരന്ത കാരണമെന്തായാലും സാഠെയുടെ സ്ഥാനത്ത് മറ്റൊരാളായിരുന്നെങ്കിൽ ദുരന്തത്തിന്റെ ആഘാതം ഇതാകുമായിരുന്നില്ലെന്ന് പറയാൻ പറ്റുന്ന വിധത്തിലാണ് സംഭവ ഗതികൾ. ഒരു പട്ടാളക്കാരൻ ജനിച്ചത് വീരമൃത്യു വരിക്കാനാണെന്ന വാക്കുകൾ അന്വർത്ഥമാക്കിക്കൊണ്ട് പരമാവധി സഹയാത്രികരെയും ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിക്കൊണ്ടാണ് സാഠെ പോയത്.


2977 ആളുകളാണ് വേൾഡ് ട്രേഡ് സെന്റർ ദുരന്തത്തിൽ കത്തിക്കരിഞ്ഞത്. കൃത്രിമ സംയുക്തങ്ങൾ ചേർത്തുള്ള അതിസാന്ദ്രമായ ഇന്ധനമാണ് ജെറ്റ് ഫ്യുവൽ. ഒരു വിമാനം തകർന്നുവീഴുകയോ ഇടിച്ചിറക്കപ്പെടുകയോ ചെയ്യുമ്പോൾ ഫ്യുവൽ ടാങ്ക് കത്തുകയും ഉഗ്രശേഷിയുള്ള സ്‌ഫോടനം നടക്കുകയും മിക്കവാറും എയർ ക്രാഫ്റ്റിലുള്ള മുഴുവനാളുകളും മരിക്കാനിട വരികയും ചെയ്യും. സമാനമായ മംഗലാപുരം ദുരന്തത്തിൽ 160ൽ 158 പേരും മരിക്കുകയുണ്ടായി. ദുബായിൽനിന്നുള്ള എയർ ഇന്ത്യാ എക്‌സ്പ്രസിന്റെ തന്നെ ബോയിങ് 737 വിമാനമായിരുന്നു അന്നും ദുരന്തത്തിൽ പെട്ടത്. സൈബീരിയക്കാരൻ പൈലറ്റ് ഗ്ലുസിക്കക്ക്  കൺട്രോൾ റൂമുമായി ആശയവിനിമയത്തിൽ വന്ന തെറ്റിദ്ധാരണയാണ് അന്നത്തെ ദുരന്ത കാരണമെന്ന് പിന്നീട് തെളിഞ്ഞു. അദ്ദേഹം അന്നത്തെ യാത്രക്കിടെ ഒന്നര മണിക്കൂർ ഉറങ്ങിയതും ആദ്യമായി കോക്പിറ്റ് ശബ്ദലേഖന യന്ത്രത്തിൽ കൂർക്കംവലി കയറിപ്പറ്റിയതും ചരിത്രമായി.


 കരിപ്പൂരിലെ ദുഃഖവെള്ളിയാഴ്ചയുടെ കാരണങ്ങളെപ്പറ്റി ചർച്ചകൾ നടക്കുമ്പോൾ മംഗലാപുരം ദുരന്തവും ഓർമയിലേക്ക് വരും. ടേബിൾ ടോപ് റൺവേ ആയതുകൊണ്ടാണ് അപകടം സംഭവിച്ചതെന്ന് അന്ന് ശക്തമായ പ്രചാരണമുണ്ടായിരുന്നു. കരിപ്പൂരും ടേബിൾടോപാണ് വില്ലനെന്ന് തുടക്കം മുതലേ കുറ്റപ്പെടുത്തുന്നവരുണ്ട്. ദുരുപദിഷ്ടമാണ് ഈ ആരോപണം. വൈഡ് ബോഡി വിമാനങ്ങൾക്ക് ഇറങ്ങാവുന്ന 2700 മീറ്റർ റൺവേ കരിപ്പൂരിനുണ്ട്. കോഡ് സി ഗണത്തിൽ പെടുന്ന ബോയിങ് 737 ന് വേണ്ടത് 1500-1800 മീറ്റർ റൺവേ ആണെന്നിരിക്കേ ഈ ആരോപണം ശരിയാവില്ല. അതുപോലെ തന്നെയാണ് പൈലറ്റിന് ഒപ്റ്റിക്കൽ ഇല്യൂഷൻ (മായക്കാഴ്ച) ഉണ്ടായിട്ടുണ്ടാകാം എന്ന നിഗമനവും. 700 മീറ്റർ കാഴ്ച വേണ്ടിടത്ത് 2000 മീറ്റർ കാഴ്ച സാധ്യമായിരുന്നുവെന്ന് അറിയുന്നു. 
20 മിനിട്ടിലേറെ സമയമെടുത്ത് രണ്ട് വട്ടംചുറ്റലിനു ശേഷമാണ് വിമാനം റൺവേയുടെ മധ്യത്തിൽ ഇടിച്ചിറക്കുന്നത്. അപ്പോഴേക്കും എൻജിൻ ഓഫാക്കിയിട്ടുണ്ടായിരുന്നു. ഇറങ്ങുന്നതിന്റെ മുമ്പു തന്നെ ഭീകര ശബ്ദങ്ങൾ ഉണ്ടായതായി യാത്രക്കാരും പറയുന്നു. ഇത് സൂചിപ്പിക്കുന്നത് പുറത്തുനിന്നുള്ള ആകസ്മികമായ പ്രതിസന്ധിയല്ല, പകരം എയർ ക്രാഫ്റ്റിന്റെ തകരാർ കൊണ്ടുണ്ടായ പ്രതിസന്ധിയാണെന്നാണ്. അതൊക്കെ അന്വേഷണത്തിന് ശേഷം വ്യക്തമാവേണ്ട കാര്യങ്ങളാണ്. 


 ഓരോ ദുരന്തങ്ങളും ഒരുപാട് പാഠങ്ങൾ കൂടി സമ്മാനിക്കും. ഇവിടെ നന്മയുടെയും കനിവിന്റെയും ഉറവവറ്റാത്ത മുഖങ്ങളാണ് ബാക്കിയാവുന്നത്. വിമാനത്തിലെ ഇന്ധനം തീരും വരെ ആകാശ പേടകം നിലത്തിറക്കാതെയും എൻജിൻ ഓഫാക്കിയും വൻ ദുരന്തത്തിൽനിന്നും കാത്ത ദീപക് സാഠെ, ഔദ്യോഗിക സംവിധാനങ്ങളെ കാത്തിരിക്കാതെ, എല്ലാം മറന്ന്  ഭൂമിയിലെ  മാലാഖാമാരായ കരിപ്പൂരിലെ ചെറുപ്പക്കാർ, ടാക്‌സി ഡ്രൈവർമാർ, കൊണ്ടോട്ടിയുടെ എം.എൽ.എ ടി.വി. ഇബ്രാഹീം, എം.പിമാർ, മറ്റു ജനപ്രതിനിധികൾ... ഒന്നര മണിക്കൂർ കൊണ്ട് പരിസരത്തെ 12 ആശുപത്രികളിലേക്ക് യാത്രക്കാരെ എത്തിക്കാൻ കഴിഞ്ഞത് ദുരന്തത്തിന്റെ ആഘാതം കുറച്ചുവെന്നത് രക്ഷാദൗത്യ ചരിത്രത്തിൽ തങ്കലിപികളിൽ എഴുതേണ്ട അധ്യായമാണ്.


 മനുഷ്യനെന്നത് മഹാപ്രതീക്ഷയാണ്. ദൈവത്തിന്റെ പ്രാതിനിധ്യം പേറുന്നതിനാൽ സംസ്‌കൃത ചിത്തരായ മനുഷ്യരുള്ളിടത്ത് ദുരന്തങ്ങൾക്ക് ആവേഗം കുറയും. വീണ്ടും ജീവിതം തളിരിടും. കരിപ്പൂരിൽ മാത്രമല്ല, മൂന്നാറിലെ രാജമല ദുരന്തത്തിലും ഈ കാഴ്ച അവാച്യമാണ്. 'തീർച്ചയായും ആ വിശ്വസ്ത ദൗത്യം ആകാശങ്ങളുടെയും ഭൂമിയുടെയും പർവതങ്ങളുടെയും മുമ്പാകെ എടുത്തുകാട്ടുകയുണ്ടായി. എന്നാൽ അത് ഏറ്റെടുക്കുന്നതിന് അവ വിസമ്മതിച്ചു. അതിനെപ്പറ്റി അവർക്ക് പേടി തോന്നുകയും ചെയ്തു. മനുഷ്യൻ അതേറ്റെടുത്തു.' എന്ന് ദൈവം തന്നെ സാക്ഷ്യപ്പെടുത്തുന്നു (വി.ഖു. 33:72).
 ജീവിക്കാൻ, ജീവൻ സംരക്ഷിക്കാൻ, സ്‌നേഹിക്കാൻ, ഒരു പൈതൃകം അവശേഷിപ്പിച്ചുകൊണ്ട് മരിക്കാൻ വിലപ്പെട്ട പാഠങ്ങൾ നൽകുകയായിരുന്നു കരിപ്പൂരിന്റെ കണ്ണുനീർ. ദീപക് തെളിച്ച സ്‌നേഹദീപം അണയാതിരിക്കട്ടെ.   

 

Latest News